ശത്രുസൈനികരുടെ ആക്രമണമേല്‍ക്കാതെ അതിര്‍ത്തിയുടെ കാവലാളായി ഒരു ക്ഷേത്രം. മൂവായിരത്തിലധികം ബോംബുകള്‍ പതിച്ചിട്ടും ആശ്രിതരെ സംരക്ഷിച്ച ദേവീ ചൈതന്യം. ആ പാദപദ്മമായി മാറിയ കഥപറയുന്ന ആയുധങ്ങള്‍. ദേവിക്ക് ആരാധന നടത്തുന്ന ഭാരത സൈന്യം. ഭാരത- പാക് അതിര്‍ത്തിയിയില്‍ തനോട്ടിലെ ഈ ക്ഷേത്രത്തിലെത്തിയാല്‍ കാഴ്ചകളിങ്ങനെ അത്യഅപൂര്‍വ്വമാണ്.
ജയ്സാല്‍മീര്‍ നഗരത്തില്‍ നിന്ന് 122 കിലോമീറ്ററകലെ ഭാരത- പാക് ബോര്‍ഡറിലാണ് ബോംബുകള്‍ക്കും തകര്‍ക്കാനാവാത്ത ക്ഷേത്രം എന്നറിയപ്പെടുന്ന ശ്രീ മാതേശ്വരി തനോട്ട് റായ് മന്ദിര്‍ സ്ഥിതിചെയ്യുന്നത്്. ശത്രുസൈനികരുടെ ആക്രമണമേല്‍ക്കാതെ ഭാരതത്തിന്റെ കാവലാളായാണ് തനോട്ട് മാതാവിനെ ഗ്രാമവാസികളും സൈന്യവും കാണുന്നത്. അതിര്‍ത്തി സുരക്ഷാ സേന പൂജ നടത്തുന്ന ക്ഷേത്രങ്ങളിലൊന്നുകൂടിയാണ് തനോട്ട് മാതാ ക്ഷേത്രം.
ആവദ് മാത എന്ന തനോട്ട് മാതാ
കുട്ടികള്‍ ഇല്ലാതിരുന്ന മംദിയ ചരണ്‍ എന്നൊരാള്‍ ഏഴുതവണ കാല്‍നടയായി ഹിംഗ്ലാജ് മാതാക്ഷേത്രം സന്ദര്‍ശിക്കുന്നു. ഇന്നത്തെ ബലൂചിസ്ഥാനിലെ ഹിങ്കോള്‍ നദിയുടെ തീരത്തുള്ള ഒരു മലയിലെ ഗുഹയിലാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തെ ‘നാനി മന്ദിര്‍’ എന്നും പ്രദേശവാസികള്‍ വിളിക്കുന്നു. ഒരു രാത്രി, ഹിംഗ്ലാജ് മാതാവ് മംദിയയുടെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും എന്ത് അനുഗ്രഹമാണ് വേണ്ടതെന്ന ചോദ്യത്തിന്, ദേവി ഒരു കുഞ്ഞായി തന്റെ വീട്ടില്‍ പിറവിയെടുക്കണം എന്ന ആഗ്രഹം അറിയിക്കുകയും ചെയ്യുന്നു. ദേവിയുടെ അനുഗ്രഹത്താല്‍ ഏഴു പെണ്‍കുട്ടികളും ഒരു ആണ് കുട്ടിയും ജനിക്കുന്നു. ഏഴ് സഹോദരിമാരില്‍ ഒരാള്‍ ആവദ് മാതാ എന്നാണ് വിശ്വാസം. രജപുത്രരാജാവായ തനു റാവു ആണ് എ.ഡി 828 ല്‍ തനോട്ട് റായ് മന്ദിര്‍ പണികഴിപ്പിച്ചത്.
ചരിത്രത്തില്‍ ഇടംപിടിച്ച കാവല്‍ ദേവത
കഥകള്‍ ഒരുപാടുണ്ടെങ്കിലും 1965-ലെ ഭാരത-പാകിസ്ഥാന് യുദ്ധത്തിന് ശേഷം തനോട്ട് മന്ദിര്‍ ഇടംപിടിക്കുന്നത് ചരിത്രത്തിലാണ്. ഈ യുദ്ധത്തില്‍ മൂവായിരത്തോളം ബോംബുകള്‍ പാക്കിസ്ഥാന് ഭാരതത്തിലേക്ക് വര്‍ഷിച്ചു. പക്ഷെ ക്ഷേത്രത്തിന് നേരെയുള്ളവ ലക്ഷ്യം മാറിപ്പോകുകയോ അല്ലെങ്കില്‍ പൊട്ടാതിരിക്കുകയോ ചെയ്തു. 1965-ലെ യുദ്ധത്തിനു ശേഷം, ബിഎസ്എഫ് ക്ഷേത്രത്തിന്റെ ചുമതലയും പരിപാലനവും ഏറ്റെടുത്തു. 1971-ലെ ലോംഗെവാല യുദ്ധസമയത്ത് തനോട്ട് വീണ്ടും ആക്രമിക്കപ്പെട്ടു, എന്നാല്‍ ഇത്തവണ പാക് ടാങ്കുകള്‍ മണലില്‍ താഴ്ന്നു, ഇന്ത്യന്‍ വ്യോമസേനയ്ക്ക് അവരെ നശിപ്പിക്കാന്‍ കഴിഞ്ഞു. ഇവയെല്ലാം തനോട്ട് മാതാവിന്റെ അനുഗ്രഹം എന്ന് വിശ്വസിക്കപ്പെടുന്നു.
പ്രതിഷ്ഠയ്ക്കൊപ്പം ബോംബുകളും
മറ്റു ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി തനോട്ട് മാതാക്ഷേത്രത്തിനുള്ളില് കാണാനാവുന്നത് നിര്‍വ്വീര്യമാക്കിയ നിരവധി ബോബുകളും, ആയുധങ്ങളുമൊക്കെയാണ്. ക്ഷേത്രത്തെ പരിപാലിക്കുകയും പൂജകള്‍ നടത്തുകയും ചെയ്യുന്ന ബിഎസ്എഫ് ജവാന്മാരെ നമുക്കിവിടെ കാണാം. ബോര്‍ഡറിലേക്ക് പോകുംമുമ്പ് ക്ഷേത്രത്തില്‍ സൈനികര്‍ പ്രാര്‍ത്ഥന നടത്തുന്നത് പതിവാണ്.
പാക്കിസ്ഥാന്റെ ആക്രമണവേളയില്‍ ഗ്രാമീണരും സൈനികരും അഭയം തേടിയത് തനോട്ട് മാതാ ക്ഷേത്രത്തിലായിരുന്നു. ക്ഷേത്ര പരിസരത്ത് പതിച്ച ബോബുകള്‍ പൊട്ടാതിരുന്നത് ദേവിയുടെ അനുഗ്രഹമെന്ന് വിശ്വസിക്കപ്പെടുന്നു. ഇന്നും ആ യുദ്ധ സമരണകള് ഉയര്‍ത്തും വിധം നിര്‍വീര്യമാക്കപ്പെട്ട ബോംബുകള്‍ ക്ഷേത്രത്തിനുള്ളില്‍ കാണാം. യുദ്ധകാലത്തെ ചിത്രങ്ങളും മറ്റും ക്ഷേത്രത്തിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
പ്രാചീന കുവ എന്ന ക്ഷേത്രത്തിനു മുറ്റത്തെ കിണറ്റില്‍ നിന്ന് നിരവധി ഷെല്ലുകളും മറ്റുമാണ് പിന്നീട് കണ്ടെടുത്തത്. ക്ഷേത്ര പരിസരത്തും കിണറിനുമുകളിലും തൂവാലകള്‍ കെട്ടിയിട്ടാല്‍ ഉദ്ദിഷ്ടകാര്യം നടക്കുമെന്നും വിശ്വസിക്കപ്പെടുന്നു. 1971-ലെ യുദ്ധത്തിനു ശേഷം, ലോംഗേവാല യുദ്ധത്തിലെ വിജയത്തിന്റെ സ്മരണയ്ക്കായി ക്ഷേത്ര വളപ്പിനുള്ളില്‍ ഒരു വിജയ സ്തംഭവും സ്ഥാപിച്ചു. യുദ്ധ സാമഗ്രികള്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു സ്റ്റാളും ഇവിടെയുണ്ട്. ബോര്‍ഡര്‍ ടൂറിസത്തിന്റെ ഭാഗമായി ഭാരത-പാക് ബോര്‍ഡറിലേക്കുള്ള പാസും നമുക്ക് ഇവിടെ നിന്നും ലഭിക്കും.
ലോംഗെവാലയിലും പരാജയമേറ്റ പാക്കിസ്ഥാന്
1971 ല്‍ പാക്കിസ്ഥാന് തനോട്ട് മാതാ ക്ഷേത്രത്തെ വീണ്ടും ലക്ഷ്യമിട്ടു. ഡിസംബര്‍ 5ന് രാത്രി മൂവായിരത്തോളം പട്ടാളക്കാരും 45 യുദ്ധ ടാങ്കുകളുമായി പാകിസ്താന് സൈന്യം ലോംഗേവാലയില്‍ നടത്തിയ അധിനിവേശ ശ്രമത്തെ 120 സൈനികരുമായി ഭാരതം പരാജയപ്പെടുത്തിയത് സമാനതകളില്ലാതെ പോരാടിയായിരുന്നു. ഭാരത സൈനികരുടെ ശ്രദ്ധ കിഴക്കന്‍ പാക്കിസ്ഥാനില്‍ (ഇന്നത്തെ ബംഗ്ലാദേശ്)മാത്രമെന്ന് കരുതി ലോംഗേവാല ലക്ഷ്യമാക്കി നീങ്ങിയ വന്‍ പാക്പടയെ പുലര്‍ച്ചെ വ്യോമസേനാ വിമാനങ്ങള്‍ എത്തുന്നതുവരെ തടഞ്ഞ് നിര്‍ത്തി പോരാടി. ഈ യുദ്ധം ഭാരത സേനയുടെ വീര്യം വിളിച്ചോതുന്നതായിരുന്നു. പാകിസ്താന്റെ 200 ഓളം പട്ടാളക്കാര്‍ കൊല്ലപ്പെടുകയും 43 ടാങ്കുകള്‍ തകര്‍ക്കപ്പെടുകയും ചെയ്തതായി കരുതപ്പെടുന്നു. നമ്മുടെ രണ്ട് ജവാന്മാര് വീരമൃത്യുവരിക്കുകയും ചെയ്തു. ഭാരതം വികസിപ്പിച്ച ആദ്യത്തെ ജെറ്റ് വിമാനമായ മരുത് ബോംബര്‍ ജെറ്റ് അടക്കം വ്യോമസേനയ്ക്കൊപ്പം ഈ യുദ്ധത്തിന്റെ ഭാഗമായി. ലോംഗേവാല യുദ്ധം നടന്ന് 50 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ഒരു പോറല്‍ പോലും ഏല്ക്കാതെ നിലകൊള്ളുകയാണ് അതിര്‍ത്തിയിലെ തനോട്ട് മാതാ മന്ദിരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: