കണ്ണൂര്‍: വ്യക്തിപൂജയും വാഴ്‌ത്തുപാട്ടുമായി ബന്ധപ്പെട്ട് സിപിഎമ്മില്‍ വിവാദം ചൂടുപിടിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച നവകേരളസദസിന്റെ വേദിയില്‍ മന്ത്രി വി.എന്‍. വാസവന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ‘ദൈവത്തിന്റെ വരദാന’മായി പുകഴ്‌ത്തിയതാണ് വിവാദമാകുന്നത്.
പി. ജയരാജനെ ‘കണ്ണൂരിലെ ചെന്താരകം’ എന്ന് ജയരാജന്റെ സൈബര്‍ സഖാക്കളുടെ പിജെ ആര്‍മി വാഴ്‌ത്തിയപ്പോള്‍ വ്യക്തിപൂജയ്‌ക്കും വാഴ്‌ത്തുപാട്ടിനുമെതിരെ നടപടിയെടുത്തു. ഇന്ന് പാര്‍ട്ടി സിപിഎം പോളിറ്റ്ബ്യൂറോ അംഗം കൂടിയായ പിണറായിയെ പുകഴ്‌ത്തുമ്പോള്‍ എന്തുകൊണ്ട് മൗനം എന്നാണ് ചോദ്യം ഉയരുന്നത്.
ഇത് സംബന്ധിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ പാര്‍ട്ടിക്കാര്‍ മാത്രമുള്ള സാമൂഹ്യ മാധ്യമ ഗ്രൂപ്പുകളില്‍ ശക്തമായ വാക്‌പോരും പോര്‍വിളിയും നടക്കുന്നതായാണ് വിവരം. എന്തുകൊണ്ട് രണ്ട് നീതിയെന്നാണ് ചോദ്യം. പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും പാര്‍ട്ടി നേതാവായ മന്ത്രിയും തന്നെ വാഴ്‌ത്താന്‍ ഇറങ്ങിയതാണ് വലിയ വിഷയം.
പിണറായി വിജയന്‍ ‘തീയില്‍ക്കുരുത്ത കുതിര, ഇന്‍ക്വിലാബിന്‍ സിംബല്‍, ഇടതുപക്ഷ പക്ഷികളില്‍ ഫീനിക്‌സ് പക്ഷി…’ എന്ന യൂട്യൂബിലെ ഗാനമാണ് വിവാദത്തിന് ശക്തി പകരുന്നത്. എതിരാളികള്‍ മുഖ്യമന്ത്രിയുടെ അടുത്തെത്തിയാല്‍ സൂര്യസാമീപ്യമെന്നപോലെ കരിഞ്ഞുപോകുമെന്നുമായിരുന്നു പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ പ്രസ്താവന. വര്‍ക്കലയിലായിരുന്നു മന്ത്രി വി.എന്‍. വാസവന്റെ പുകഴ്‌ത്തല്‍.
മുമ്പ് പി. ജയരാജന്റെയും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വി.എസ്. അച്യുതാനന്ദന്റെയും കട്ട് ഔട്ടുകള്‍ വന്നപ്പോള്‍ അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി വിജയന്‍തന്നെ എതിര്‍ വാദങ്ങള്‍ നിരത്തിയിരുന്നു. പിണറായി സ്തുതിയുടെ പുതിയ വിവാദം വരും നാളില്‍ പാര്‍ട്ടിയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കുമെന്നുറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: