തുന്നല്‍ പണിയിലൂടെ മകളുടെ ആഗ്രഹത്തിന് നിറംപിടിപ്പിച്ച സുമിത സദസില്‍ പ്രാര്‍ത്ഥനയോടെ ഇരിക്കുമ്പോള്‍ അവളുടെ ചുവടുകള്‍ പിഴച്ചില്ല. അവള് വേദി കീഴടക്കി. എ ഗ്രേഡ് കൂടെപ്പോന്നു.
ഹൈസ്കൂള്‍ വിഭാഗം ഭരതനാട്യത്തില്‍ എ ഗ്രേഡ് നേടിയ മലപ്പുറം പാലേമാട എസ്വിഎച്ച്എസ്എസിലെ പ്രഭിഷ്ണയുടെ എഗ്രേഡിന് പൊന്നിന്റെ തിളക്കമാണ്. അമ്മ സുമിതയ്ക്ക് തുന്നലാണ് ജോലി. അഞ്ചു മക്കള്‍… അങ്ങനെയെ സുമിത പറയൂ. മൂന്നുപേരുടെ പോറ്റമ്മയാണെങ്കിലു അവര്‍ സ്വന്തം മക്കളാണ് സുമിതയ്ക്കും ഭര്‍ത്താവ് പ്രദീപിനും. സുമിത വിവാഹം കഴിഞ്ഞെത്തി ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഭര്‍ത്തൃസഹോദരിയും ഭര്‍ത്തൃസഹോദരനും മരിച്ചത്. ഇതോടെ അവരുടെ മൂന്നു പിഞ്ചുകുഞ്ഞുങ്ങളുടെ സംരക്ഷണം സുമിതയും ഭര്‍ത്താവ് പ്രദീപും ഏറ്റെടുത്തു. ആ സമയം മൂത്ത മകള്‍ വൈഷ്ണയെ മൂന്നു മാസം ഗര്‍ഭിണിയായിരുന്നു സുമിത.
നാലാം ക്ലാസിലായ വൈഷ്ണവിയെ നൃത്തം പഠിക്കാന്‍ ചേര്‍ത്തു. അവള്‍ക്കൊപ്പം കൂട്ടുപോയ പ്രഭിഷ്ണയും നൃത്തം പഠിക്കണമെന്ന് വാശിപിടിച്ചു. ഒരാളുടെ പഠനം തന്നെ സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബത്തിന് വെല്ലുവിളിയായി. അനുജത്തിയുടെ ആഗ്രഹത്തിനായി ചേച്ചി വഴിമാറി. ഇതോടെ പ്രഭിഷ്ണ ചിലങ്കയണിഞ്ഞു.
പ്രദീപ് വിദേശത്താണെങ്കിലും അഞ്ചു മക്കളുടെ പഠനവും വീട്ടുചെലവും ഏറെ പ്രയാസമായി. മകളുടെ നൃത്തപഠനത്തിനുള്ള ഫീസ് കൃത്യമായി കൊടുക്കാന്‍ കഴിയാതെ വന്നതോടെ താന്‍ പഠിച്ച തുന്നല്‍ ജോലി സുമിത മുറുകെ പിടിച്ചു. മകളുടെ ഗുരുവിന്റെയും കുടുംബത്തിന്റെയും തുണികള്‍ തയ്ച്ചുകൊടുക്കാമെന്ന വാഗ്ദാനം നല്കി. ഇതോടെ നൃത്ത സ്വപ്നത്തിന് വീണ്ടും ജീവന് വച്ചു. സുമിതയുടെ ത്യാഗം അറിയാവുന്ന ഗുരു കലാമണ്ഡലം സുപ്രിയയും കുടുംബവും ഒരിക്കല്‍ പോലും ഫീസിന്റെ കണക്ക് പറഞ്ഞിട്ടില്ല.
അമ്മ തയ്ച്ചുനല്കിയ വേഷവിധാനവുമായിട്ടായിരുന്നു ജില്ലാ തലത്തില്‍ മത്സരിച്ച് ഒന്നാം സ്ഥാനം നേടിയത്. നൃത്തവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അവരുടെ രക്ഷിതാക്കളും ചേര്‍ന്ന് ഒരു സ്വീകരണം ഒരുക്കി. ചെലവിനായി ഒരു തുക പിരിച്ചുനല്‍കി. ആ തുകയുമായാണ് കൊല്ലത്തേക്ക് എത്തിയത്. ദേശഭക്തിഗാനത്തിനും എ ഗ്രേഡുണ്ട് പ്രഭിഷ്ണയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: