ഇന്ന് ജഗദീഷ് ഭാഗമല്ലാത്ത മലയാള സിനിമകൾ കുറവാണ്. ഗരുഡൻ, ഫാലിമി, നേര് തുടങ്ങിയ സിനിമകൾ സമ്മാനിച്ച വിജയത്തിന് പിന്നാലെ 2024ലും വിജയം ആവർത്തിക്കാൻ എത്തുകയാണ് ജഗദീഷ്. താരത്തിന്റെ റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ അബ്രഹാം ഓസ്ലറാണ്. ജയറാം ടൈറ്റിൽ റോളിലെത്തുന്ന സിനിമയിലെ ജഗദീഷിന്റെ ലുക്കും അഭിനയവും ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ ചർച്ചയായിട്ടുണ്ട്. ജഗദീഷിന്റെ രൂപമാറ്റവും പ്രകടനവും ഏറെ വിസ്മയിപ്പിച്ചുവെന്ന് ഒപ്പം അഭിനയിച്ച ജയറാം തന്നെ പറഞ്ഞ് കഴിഞ്ഞു. അബ്രാഹം ഓസ്ലർ ട്രെയിലർ റിലീസിനുശേഷം ചിത്രത്തിൽ ജഗദീഷ് ഫോറൻസിക്ക് സർജനാണോയെന്ന സംശയമാണ് പ്രേക്ഷകർക്ക്. കാരണം ആശുപത്രി, പോസ്റ്റുമോർട്ടം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഭാഗങ്ങളിലാണ് ജഗദീഷ് പ്രത്യക്ഷപ്പെടുന്നത്.
സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ജദഗീഷ് നൽകിയ അഭിമുഖത്തിൽ അവതാരകൻ താരത്തോട് ഇതേ കുറിച്ച് ചോദിക്കുകയും ചെയ്തിരുന്നു. ഈ സിനിമയിൽ ഫോറൻസിക് സർജൻ ആയിട്ടാണല്ലോ അഭിനയിക്കുന്നത്. യഥാർത്ഥ ജീവിതത്തിലും ഫോറൻസിക് സർജനുമായി ഏറെ ബന്ധം ഉള്ളയാളല്ലേ. എവിടെയെങ്കിലും ഈ കഥാപാത്രമായിരിക്കുന്ന സമയത്ത് രമ മാമിനെ ഓർത്തിരുന്നോ..? എന്നാണ് അവതാരകൻ ചോദിച്ചത്.
അതിന് വളരെ വിശദമായി തന്നെ ജഗദീഷ് മറുപടി നൽകി. ‘കൂടുതൽ എനിക്ക് കഥാപരമായി പറയാൻ പറ്റില്ല. അല്ലാതെ എനിക്ക് ഒരു ഇമോഷൻ വെച്ചിട്ട് സംസാരിക്കാൻ പറ്റും. കേരളത്തിൽ ഏറ്റവും കൂടുതൽ കേസുകൾ പോസ്റ്റ്മോർട്ടം ചെയ്തിട്ടുള്ളത് എന്റെ ഭാര്യയാണ്. റെക്കോർഡ് നമ്പറാണ്. ഇരുപത്തിനായിരത്തിൽപരം പോസ്റ്റ് മോർട്ടം ചെയ്തിട്ടുണ്ട്. അതിലെ ഇമോഷൻസ് ഭീകരമാണ്.’
സാധാരണ സർജൻമാരെ പോലെയല്ല ഇവർ ഇത് ചെയ്യുന്നു… ഇതിൽ സത്യം എന്താണെന്ന് വേർതിരിക്കുന്നു. ഇതിൽ ചില കാര്യങ്ങൾ എന്നോട് വന്ന് പറഞ്ഞിട്ടുണ്ട്. കാരണം പ്രെഗ്നന്റ് ലേഡീസ് ആക്സിഡന്റലി മരിക്കുമ്പോൾ പോസ്റ്റ്മോർട്ടം ചെയ്യുമ്പോൾ വയറിലുള്ള കുട്ടിയുമുണ്ടാവും. അതിന്റെ ഇമോഷൻസ് വൈകുന്നേരം വന്നിട്ട് എന്നോട് പറഞ്ഞിട്ടുണ്ട്.’
‘ഫോറൻസിക് സർജൻസ് ആഹാരം കഴിക്കുന്നത് മോർച്ചറിയുടെ തൊട്ട് അടുത്ത മുറിയിലിരുന്നാണ്. എനിക്ക് അതിനകത്തോട്ട് കടക്കാൻ തന്നെ പേടിയാണ്. എന്റെ കുട്ടികൾ നേരത്തെ സ്‌കൂൾ വിട്ടുവരുമ്പോൾ രമയുടെ ഫോറൻസിക് സർജൻസിനായുള്ള റൂമിൽ പോയി റിലാക്സ് ചെയ്യും. പക്ഷെ എനിക്ക് അത് പറ്റില്ല. അതിനകത്ത് ഇരിക്കാൻ എനിക്ക് മടിയാണ്. എന്റെ ഈ സിനിമയിലെ കഥാപാത്രത്തിനും അതിന്റെതായ ഇമോഷൻസുണ്ട്.’
‘അത് എന്താണെന്ന് മനസ്സിലാകണമെങ്കിൽ സിനിമ കാണണം. എന്റെ ക്യാരക്ടറുമായിട്ട് എന്റെ ഭാര്യയുടെ പ്രൊഫഷൻ എത്രത്തോളം ചേർന്നിരിക്കുന്നുവെന്ന് സിനിമ കാണുമ്പോഴേ നിങ്ങൾക്ക് മനസിലാവു. ജീവിച്ചിരുന്നെങ്കിൽ എന്റെ ഈ മാറ്റം കണ്ടിട്ട് ഏറ്റവും അധികം സന്തോഷിക്കുമായിരുന്നത് രമയാണ്. അതിൽ എനിക്ക് യാതൊരു സംശയവുമില്ല. ഞാൻ ഇപ്പോൾ ചെയ്യുന്ന പോലെയുള്ള കഥാപാത്രങ്ങൾ ഞാൻ ചെയ്ത് കാണാനായിരുന്നു രമ ആഗ്രഹിച്ചിരുന്നത്.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: