തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തില്‍ അയ്യപ്പഭക്തര്‍ക്ക് നേരിടേണ്ടി വരുന്ന ദുരിതങ്ങള്‍ക്ക് കാരണം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായ ഗുരുതര വീഴ്ചയാണെന്ന് തിരുവിതാംകൂര്‍ എംപ്ലോയിസ് സംഘ് ആരോപിച്ചു.
മുന്‍കാലങ്ങളിലും ഇത്രയധികം ഭക്തജനതിരക്ക് ഉണ്ടായിരുന്നപ്പോഴും സുഗമമായ തീര്‍ത്ഥാടനം സാധ്യമായിരുന്നു. പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടായ നിരുത്തരവാദമാണ് തീര്‍ത്ഥാടനം ദുരിതമായി മാറാന്‍ കാരണം. പോലീസ് കണ്ട്രോള് റൂമിന്റെ ചുമതലയുള്ള ഒരു പോലീസ് ഉദ്യോഗസ്ഥന് കഴിഞ്ഞ ഇരുപത്തി ഒന്ന് വര്‍ഷമായി അവിടെ തുടരുകയാണ്.
സീസണ് കാലയളവില്‍ ഉന്നതരായ പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്ന ഭക്തജനങ്ങളെ ക്യൂവില്‍ കടത്തി വിടാതെ വിഐപി ദര്‍ശനത്തിനുള്ള സൗകര്യം ഒരുക്കി കൊടുക്കുന്നു. കഴിഞ്ഞ ബോര്‍ഡിന്റെ മുന്നൊരുക്കങ്ങളിലെ അപാകതകളാണ് ഇന്ന് സന്നിധാനത്ത് കാണാന്‍ കഴിയുന്നത്. അരവണയ്ക്ക് നേരിടുന്ന ക്ഷാമം, ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് എന്നിവ ദേവസ്വം ബോര്‍ഡിന്റെ വീഴ്ചയാണ്.
ശരിയായ റിസള്‍ട്ട് നല്കുന്ന നാഷണല്‍ അക്രിഡിറ്റേഷന് ഉള്ള ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ലാബില്‍ പരിശോധന നടത്താത്തതിനാലാണ് ഏലയ്ക്കായുടെ ഗുണനിലവാരത്തെ തുടര്‍ന്ന് ഏഴ് കോടിയുടെ അരവണ നഷ്ടപ്പെടുത്തേണ്ടി വന്നതെന്നും ദേവസ്വം എംപ്ലോയിസ് സംഘ് ജനറല്‍ സെക്രട്ടറി മുല്ലൂര്‍ ശ്രീകുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സംഘ് വൈസ് പ്രസിഡന്റ് ടി.രാകേഷ്, അജികുമാര്‍, ജയകൃഷണന് എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: