ന്യൂദല്‍ഹി: ബിഹാറിലെ ബിജെപിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. ഈ മാസം 13ന് ചമ്പാരനിലെ ബേട്ടിയ നഗരത്തിലെ രാമന് മൈതാനിയില്‍ നടക്കുന്ന മഹാറാലിയെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി പ്രചാരണത്തിന് തുടക്കമിടുക.
ബിഹാര്‍ സന്ദര്‍ശന വേളയില്‍ കോടിക്കണക്കിന് രൂപയുടെ വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും പ്രധാനമന്ത്രി നിര്‍വഹിക്കുകയും ചെയ്യും.
2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ 40 സീറ്റുകളിലും വിജയം ലക്ഷ്യമിട്ട് ബിജെപി വിപുലമായ പദ്ധതികളാണ് തയാറാക്കിയിരിക്കുന്നത്. പ്രധാനമന്ത്രിക്കുപുറമെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ എന്നിവരും ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ബിഹാറില്‍ റാലികളെ അഭിസംബോധന ചെയ്യും.
പതിനഞ്ചിന് ശേഷമായിരിക്കും സംസ്ഥാനത്ത് പ്രധാനപ്പെട്ട റാലികള്‍ സംഘടിപ്പിക്കുക. ബേട്ടിയക്കുപുറമെ ബെഗുസാരായി, ഔറംഗബാദ് എന്നിവിടങ്ങളിലെ റാലികളിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും.
സീതാമര്‍ഹി, മധേപുര, നളന്ദ എന്നിവിടങ്ങളിലെ സമ്മേളനങ്ങളിലാണ് അമിത് ഷാ എത്തുക. സീമാഞ്ചലിലും ബിഹാറിന്റെ കിഴക്കന്‍ പ്രദേശങ്ങളിലും നടക്കുന്ന റാലികളില്‍ ജെ.പി. നദ്ദ പങ്കെടുക്കും.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയു പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാണ്. ബിജെപിയുമായുള്ള സഖ്യം അവസാനിപ്പിച്ച് ജെഡിയു, സംസ്ഥാനത്തെ മഹാസഖ്യത്തിന്റെ ഭാഗമാകുകയായിരുന്നു. ഇതിന് പിന്നാലെയാണ് ദേശീയതലത്തില്‍ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിക്കാന്‍ മുന്നിട്ടിറങ്ങിയത്.
2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 40ല്‍ 39 സീറ്റിലും എന്‍ഡിഎയാണ് വിജയിച്ചത്. അന്ന് ജെഡിയു എന്‍ഡിഎയുടെ ഭാഗമായിരുന്നു. ബിജെപി 17, ജെഡിയു 16, എല്‍ജെപി ആറും സീറ്റാണ് നേടിയത്. ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് നേടാനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: