Categories: India

2024ല്‍ 1.75 ലക്ഷം പേര്‍ക്ക് ഹജ്ജിന് പോകാന്‍ അവസരം; സൗദിയുമായി കരാര്‍ ഒപ്പുവച്ച് ഭാരതം

Published by

ന്യൂദല്‍ഹി: ഭാരതത്തില്‍ നിന്ന് ഈ വര്‍ഷം 1,75,025 പേര്‍ക്ക് ഹജ്ജ് തീര്‍ത്ഥാടനത്തിന് അവസരം ലഭിക്കും. ഇതില്‍ 1,40,020 പേര്‍ ഹജ്ജ് കമ്മിറ്റി മുഖേനയും 35,005 പേര്‍ സ്വകാര്യ ഹജ്ജ് ഓപ്പറേറ്റര്‍മാര്‍ വഴിയുമാണ്. ഭാരതവും സൗദി അറേബ്യയും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് കരാറില്‍ ഇരുരാജ്യങ്ങളിലെയും മന്ത്രിമാര്‍ ഒപ്പുവച്ചു.

ജിദ്ദയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിയും സൗദി ഹജ്ജ്, ഉംറ കാര്യ വകുപ്പ് മന്ത്രി ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീഅയുമാണ് കരാറില്‍ ഒപ്പുവച്ചത്. കേന്ദ്രവിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍, ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ ഖാന്‍, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം, ഇരുരാജ്യങ്ങളില്‍ നിന്നുമുള്ള മറ്റു ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.

ഭാരതത്തില്‍ നിന്നുള്ള മുഴുവന്‍ തീര്‍ത്ഥാടകരുടെയും സമഗ്രമായ ക്ഷേമം ഉറപ്പാക്കുന്നതിനും ആവശ്യമായ മെഡിക്കല്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തതായി സ്മൃതി ഇറാനി, ഡോ. തൗഫീഖ് ബിന്‍ ഫൗസാന്‍ അല്‍ റബീഅയുമായുള്ള ചര്‍ച്ചയ്‌ക്കുശേഷം എക്സില്‍ കുറിച്ചു. തീര്‍ത്ഥാടകര്‍ക്ക് വിവരങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനുള്ള ഭാരതസര്‍ക്കാരിന്റെ ഡിജിറ്റല്‍ സംരംഭങ്ങളെ സൗദി അഭിനന്ദിച്ചു. ഇക്കാര്യത്തില്‍ സാധ്യമായ എല്ലാ സഹായവും നല്‍കാമെന്ന് വാഗ്ദാനം ചെയ്തതായും അവര്‍ കുറിച്ചു.

ഒറ്റയ്‌ക്ക് ഹജ്ജ് ചെയ്യുന്ന സ്ത്രീകളുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും കരാറിലൂടെ ലക്ഷ്യമിടുന്നുണ്ട്. ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെ ഹജ്ജ് ടെര്‍മിനലും സ്മൃതി ഇറാനിയുടെയും വി. മുരളീധരന്റെയും നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ഗ്രൗണ്ട് സപ്പോര്‍ട്ട് സംവിധാനങ്ങളും സൗദി അധികൃതരും ഇന്ത്യന്‍ കോണ്‍സുലേറ്റും തമ്മിലുള്ള ഏകോപനവും വിലയി
രുത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക