കൊല്ലം: 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം ഇന്ന് സമാപിക്കുമ്പോള്‍ കപ്പില്‍ മുത്തമിടുന്നത് കണ്ണൂരോ, കോഴിക്കോടോ? ആവേശകരമായ അന്ത്യത്തിലേക്കാണ് കലോത്സവം മുന്നേറുന്നത്. സ്വര്‍ണകപ്പില്‍ മുത്തമിടുന്നത് ആരെന്നറിയാനുള്ള ആകാംഷയിലാണ് കേരളം. കഴിഞ്ഞ വര്‍ഷം കോഴിക്കാടായിരുന്നു. ഇത്തവണയും സ്വര്‍ണകപ്പ് മലബാറിലെ ഒരു ജില്ല സ്വന്തമാക്കിയേക്കും.
223 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ 872 പോയിന്റുമായി കണ്ണൂരാണ് മുന്നില്‍. 871 പോയിന്റുമായി കോഴിക്കോട് തൊട്ടുപിന്നിലുണ്ട്. 869 പോയിന്റുമായി പാലക്കാടും 850 തൃശൂരും 837 പോയിന്റുമായി മലപ്പുറവും 834 പോയിന്റുമായി കൊല്ലവും ശക്തമായ പോരാട്ടം നടത്തുന്നു. മറ്റുജില്ലകളുടെ പോയിന്റു നില ബ്രായ്ക്കറ്റില്‍. എറണാകുളം (823), തിരുവനന്തപുരം (800), ആലപ്പുഴ (779), കാസര്‍കോട് (776), കോട്ടയം (772), വയനാട് (750), പത്തനംതിട്ട (711), ഇടുക്കി (669).
വേദികളിലെ നിറഞ്ഞാട്ടത്തില്‍ കൊല്ലത്തെ കലാപ്രേമികള്‍ ആവേശം കൊള്ളുകയാണ്. താളമിട്ടും ആവേശം പകര്‍ന്നും കൗമാരകേരളത്തിന് അകമഴിഞ്ഞ പിന്തുണ നല്കുന്നു. കൊല്ലത്തെ മണ്മറഞ്ഞ പ്രതിഭകളുടെ പേരിലുള്ള 24 വേദികളിലും കേരളത്തിന്റെ കലാരൂപങ്ങള്‍ ആടിത്തമിര്ക്കുമ്പോള് കലാപ്രേമികള്‍ ഒഴുകിയെത്തുകയാണ്.
ഞായറാഴ്ച ഒഴിവായിരുന്നതിനാല്‍ വീട്ടുജോലിക്കു വരെ അവധി നല്കി കൊല്ലത്തെ ജനത കലോത്സവത്തിന്റെ ആവേശത്തിലമര്‍ന്നു. വൈകിട്ട് നാലുമണിയോടെ എത്തിയ മഴയ്ക്കും കലാവേശ ചൂടിനെ തണുപ്പിക്കാനായില്ല. ഇനി ഒരു പകല്‍ മാത്രമാണ് കലാമാമാങ്കം.
ചിലര്‍ രാഷ്ട്രീയം കലര്‍ത്തി അസ്വസ്ഥത പടര്‍ത്താന്‍ ശ്രമിച്ചെങ്കിലും സുമനസ്സുകളുടെ ഇടപെടല്‍ അത് ഒഴിവാക്കി. കഴിഞ്ഞ കലോത്സവത്തില്‍ ഭക്ഷണത്തിന്റെയും വേഷത്തിന്റെയും പേരില്‍ ഭിന്നിപ്പുണ്ടാക്കാനുള്ള ആസൂത്രിത ശ്രമങ്ങള്‍ക്ക് വഴിപ്പെട്ടപ്പോള്‍ കൊല്ലം കലോത്സവത്തില്‍ വിവാദങ്ങളൊന്നുമില്ലാതെ പഴയിടത്തിന്റെ കൈപ്പുണ്യത്തില്‍ കേരളത്തിന്റെ തനതു സസ്യാഹാരം കലാസ്നേഹികള്‍ രുചിച്ചു. വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ കലോത്സവം അവസാനിക്കുമ്പോള്‍ കൊല്ലത്തിന് അഭിമാനിക്കാം.
ഇന്ന് രാവിലത്തെ മത്സരങ്ങള്‍ കഴിഞ്ഞ് അഞ്ചു മണിക്ക് സമാപന സമ്മേളനം ആരംഭിക്കും. ചടങ്ങില്‍ മുഖ്യാതിഥി പത്മശ്രീ. മമ്മൂട്ടിയാണ്. ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ അധ്യക്ഷതയില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് ഉദ്ഘാടനം നിര്‍വ്വഹിക്കും. സമ്മാന വിതരണം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടിയും മമ്മൂട്ടിയും വേദിയിലുള്ള വിശിഷ്ട വ്യക്തികളും ചേര്‍ന്ന് നിര്‍വ്വഹിക്കും. മന്ത്രിമാരായ ജി.ആര്. അനില്‍, സജി ചെറിയാന്, ചിഞ്ചു റാണി എന്നിവര്‍ പങ്കെടുക്കും.
സ്വര്‍ണക്കപ്പ് സ്വന്തമാക്കുന്ന ജില്ലയില്‍ നിന്ന് സമ്മാനം വാങ്ങാന്‍ ഇരുപത് കുട്ടികള്‍ക്ക് മാത്രമെ പ്രധാനവേദിയില്‍ അനുവാദം നല്കുകയുള്ളുവെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. ആഹ്ലാദം പങ്കിടാനും ഫോട്ടോ എടുക്കാനുമുള്ള സൗകര്യം സ്റ്റേജിന് താഴെ ഒരുക്കും. കലോല്‍സവ പ്രതിഭകള്‍ കലാരംഗത്ത് തുടരാന്‍ എന്താണ് ചെയ്യാനാകുക എന്നത് സര്‍ക്കാര്‍ പരിശോധിക്കും. വിജയിച്ചവര്‍ക്ക് ട്രോഫി കമ്മിറ്റി ഓഫീസ് വഴി ട്രോഫി വിതരണം ചെയ്യുന്നുണ്ട്. പ്രോത്സാഹനവും സര്‍ട്ടിഫിക്കറ്റും താമസിയാതെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഏറ്റവും കൂടുതല്‍ മത്സരാര്‍ഥികള്‍ പങ്കെടുത്തത് കോഴിക്കോട് ജില്ലയില്‍ നിന്നാണ്. 1001 കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. എച്ച്എസ്, എച്ച്എസ്എസ് വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തത് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം ഹയര്‍ സെക്കന്‍ഡറി ഹൈസ്കൂളില്‍ നിന്നാണ്.
239 ഇനങ്ങളിലായി ആകെ 12107 വിദ്യാര്‍ത്ഥികള്‍ കലോല്‍സവത്തിന്റെ ഭാഗമായി. 507 അപ്പീലുകളാണ് സംഘാടക സമിതിയ്ക്ക് മുമ്പാകെ വന്നത്. ഇതില്‍ 359 അപ്പീലുകള്‍ ഡിഡി മാര്‍ മുഖേനയും 211 അപ്പീലുകള്‍ വിവിധ കോടതികള്‍ മുഖേനയും വന്നതാണ്. കഴിഞ്ഞ വര്‍ഷം അപ്പീലൂകളുടെ എണ്ണം 362 ആയിരുന്നു. ഇരട്ടിയോളം വര്‍ധനയാണ് അപ്പീലുകളില്‍ ഉണ്ടായത്. മത്സരങ്ങള്‍ കൃത്യസമയത്ത് ആരംഭിക്കാനായെങ്കിലും അപ്പീല്‍ കൂടുതലുള്ള വേദികളില്‍ പരിപാടികള്‍ നീണ്ടു പോയി.
സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ സ്കൂള്‍ വിഭാഗത്തില്‍ പാലക്കാട് ആലത്തൂര്‍ ബിഎസ്എസ് ഗുരുകുലം എച്ച്എസ്എസ് 199 പോയിന്റു നേടി ബഹുദൂരം മുന്നിലാണ്. തിരുവനന്തപുരം വഴുതയ്ക്കാട് കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ (103), വയനാട് മാനന്തവാടി എംജിഎംഎച്ച്എസ്എസ് (84) മൂന്നാംസ്ഥാനത്തുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: