സ്വാതന്ത്ര്യലബ്ധിക്കുശേഷം ഗുജറാത്തിലെ സോമനാഥ് സാക്ഷ്യംവഹിച്ച സംഭവവികാസങ്ങള്‍ അതിനു മുന്‍പ് അയോദ്ധ്യയില്‍ സംഭവിക്കേണ്ടതായിരുന്നു. സോമനാഥില്‍ മുഗള്‍ ആക്രമണകളായിരുന്നവര് പലപ്രാവശ്യം ആക്രമിച്ചു തകര്‍ത്ത ക്ഷേത്രം ആഭ്യന്തരമന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേലിന്റെ നേതൃത്വത്തില്‍ പുനര്‍നിര്‍മിക്കുകയായിരുന്നു.
ഉത്തര്‍പ്രദേശ് സ്വന്തം നാടായിരുന്നിട്ടും അയോദ്ധ്യയുടെ കാര്യത്തില്‍ ഇങ്ങനെ ചെയ്യണമെന്ന് ജവഹര്‍ലാല്‍ നെഹ്രുവിന് തോന്നിയില്ല. സോമനാഥക്ഷേത്രം പുനരുദ്ധരിക്കുന്നതിനെ നെഹ്റു കഴിയാവുന്നത്ര എതിര്‍ത്തിട്ടും പട്ടേല്‍ അത് വകവച്ചില്ല. നെഹ്റുവിന്റെ വിലക്ക് തള്ളി രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
ബ്രിട്ടീഷ് ഭരണാധികാരികള്‍ നിക്ഷിപ്ത താല്പര്യം മുന്‍നിര്‍ത്തിയാണ് അയോദ്ധ്യാ പ്രശ്നം പരിഹരിക്കാതിരുന്നത്. എന്നിട്ട് ക്രമസമാധാനത്തിന്റെ പേരില്‍ വകകൊള്ളിക്കുകയായിരുന്നു. സ്വാതന്ത്ര്യലബ്ധിക്കുശേഷം കേന്ദ്രസര്‍ക്കാരും ഉത്തര്‍പ്രദേശ് സര്‍ക്കാരും ഭരിച്ചത് കോണ്‍ഗ്രസായിരുന്നു. രാമജന്മഭൂമി പ്രശ്നം രമ്യമായി പരിഹരിക്കാന്‍ കഴിയുമായിരുന്നു. പക്ഷേ പ്രധാനമന്ത്രി നെഹ്റുവിന് താല്പര്യമില്ലായിരുന്നു. തല്‍സ്ഥിതി നിലനിര്‍ത്തി ഹിന്ദുക്കളോട് അനീതി കാണിക്കുകയാണ് കോണ്‍ഗ്രസും നെഹ്റുവും ചെയ്തത്.
ബ്രിട്ടീഷുകാര്‍ ക്രമസമാധാനത്തിന്റെ പേരാണ് പറഞ്ഞതെങ്കില്‍ കോണ്‍ഗ്രസ് മതേതരത്വത്തിന്റെ മുഖംമൂടിയാണ് എടുത്തണിഞ്ഞത്. രാജ്യം സ്വതന്ത്രമായതോടെ തങ്ങള്‍ പവിത്രമായി കരുതുന്ന രാമജന്മഭൂമി തിരിച്ചു ലഭിക്കുമെന്ന് കരുതിയിരുന്ന ഹിന്ദുക്കള്‍ വഞ്ചിതരായി. ക്ഷമ നശിച്ച അവര്‍ വീണ്ടും പോരാട്ടത്തിന്റെ പാതയില്‍ അണിനിരന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: