സ്വര്‍ഗീയ പരമേശ്വര്‍ജിയെക്കുറിച്ച് ഈ സദസ്സിനോട് എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ സ്വര്‍ഗീയ പരമേശ്വര്‍ജിയുടെ എന്നെ സ്പര്‍ശിച്ച രണ്ട് പ്രവര്‍ത്തനങ്ങളുണ്ട്. രാമായണമാസചാരണത്തിന് വിജയകരമായ നേതൃത്വം നല്‍കിയതാണ് ഇതിലൊന്ന്. ദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റികോര്ട്ട് അംഗമായിരുന്നതാണ് മറ്റൊന്ന്. ഞാനവിടെ വിദ്യാര്‍ത്ഥിയുമായിരുന്നു.
നീതിപൂര്‍വമായ ഒരു പുത്തന്‍ ലോകക്രമത്തിനുവേണ്ടി ഭാരതത്തിന് എന്ത് ചെയ്യാനാവും എന്നതിനെക്കുറിച്ചാണ് ഞാന്‍ മുഖ്യമായും നിങ്ങളോട് സംസാരിക്കാന്‍ ആഗ്രഹിക്കുന്നത്. ആത്മനിര്‍ഭര ഭാരതത്തിനായുള്ള ദാഹമാണ് ഈ ഉദ്യമത്തിന്റെ കാതല്‍. കുറച്ചുദിവസം മുന്‍പ് ഞാന്‍ പ്രകാശനം ചെയ്ത ഒരു പുസ്തകത്തിന്റെ ആശയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ഞാന്‍ ഈ വിഷയത്തെ സമീപിക്കാം. രാമായണത്തിന്റെ കാഴ്ചപ്പാടില്‍ ഇന്നത്തെ ലോകത്തെ നോക്കിക്കാണുന്ന പുസ്തകമാണത്.
സ്വാഭാവികമായും ഇത് നയതന്ത്രത്തിന്റെയും അന്തര്‍ദേശീയതയുടെയും രാഷ്ട്രതന്ത്രത്തിന്റെയുമൊക്കെ ലോകമാണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാവും. 2024 നെക്കുറിച്ചാണല്ലോ നാം പറയുന്നത്. പിന്നെ എന്തുകൊണ്ടാണ് പ്രാചീനകാലത്തെ രാമായണത്തിന്റെ കണ്ണിലൂടെ ഈ കാര്യങ്ങളെ നോക്കിക്കാണുന്നത്? പാരമ്പര്യത്തിന് നമ്മെ വളരെയധികം പഠിപ്പിക്കാനുണ്ട് എന്നാണ് ഞാന്‍ കരുതുന്നത്. ഒരു ജനതയെന്ന നിലയ്ക്ക് നമ്മള് അധികാധികം ആത്മവിശ്വാസം നേടിക്കൊണ്ടിരിക്കുമ്പോള്‍ പരമേശ്വര്‍ജിയെപ്പോലുള്ളവര്‍ വളരെ വര്‍ഷം മുന്‍പുതന്നെ എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് നാം കണ്ടെത്തുകയാണ്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ഭാരതീയര്‍ക്കും ലോകത്തെ വളരെയധികമാളുകള്ക്കും യോഗ എന്നത് ഏറ്റവും സ്വാഭാവികമായിരിക്കുകയാണ്. കൂടുതല്‍ ആത്മബോധം ആര്‍ജിക്കുന്നതിന്റെയും ബോധവല്‍ക്കരണത്തിന്റെയും ഫലമായി യോഗയുടെ വിശ്വാസ്യത വര്‍ധിക്കുകയും അത് പരിശീലിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയുമാണ്. മാനവരാശിയുടെ അസാധാരണ പൈതൃകമാണിത്. കൊവിഡ് മഹാമാരിയുടെ കാലത്ത് പ്രശ്നങ്ങളെ നേരിടുന്നതിനും പരിഹരിക്കുന്നതിനും വളരെയധികം ജനങ്ങള്‍ യോഗയെ ആശ്രയിക്കുകയുണ്ടായി. മഹാമാരിക്കെതിരെ മുന്‍കരുതല്‍ എടുക്കുന്നതിനും ഇത് ഉപകരിച്ചു. കുറച്ചുവര്‍ഷം മുന്‍പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരം ലോകാരോഗ്യസംഘടന പാരമ്പര്യചികിത്സാരീതികളുടെ ആഗോളകേന്ദ്രം ഭാരതത്തില്‍ ആരംഭിക്കാന്‍ തീരുമാനിക്കുകയുണ്ടായി. ഞാന്‍ മറ്റൊരു ഉദാഹരണം പറയാം. ചെറുധാന്യങ്ങളുടെ അന്താരാഷ്ട്ര വര്‍ഷം ആചരിക്കണമെന്ന ആവശ്യവുമായി നാം ഐക്യരാഷ്ട്രസഭയെ സമീപിക്കുകയുണ്ടായി. ഇത് ഒരു പ്രമേയം മാത്രമായിരുന്നില്ല. ധാന്യത്തിന് മനുഷ്യരാശിയോളം പഴക്കമുണ്ട്. കാലങ്ങളായി നമ്മളൊക്കെ ചെറുധാന്യങ്ങള്‍ ഭക്ഷിക്കുന്നവരാണല്ലോ. ഇതിനിടെ എപ്പോഴോ ഇവയുടെ പ്രാധാന്യം വിസ്മരിക്കപ്പെട്ടു. ഇന്ന് ചെറുധാന്യങ്ങള്‍ക്ക് വളരെയധികം പോഷകാംശമുണ്ടെന്ന് തിരിച്ചറിയുകയാണ്. ചെറുകൃഷിയിടങ്ങളിലും ഇത് വ്യാപകമായി കൃഷി ചെയ്യാനാവും. ആരോഗ്യദായകവുമാണ്. സാമ്പത്തികലാഭം കൊണ്ടുവരികയും ചെയ്യും. ഇങ്ങനെയൊക്കെയായിരുന്നിട്ടും പതിറ്റാണ്ടുകളായി ചെറുധാന്യങ്ങളെ മറന്നുകളഞ്ഞിരിക്കുകയായിരുന്നു.
പാരമ്പര്യത്തിന്റെ മൂല്യത്തെക്കുറിച്ചാണ് രാമായണം നമ്മെ പഠിപ്പിക്കുന്നത്. പാരമ്പര്യത്തെയും ആധുനികതയെയും പരസ്പരവിരുദ്ധമായി കാണുന്ന രീതിയുണ്ട്. പാരമ്പര്യബോധമില്ലാതെയാണ് ആധുനികതയെ സമീപിക്കുന്നത്. താന്‍ എന്താണെന്ന് അറിയാതെ മറ്റെന്തോ ആയിത്തീരാന്‍ ശ്രമിക്കുന്നതുപോലെയാണിത്. എവിടെനിന്നാണ് നമ്മള് വരുന്നതെന്ന് അറിയുന്നില്ലെങ്കില്‍ എങ്ങോട്ട് പോകണമെന്നും അറിയാനാവില്ല.
ഇതിഹാസമായ രാമായണത്തെക്കുറിച്ച് തലമുറകളായി കഥകളിലൂടെയും മറ്റും നമുക്ക് അറിയാവുന്നതാണ്. പക്ഷേ വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അവരുടേതായ കണ്ണുകളിലൂടെയാണ് രാമായണത്തെ കാണുന്നത്. ഒരു ഡോക്ടര്‍ വൈദ്യശാസ്ത്രപരമായ കാഴ്ചപ്പാടിലൂടെയാവും രാമായണത്തെ കാണുക. മറ്റു ചിലര്‍ രാമായണത്തിലെ യാത്രകളെക്കുറിച്ചാവും ശ്രദ്ധിക്കുക. ഞാന്‍ രാമായണത്തെ കാണുന്നത് രാഷ്ട്രീയത്തിന്റെയും നയതന്ത്രത്തിന്റെയും കാഴ്ചപ്പാടിലൂടെയാണ്. ഇക്കാര്യത്തില്‍ രാമായണത്തില്‍നിന്ന് വളരെയധികം പഠിക്കാനുണ്ട്.
ആഗോളവല്‍ക്കരണത്തിന്റെ ഇക്കാലത്ത് എന്നെപ്പോലൊരാള്‍ക്ക് പാരമ്പര്യത്തില്‍നിന്നും പൈതൃകത്തില്‍നിന്നും ലഭിക്കുന്ന അറിവുകള്‍ വിലപ്പെട്ടതാണ്. ഇവയില്‍ നിരവധി ആഖ്യാനങ്ങളുണ്ട്. ആഖ്യാനങ്ങള്‍ അവര്‍ക്ക് മാത്രമല്ല, നമുക്കുമുണ്ട് എന്നര്‍ത്ഥം. പാരമ്പര്യത്തെയും പൈതൃകത്തെയും മാനിക്കാതെ എല്ലാം ഒന്നുപോലെയാണെന്ന് പറയുന്നത് ആധിപത്യത്തിന്റെ പുതുരീതിയാണ്. രാഷ്ട്രങ്ങള്‍ വ്യത്യസ്തമാണ്. സംസ്കാരങ്ങള്‍ വ്യത്യസ്തമാണ്. ജനങ്ങള്‍ വ്യത്യസ്തരാണ്. നമ്മളെല്ലാം സ്വന്തം സംസ്കാരത്തിലും പൈതൃകത്തിലും അഭിമാനിക്കുന്നവരാണ്. വികസിത ഭാരതം, ആത്മനിര്‍ഭര ഭാരതം ലോകത്തെ രൂപപ്പെടുത്തുകയാണ്. നമ്മള് ആരാണെന്നറിയുമ്പോഴാണ് ഈ മാറ്റം കൂടുതല്‍ മുന്നോട്ടുപോവുക.
രാമായണം എന്താണ് ഒരു നയതന്ത്രജ്ഞനെ പഠിപ്പിക്കുന്നത് എന്നു നോക്കാം. നിയമങ്ങള്‍ ഭരിക്കുന്ന ഒരു വ്യവസ്ഥിതിയെക്കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ച. ലോകത്ത് ഇരുന്നൂറോളം രാജ്യങ്ങളുണ്ട്. ഇവയ്ക്കു ഇടപെടുന്നതിന് നിയമങ്ങളും വ്യവസ്ഥകളും ആവശ്യമാണ്. ഇതൊരു പുതിയ ലോകക്രമമാണ്. ക്രമം എന്നു പറഞ്ഞാല്‍ തന്നെ നിയമങ്ങളാണ്. പക്ഷേ എങ്ങനെയാണ് നല്ല നിയമങ്ങളെയും മോശം നിയമങ്ങളെയും തിരിച്ചറിയുക? രാമായണത്തിലൂടെ ഇതിനു കഴിയും. സല്‍സ്വഭാവമാണ് ഇതിന്റെ അടിസ്ഥാനം. രാമന്റെ സല്ഗുണങ്ങളുമായാണ് നാം ഇടപെടുന്നത്. നിയമങ്ങള്‍ ഭരിക്കുന്ന ഒരു വ്യവസ്ഥിതിയില്‍ എന്താണോ ഒരു വ്യക്തിയുടെ സ്വഭാവം, അതുതന്നെയായിരിക്കണം ഒരു രാഷ്ട്രത്തിന്റെ സ്വഭാവവും. ഒരു നയതന്ത്രജ്ഞന് ഇടപഴകേണ്ടിവരുന്നത് എപ്പോഴും നല്ലയാളുകളുമായിട്ടായിരിക്കില്ല.
ധാര്‍മികതയും അതനുസരിച്ചുള്ള തത്ത്വങ്ങളുമായിരിക്കണം രീതി. ഈ രീതി പിന്തുടരുമ്പോള് ചിലപ്പോള്‍ വ്യത്യസ്തമായി പെരുമാറേണ്ടിവരാം. രാമന്റെ ജീവിതത്തിലും ഇതു കാണാനാവും. പക്ഷേ രാമന്റെ കര്‍മങ്ങളെ സമഗ്രമായെടുക്കുമ്പോള് അത് നമുക്ക് ഇക്കാലത്തും സ്വീകാര്യമാവുന്നു. അന്താരാഷ്ട്ര ബന്ധങ്ങളുടെ കാര്യത്തില്‍ ഞാന്‍ മറ്റൊരു ഉദാഹരണം പറയാം. രാമന്റെ ജീവിതത്തില്‍ നിരവധി പരീക്ഷണങ്ങളെ നേരിടേണ്ടിവന്നു. രാഷ്ട്രജീവിതത്തിലും ഇതുണ്ടാവുന്നു. ആണവപരീക്ഷണം നടത്തുമ്പോഴും സമ്പദ്വ്യവസ്ഥയെ കൈകാര്യം ചെയ്യേണ്ടിവരുമ്പോഴും ഇതുതന്നെയാണ് സ്ഥിതി. രാമനെ പരശുരാമന് പരീക്ഷിച്ചതുപോലെ നമുക്കും ചില പരീക്ഷണഘട്ടങ്ങളെ നേരിടേണ്ടിവന്നേക്കാം. നമ്മുടെ അയല്‍രാജ്യങ്ങള്‍ നമ്മെ പരീക്ഷിച്ചേക്കാം. ചരിത്രത്തില്‍ ഇത്തരം പരീക്ഷണങ്ങളുടെ ഒരു പരമ്പരതന്നെ രാഷ്ട്രത്തിനുണ്ടാവാം. രാഷ്ട്രം സാധാരണ ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കൂടിയുള്ളതാണ്.
ഇക്കാലത്ത് ആഗോള നന്മയെക്കുറിച്ചാണ് ജനങ്ങള്‍ അധികവും സംസാരിക്കുന്നത്. ഇതിനുവേണ്ടിയാണ് രാജ്യം നിലകൊള്ളേണ്ടതെന്നും പറയുന്നു. മാക്യവെല്ലിയെക്കുറിച്ചും ഹെന്റി കിസിഞ്ചറെക്കുറിച്ചും ആളുകള്‍ വാചാലരാവുന്നു. ഇവരൊക്കെ വലിയ മനുഷ്യര്‍ തന്നെ. പക്ഷേ ഭാരതത്തെക്കുറിച്ചും ഭാരതത്തിന് ലോകത്ത് ചെലുത്താന്‍ കഴിയുന്ന സ്വാധീനത്തെക്കുറിച്ചും ചിന്തിക്കേണ്ടിവരുമ്പോള്‍ സ്വന്തം പാരമ്പര്യത്തില്‍നിന്ന് പ്രേരണ ഉള്‍ക്കൊള്ളാന്‍ നാം തനതായ ആദര്‍ശവും മാതൃകയും സ്വീകരിക്കണം. വിദേശ നയരൂപീകരണത്തില്‍ ഇത് വളരെ പ്രധാനപ്പെട്ടതാണ്.
താന്‍ വളരെ ശക്തനാണെന്നും ആര്‍ക്കും തന്നെ വധിക്കാനാവില്ലെന്നും കരുതിയതാണ് രാവണന് സംഭവിച്ച അബദ്ധം. ഇങ്ങനെയൊരു വരവും സമ്പാദിച്ചിരുന്നുവല്ലോ. നാം ലോകത്തിന്റെ ചരിത്രം പരിശോധിക്കുകയാണെങ്കില്‍ വലിയ രാഷ്ട്രങ്ങളും ചെറുതെന്ന് അവര്‍ വിചാരിക്കുന്ന, വിലകുറച്ചു കാണുന്നവരില്‍നിന്ന് തിരിച്ചടിയേല്‍ക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് നാം ചിന്തിച്ചത് സ്വന്തം കരുത്തിനെക്കുറിച്ചാണ്. എന്താണ് പത്ത് വര്‍ഷംകൊണ്ട് സംഭവിച്ചത്? ഇക്കാലത്ത് കൊവിഡാണ് നമ്മുടെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മോശമായ കാര്യം. നൂറ്റാണ്ടിലൊരിക്കല്‍ മാത്രം വരുന്ന മഹാമാരിയാണിത്. എന്നാല്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ഭാരതം സ്വന്തമായി വാക്സിന് നിര്‍മിക്കുകയും, നൂറിലേറെ രാജ്യങ്ങള്‍ക്ക് അത് നല്‍കുകയും ചെയ്തു. സാമ്പത്തിക വളര്‍ച്ച വീണ്ടെടുക്കാനും നമുക്ക് കഴിഞ്ഞു. ഇപ്പോഴിതാ ബഹിരാകാശ രംഗത്തും ഭാരതം വന്‍ വിജയം നേടിയിരിക്കുന്നു. ആദിത്യയ്ക്കു മുന്‍പ് നാം ചന്ദ്രയാന്‍ വിജയം നേടി. ഇത് മറ്റ് രാജ്യങ്ങളില്‍ പ്രത്യേകിച്ച് ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കന്‍ രാജ്യങ്ങളിലും വലിയ പ്രഭാവമാണുണ്ടാക്കിയത്. ഭാരതം സ്വന്തം പ്രതിഭയും നൈപുണ്യവും തെളിയിക്കുന്നതാണ് അവര്‍ കണ്ടത്.
വിദേശരാജ്യങ്ങളില്‍ പര്യടനം നടത്തുമ്പോള്‍ ആളുകള്‍ക്ക് അറിയേണ്ടത് രാഷ്ട്രീയത്തെക്കുറിച്ചോ സാമ്പത്തികവളര്ച്ചയെക്കുറിച്ചോ അല്ല, നമ്മുടെ ഡിജിറ്റല്‍ സാങ്കേതിക വിദ്യയെക്കുറിച്ചാണ്. ആവാസ്, ജന്‍ധന്‍ യോജന എന്നിവയെക്കുറിച്ചാണ് അവര്‍ ചോദിക്കുന്നത്. ഇതുവഴി ജനങ്ങള്‍ക്ക് വന്‍തോതില്‍ സേവനങ്ങള്‍ ലഭിക്കുന്നതിനെക്കുറിച്ചാണ് അറിയേണ്ടത്. ഞാന്‍ ഒരു അറബ് രാഷ്ട്രം സന്ദര്‍ശിച്ചപ്പോള്‍ ജനങ്ങള്‍ക്ക് നല്കുന്ന സേവനങ്ങള്‍ അവര്‍ക്ക് ലഭിക്കാതെ ഇടയ്ക്കുവച്ച് അപ്രത്യക്ഷമാവുന്നതിനെക്കുറിച്ച് കേള്‍ക്കുകയുണ്ടായി. ഇത് നമ്മുടെയും ചരിത്രമാണല്ലോ. പക്ഷേ ഇന്നത് സംഭവിക്കുന്നില്ല. സല്‍ഭരണവും ഡിജിറ്റല്‍ സാങ്കേതികവിദ്യയും സമന്വയിക്കുന്നതുകൊണ്ടാണിത്. അതിനാല്‍ സ്വന്തം കരുത്ത് തിരിച്ചറിയുന്നതിലൂടെയാണ് ലോകത്തെ രൂപപ്പെടുത്തുന്നതിലും നമുക്ക് പങ്ക് വഹിക്കാനാവുക. ആഫ്രിക്കയെ ജി-20 ഉച്ചകോടിയില്‍ ഉള്‍പ്പെടുത്തുക വഴി പതിറ്റാണ്ടുകള്‍ പഴക്കമുള്ള വാഗ്ദാനം നിറവേറ്റുകയാണ് നമ്മള് ചെയ്ത്. എല്ലാ ജി20 ഉച്ചകോടിയിലും ഓരോരോ കാരണങ്ങള്‍ പറഞ്ഞ് മാറ്റിവച്ചുകൊണ്ടിരുന്ന ഒന്നാണിത്. ഇപ്പോഴാണ് നമുക്ക് വാഗ്ദാനം നിറവേറ്റാനായത്. ഇത് അടുത്തതവണ നോക്കാം എന്നല്ല മോദിജി പറഞ്ഞത്.
വികസനത്തിന്റെ കാര്യത്തിലും ഭാരതത്തിന്റെ നേതൃത്വം ഇന്ന് ഫലപ്രദമായി പ്രവര്‍ത്തിക്കുന്നു. 120ലേറെ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഗ്ലോബല്‍ സൗത്തിന് രൂപം നല്‍കിയത് നമ്മളാണ്. ജി-20 ഉച്ചകോടിക്കു മുന്‍പ് ഈ രാജ്യങ്ങളുടെ പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്നും, അവ പരിഹരിക്കാനുള്ള മാര്‍ഗങ്ങളെക്കുറിച്ചും നാം ചര്‍ച്ച ചെയ്യുകയുണ്ടായി. ഉച്ചകോടിക്കുശേഷവും നാം ഈ രാജ്യങ്ങളെ സമീപിച്ചു.
ഭാരതം എന്നത് ഒരു മനഃസ്ഥിതിയാണ്. അത് ഒരു ആത്മവിശ്വാസവുമാണ്. നാം ആരാണെന്ന് തിരിച്ചറിയലാണ്. ഇന്ന് നമ്മുടെ അയല്‍രാജ്യങ്ങള്‍ സുരക്ഷിതരായിരിക്കുന്നത് നാം ശക്തരായതുകൊണ്ടാണ്. ഇതിന്റെ ആദരവും നമുക്ക് ലഭിക്കുന്നു. കൊവിഡ് വാക്സിന്, 5ജി, ചന്ദ്രയാന്‍, ആദിത്യ എന്നിങ്ങനെയുള്ള നേട്ടങ്ങള്‍ അവര്‍ കാണുന്നു. വലിയ കാര്യങ്ങള്‍ ചെയ്യാന്‍ നാം തയ്യാറെടുക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: