അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാച്ചടങ്ങിനുള്ള ക്ഷണപത്രം ഏറ്റുവാങ്ങി പൂര്‍ണിമ കോഠാരി, രാമിന്റെയും ശരത്തിന്റെയും ചിത്രത്തിനു മുന്നില്‍ സമര്‍പ്പിച്ചു. ഹൃദയം വിതുമ്പിയെങ്കിലും അവള് കണ്ണീര് പൊഴിച്ചില്ല. ഇത് അഭിമാന മുഹൂര്‍ത്തമെന്നായിരുന്നു പൂര്‍ണിമയുടെ പ്രതികരണം.
മുലായംസിങ് യാദവിന്റെ എല്ലാ വെല്ലുവിളികളെയും അതിജീവിച്ച് 1990ലെ പ്രതീകാത്മക കര്‍സേവ പൂര്‍ത്തീകരിച്ചത് പൂര്‍ണിമയുടെ സഹോദരര്‍ രാം കോഠാരിയും ശരത് കോഠാരിയുമായിരുന്നു. ശരത് തര്‍ക്കമന്ദിരത്തിനു മുകളില്‍ കാവിപതാക പാറിച്ചു. രാം വന്ദേമാതരം മുഴക്കി. ലോകം ആ വാര്‍ത്ത കേട്ടത് ആവേശത്തോടെയാണ്. നവംബര്‍ രണ്ടിന് അയോദ്ധ്യയില്‍ രാമനാമ സങ്കീര്‍ത്തന റാലി നയിച്ച കോഠാരി സഹോദരന്മാരെ പോലീസ് വെടിവച്ചുവീഴ്ത്തി.
പ്രാണനെക്കാള്‍ പ്രിയരായ സഹോദരന്മാര് രാമകാര്യ പൂര്‍ത്തീകരണത്തിന് ശേഷമാണ് ബലിദാനികളായതെന്ന് പൂര്‍ണിമ ചൂണ്ടിക്കാട്ടുന്നു. അവര്‍ കര്‍സേവയ്ക്കു പോകുംമുമ്പായിരുന്നു പൂര്‍ണിമയുടെ വിവാഹ നിശ്ചയം. ആ ധീരബലിദാനത്തിനു ശേഷം രാമക്ഷേത്രം സാധ്യമാകും വരെ വിവാഹം വേണ്ടെന്ന് പൂര്‍ണിമ ശപഥമെടുത്തു…
‘നവംബര്‍ രണ്ടിന്റെ രാത്രിയില്‍ നഗരത്തില്‍ നിന്ന് താമസിച്ചാണ് അച്ഛന് ഹിരാലാല്‍ വീട്ടിലെത്തിയത്. അരമുറി ചപ്പാത്തി കഴിച്ച് അദ്ദേഹം മുറിയില്‍ കയറി. അമ്മയോടും എന്നോടും ഒന്നും മിണ്ടിയില്ല. അയോദ്ധ്യയിലേക്കു പോയ മക്കളെ ഓര്‍ത്ത് അമ്മ പ്രാര്‍ത്ഥനയിലായിരുന്നു. ദൂരദര്‍ശനില്‍ മുലായംസിങ്ങിന്റെ പ്രസ്താവനകളല്ലാതെ ഒന്നുമുണ്ടായിരുന്നില്ല. പിറ്റേന്ന് വീട്ടിലെത്തിയ അമ്മാവന്മാര് നിശ്ശബ്ദരായിരുന്നു. ആ യാഥാര്‍ത്ഥ്യത്തിലേക്ക് ഞങ്ങള്‍ പതുക്കെയാണ് എത്തിച്ചേര്‍ന്നത്.
എനിക്ക് രാമിനെയും ശരത്തിനെയും നന്നായറിയുമായിരുന്നു. വിജയം അല്ലെങ്കില്‍ ബലിദാനം എന്ന് അവര്‍ പലപ്പോഴും പറയും. തര്‍ക്ക മന്ദിരത്തിന്റെ താഴികക്കുടത്തില്‍ കാവിക്കൊടി പാറിച്ചത് ശരതും രാമുമാണെന്നറിഞ്ഞപ്പോള്‍ ബലിദാനത്തിന്റെ അടങ്ങാത്ത നീറ്റലിലും ഞാന്‍ ആവേശഭരിതയായി… ഞങ്ങളുടെ ലോകത്തുനിന്ന് അവര്‍ പോയെന്ന അറിവിലേക്കെത്താന്‍ ഞാന്‍ പിന്നെയും സമയമെടുത്തു. രാമക്ഷേത്രം പൂര്‍ത്തിയാകും വരെ വിവാഹം വേണ്ടെന്ന് അച്ഛനമ്മമാരോടു പറഞ്ഞു. അവര്‍ ഒന്നും മിണ്ടിയില്ല.
1992 ഡിസംബര്‍ ആറിന് തര്‍ക്കമന്ദിരം തകര്‍ന്നതിനു ശേഷം അശോക് സിംഘല്‍ജി വീട്ടിലെത്തി. ബാലകരാമന് താത്കാലികക്ഷേത്രം നിര്‍മിച്ചെന്നും തീരുമാനം തിരുത്തണമെന്നും രാമും ശരത്തും അതാണാഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഞാനും അമ്മയും 91നു ശേഷം എല്ലാ വര്‍ഷവും അയോദ്ധ്യയില്‍ പോകും. അവര്‍ ജീവന് ബലിയര്‍പ്പിച്ച രാമപാതയിലൂടെ നടക്കും. രാംലല്ലയെ തൊഴുതുമടങ്ങും. അമ്മയ്ക്ക് കണ്ണീരൊഴുക്കാതെ അവിടെ നില്‍ക്കാനാകില്ല. ഒരിക്കല്‍ അയോദ്ധ്യയിലെത്തിയപ്പോള്‍ സുരക്ഷാ സൈനികരിലൊരാള്‍ അമ്മയുടെ കാല് തൊട്ട് തൊഴുതു. അയാള്‍ കരയുന്നുണ്ടായിരുന്നു. എന്റെ സഹോദരങ്ങള്‍ അമരരാണെന്നതിനപ്പുറം അഭിമാനം വേറെന്താണ്? 2020ല്‍ ഭൂമിപൂജയ്ക്കു പോയി. പ്രാണപ്രതിഷ്ഠയ്ക്കു പോകാനുള്ള തയാറെടുപ്പിലാണ് ഇപ്പോള്‍’, പൂര്‍ണിമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: