Categories: India

നാല് വയസുള്ള മകനെ കൊലപ്പെടുത്തി ബാഗിലാക്കി; സ്റ്റാര്‍ട്ടപ്പ് സിഇഒ ആയ യുവതി അറസ്റ്റില്‍

യുവതി മലയാളിയായ ഭര്‍ത്താവുമായി അകല്‍ച്ചയിലാണെന്ന് മൊഴി നല്‍കി

Published by

ബംഗളൂരു:സ്റ്റാര്‍ട്ടപ്പ് സിഇഒ ആയ യുവതി നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റില്‍. പശ്ചിമബംഗാള്‍ സ്വദേശിനി സുചന സേത്ത് (39) ആണ് അറസ്റ്റിലായത്. ബംഗളുരുവിലാണ് യുവതി ജോലി ചെയ്യുന്നത്.

ഗോവയിലെ സര്‍വീസ് അപ്പാര്‍ട്ട്മെന്റില്‍ വച്ച് നാല് വയസുള്ള മകനെ കൊലപ്പെടുത്തിയ യുവതി മൃതദേഹം ബാഗിലാക്കി ടാക്‌സിയില്‍ രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

യുവതി മലയാളിയായ ഭര്‍ത്താവുമായി അകല്‍ച്ചയിലാണെന്ന് മൊഴി നല്‍കിയെന്നും കൊലപാതകത്തിന് കാരണം ഇതാകാമെന്നുമാണ് പൊലീസ് സംശയിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച യുവതി ഗോവയിലെ ആഡംബര ഹോട്ടലില്‍ കുട്ടിയുമായി എത്തി മുറിയെടുത്തിരുന്നു.തിങ്കളാഴ്ച രാവിലെ തിരികെ പോകുമ്പോള്‍ യുവതിക്കൊപ്പം കുട്ടി ഉണ്ടായിരുന്നില്ല.

യുവതി പോയതോടെ ജീവനക്കാരിലൊരാള്‍ മുറി വൃത്തിയാക്കാനെത്തി. ഈ സമയം കിടക്കയില്‍ രക്തക്കറ കണ്ട് മാനേജരെ കാര്യം അറിയിക്കുകയായിരുന്നു.ഗോവ പൊലീസിന് വിവരം കൈമാറിയ പ്രകാരം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ്, പ്രതി മകനില്ലാതെ ഹോട്ടല്‍ വിട്ട് ബാഗുമായി പോകുന്നത് കണ്ടു.

ബംളൂരുവിലേക്ക് പോകാന്‍ യുവതിയുടെ ആവശ്യപ്രകാരം ടാക്‌സി ഏര്‍പ്പാടാക്കിയത് റിസപ്ഷനിസ്റ്റാണ്. പൊലീസ് ടാക്‌സി ഡ്രൈവറെ ബന്ധപ്പെട്ട് യുവതിയുമായി അടുത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് രഹസ്യമായി എത്താന്‍ ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഡ്രൈവര്‍ ചിത്രദുര്‍ഗയിലെ പൊലീസ് സ്റ്റേഷനിലേക്ക് യുവതിയെ എത്തിച്ചു. പരിശോധനയില്‍ കുട്ടിയുടെ മൃതദേഹം ബാഗില്‍ കണ്ടെത്തി. പിന്നാലെ യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by