രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണം സ്വീകരിച്ച് അവിടെ പോകണമോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസുകാര്‍ തലപുകച്ച് ആലോചിക്കുകയാണ്. എന്നാല്‍ അന്നത്തെ കോണ്‍ഗ്രസുകാര്‍ക്ക് അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ബാബാ രാഘവ് ദാസ് അതിന് ഉദാഹരണമാണ്.
രാഷ്‌ട്രീയ വിശ്വാസത്തില്‍ കോണ്‍ഗ്രസുകാരനായിട്ടും രാമജന്മഭൂമി പ്രസ്ഥാനത്തില്‍ ബാബാ രാഘവ്ദാസിന് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. തര്‍ക്ക കെട്ടിടത്തില്‍ വിഗ്രഹം സ്ഥാപിച്ച പ്രിയംകരന്മാരായ അഞ്ചുപേരില്‍ ഒരാള്‍ അദ്ദേഹമായിരുന്നു.
രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിനൊപ്പം വിശ്വാസത്തില്‍ രാമജന്മഭൂമി പ്രസ്ഥാനത്തിനൊപ്പം, ബാബ രാഘവ്ദാസിനെക്കുറിച്ച് അങ്ങനെയായിരുന്നു പറയാറ്. രാഘവേന്ദ്ര ശേഷപ്പാ പചാപ്പുചകര്‍ പൂനെക്കാരനായിരുന്നു. അദ്ദേഹം ശുദ്ധമനസ്സുള്ള സാമൂഹ്യ പ്രവര്‍ത്തകനായ ബ്രാഹ്മണനായിരുന്നു. 1897-ലെ പ്ലേഗില്‍ രാഘവേന്ദ്ര ശേഷപ്പ പചപ്പുചറുടെ കുടുംബത്തിന് മുഴുവന്‍ ജീവഹാനി സംഭവിച്ചു. അങ്ങനെ നാടുവിട്ട് രാഘവേന്ദ്ര ബനാറസ്, അലഹബാദ് ഒക്കെച്ചുറ്റി സഞ്ചരിച്ച് ഗാസിപൂരിലെത്തി. ഗാസിപൂരില്‍ അദ്ദേഹം അക്കാലത്ത് ഏറെ പ്രശസ്തനായ മൗനി ബാബയെ കണ്ടുമുട്ടി.
മൗനി ബാബയില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ശേഷം അദ്ദേഹം ബര്‍ഹാജിലെ (ദേവ്റിയയില്‍) യോഗിരാജ് അനന്ത് മഹാപ്രഭുവിന്റെ സമീപം എത്തി. ഒരു വര്‍ഷത്തിനുശേഷം അദ്ദേഹത്തിന്റെ ഗുരു സമാധിയായി. തുടര്‍ന്ന് രാഘവേന്ദ്ര ബാബാ രാഘവദാസായി മാറുകയും ഗുരുവിന്റെ ആശ്രമത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്തു. പിന്നെ സ്വാതന്ത്ര്യ സമര പ്രവര്‍ത്തനത്തിലെ സജീവ പ്രവര്‍ത്തകനും സംഘാടകനുമായി. അയോധ്യ തര്‍ക്കത്തിന്റെ ഒരു അടിസ്ഥാന കേസിലെ വാദിയായിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ സ്രകിയതയും ഹിന്ദുത്വ വീക്ഷണവും സത്യഗ്രഹ സമര രീതിയും രാമജന്മഭൂമി വിഷയത്തില്‍ നിര്‍ണായകമായി. അയോധ്യയില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ അവിടെനിന്ന് നീക്കം ചെയ്യരുതെന്ന് സര്‍ക്കാര്‍ അതിനാല്‍ത്തന്നെ ഉത്തരവിട്ടിരുന്നു. വിഗ്രഹങ്ങള്‍ സ്ഥാപിച്ച അതേ രാത്രിതന്നെ ഫൈസാബാദിലെ ഒരു പ്രസ്സില്‍നിന്ന്, ‘ദൈവം പ്രത്യക്ഷപ്പെട്ടു, ജന്മഭൂമിയിലേക്ക് പോകൂ’ എന്ന കുറിപ്പോടെ ലഘുലേഖകള്‍ അച്ചടിച്ചിരുന്നു. വിഖ്യാതനായ ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ. നായരും സിറ്റി മജിസ്‌ട്രേറ്റ് ഗുരുദത്ത് സിങ്ങുമായി വളരെ അടുപ്പത്തിലായിരുന്നു ബാബാ രാഘവദാസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: