പത്തനംതിട്ട: നിലയ്ക്കല്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസിനെ അധിക്ഷേപിക്കുകയും ബി ജെ പിയില്‍ ചേര്‍ന്ന വൈദികന് ഫാ. ഷൈജു കുര്യനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്ത ഫാ. ഡോ. മാത്യൂസ് വാഴക്കുന്നത്തിനെതിരെ നടപടി സ്വീകരിച്ച് ഓര്‍ത്തഡോക്സ് സഭ. നിലയ്ക്കല്‍ ഭദ്രാസനത്തിലെ വൈദികനായ ഫാ. ഡോ. മാത്യൂസ് വാഴക്കുന്നത്തിനെ സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും അന്വേഷണ വിധേയമായി മാറ്റി.
മാത്യൂസ് വാഴക്കുന്നത്തിനെ സഭയുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നും അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയതായി പരിശുദ്ധ കാതോലിക്കാ ബാവാ അറിയിച്ചു. പുരോഹിതനും കോളേജ് അധ്യാപകനുമെന്ന നിലയില്‍ മാതൃകാപരമായി പെരുമാറേണ്ട ഒരു വ്യക്തിയില്‍ നിന്നും ഇത്തരത്തിലുള്ള അപലപനീയവും ധിക്കാരപരവുമായ പെരുമാറ്റം അത്യന്തം ഖേദകരമാണെന്നും ബാവ കൂട്ടിച്ചേര്‍ത്തു.
ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം മെത്രാപ്പോലീത്ത ഡോ.ജോഷ്വാ മാര്‍ നിക്കോദിമോസിനെ സാമൂഹ്യ മാധ്യമങ്ങള്‍ വഴി അധിക്ഷേപിക്കുകയും വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഫാ ഷൈജു ആന്റണി ബി ജെ പിയില്‍ ചേര്‍ന്നതിനെ തുടര്‍ന്ന് ചാനല്‍ ചര്‍ച്ചയിലാണ് അദ്ദേഹത്തിനെതിരെ ഇടത് സഹയാത്രികന് കൂടിയായ ഫാ. ഡോ. മാത്യൂസ് വാഴക്കുന്നം ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്.
സഭാ മക്കളെ നേര്‍വഴി നടത്തേണ്ട ഒരു പുരോഹിതന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഈ ഹീനമായ പ്രവര്‍ത്തനം സഭാംഗങ്ങള്‍ മാത്രമല്ല, പൊതു സമൂഹംപോലും ഏറെ അത്ഭുതത്തോടെയാണ് കേട്ടത്.സഹോദര വൈദികനെതിരെ പരാതി ഉന്നയിക്കുവാന്‍ സഭാപരമോ നിയമപരമോ ആയ നടപടികള്‍ വഴി ഉണ്ടെന്നിരിക്കെ ചാനല്‍ ചര്‍ച്ചയില്‍ പരസ്യമായി കുറ്റാരോപണം നടത്തിയത് അച്ചടക്ക ലംഘനമാണ്.
അന്വേഷണത്തിന് നിയോഗിച്ചിരിക്കുന്ന സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും വരെ ഫാ. ഡോ. മാത്യൂസ് വാഴക്കുന്നത്തിനെ സഭയുടെ എല്ലാ ചുമതലകളില്‍നിന്നും മാ മാറ്റി നിര്‍ത്തിയിരിക്കുന്നതായി പരിശുദ്ധ ബാവാ പറഞ്ഞു.
നിലയ്ക്കല്‍ ഭദ്രാസനത്തില്‍ അടുത്തയിടെ ഉണ്ടായ പരാതികള്‍ പരിശോധിച്ച് ഒരു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത, ഫാ. വി . എം. എബ്രഹാം വാഴക്കല്‍, അഡ്വ. കെ. കെ. തോമസ് എന്നിവരെ പരിശുദ്ധ ബാവാ നിയമിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: