തൃപ്പൂണിത്തുറ: മികച്ച ക്രിക്കറ്റ് കളിക്കാരന് ആകണമെങ്കില്‍ ക്രിക്കറ്റിനെ ഇഷ്ടപ്പെട്ടാല്‍ മാത്രം പോരാ അതിനെ സ്നേഹിക്കണമെന്ന് ശ്രീലങ്കന്‍ മുന്‍ ക്രിക്കറ്റ് ഇതിഹാസം മുത്തയ്യ മുരളീധരന്. തൃപ്പൂണിത്തുറ ക്രിക്കറ്റ് ക്ലബ്ബിന്റെ ‘ടിസിസി സ്പിന്‍ ഫൗണ്ടേഷന്’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. ക്രിക്കറ്റ് കളിക്കുമ്പോള്‍ ഒരു തരത്തിലുള്ള സമ്മര്‍ദത്തിനും വഴങ്ങരുതെന്ന് അദ്ദേഹം പുതുതലമുറയെ ഓര്‍മിപ്പിച്ചു.
ക്രിക്കറ്റിനെ സ്നേഹിച്ചാല്‍ മാത്രമേ നന്നായി കളിക്കാന്‍ കഴിയൂ, ക്രിക്കറ്റില്‍ അച്ചടക്കവും സമര്‍പ്പണവും സമയനിഷ്ഠയും പ്രധാനമാണ് എന്നും അദ്ദേഹം പറഞ്ഞു.
ശിലാഫലകം അനാച്ഛാദനം ചെയ്ത ശേഷം പിച്ചില്‍ ഇറങ്ങിയ അദ്ദേഹം രണ്ടു തവണ ബൗള്‍ ചെയ്തു. കൊച്ചി ടസ്കേഴ്സില്‍ കളിച്ചപ്പോള്‍ വലിയൊരു ആരാധക പിന്തുണ ലഭിച്ചിരുന്നില്ല. ക്രിക്കറ്റ് നമ്മളെ ജീവിതം പഠിപ്പിക്കുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനത്തിനു ശേഷം പുതു തലമുറയിലെ കളിക്കാരുമായി അദ്ദേഹം സംവദിച്ചു. ക്ലബ് പ്രസിഡന്റ് സാബി ജോണ്‍ അധ്യക്ഷനായി. ട്രഷറര്‍ കൃഷ്ണദാസ് കര്‍ത്ത, ക്രിക്കറ്റ് ഇന്‍ ചാര്‍ജ് സന്തോഷ് സ്ലീബ, ഡോ. കുനാല്‍ വിശ്വം, മുന്‍ രഞ്ജി താരം പി. ബാലചന്ദ്രന്, ക്ലബ് സെക്രട്ടറി സി. ജി. ശ്രീകുമാര്‍ മുന്‍ ക്രിക്കറ്റ് താരവും സ്പോര്‍ട്സ് ജേണലിസ്റ്റുമായ കെ. പ്രദീപ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: