വിപണി പിടിക്കാന്‍ മുതലാളിമാര്‍ നടത്തുന്ന തന്ത്രങ്ങള്‍ അതിശയകരമാണ്. ആനന്ദാനുഭൂതി നല്കുമെന്നു പറഞ്ഞ് അവര്‍ ലോകമെങ്ങും സിഗരറ്റ് വിറ്റു. ദശലക്ഷക്കണക്കിന് ശ്വാസകോശരോഗങ്ങളെ സൃഷ്ടിച്ചു. കോടികളെ പുകവലിയുടെ അടിമയാക്കി. ആ അടിമത്വം ആളുകള്‍ക്ക് മടുത്തു തുടങ്ങിയെന്ന് തോന്നിയപ്പോള്‍ ഇ-സിഗരറ്റ് എന്ന ഇലക്ട്രോണിക് സുന്ദരന്മാരെ അവതരിപ്പിച്ചു. സിഗരറ്റ് ചുരുള്‍ വായില്‍ തിരുന്നതിനെക്കാള് ആഭിജാത്യവും സൗകര്യവും ഇ-സിഗററ്റിനാണെന്ന് വിശ്വസിപ്പിച്ചു. പുകവലിയുടെ അടിമത്വത്തില്‍ നിന്ന് മോചനം നേടാന്‍ ഇ-സിഗരറ്റിലേക്ക് തിരിഞ്ഞാല്‍ മതിയെന്ന് ഉറപ്പുനല്‍കുകയും ചെയ്തു.
പക്ഷേ സംഭവിച്ചത് നേരെ മറിച്ചായിരുന്നു. ഇ-സിഗരറ്റ് പുതിയൊരു പറ്റം അടിമകളെ സൃഷ്ടിച്ചു തുടങ്ങി. മോചനമെന്ന വാഗ്ദാനം അടിമത്വത്തിലേക്കുള്ള യാത്രയായി. ഇത് പറയുന്നത് ലോകാരോഗ്യ സംഘടന. അതും കൃത്യമായ കണക്കുകളുടെ ബലത്തില്‍.
ഇ-സിഗരറ്റുകള്‍ക്ക് പരിചയപ്പെടുത്തല്‍ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പരസ്യമായി പുകവലി ഒഴിവാക്കാനും രഹസ്യമായി ആവശ്യത്തിന് നിക്കോട്ടിന് വിഷം വലിച്ചു കയറ്റാനും സൗകര്യം നല്കുന്ന ഇവ സൂക്ഷിക്കാനും ഒളിക്കാനുമൊന്നും വിഷമമില്ല. ചെറു ബാറ്ററി മാത്രം മതി അതിനു പ്രവര്‍ത്തിക്കാനും.
ഓണ്‍ലൈന്‍ വഴി ആവശ്യമുള്ളപ്പോള്‍ വാങ്ങാനും കഴിയും. ക്രമേണ മറ്റൊരു ‘സത്യ’വുമായി നിര്‍മാതാക്കള്‍ എത്തുന്നു. സിഗരറ്റ് വലി ‘അഡിക്ഷനി’ല്‍ പെട്ടുപോയവര്‍ക്ക് ഇതൊരാശ്വാസമാണ്. നിങ്ങള്‍ ഇ-സിഗരറ്റിലേക്ക് മാറിയാല്‍ സിഗരറ്റ് വലിയുടെ അടിമത്വത്തില്‍നിന്ന് ഈസിയായി തലയൂരാം. പക്ഷേ സംഭവിച്ചത് നേരെ മറിച്ച്. പുകവലിക്കാരില്‍ വലിയൊരു പങ്ക് ഇ-സിഗരറ്റിന്റെ ആരാധകരായി. സ്കൂള്‍ കുട്ടികള്‍ വരെ അതിന്റെ കെണിയില്‍ വീഴുകയും ചെയ്തു. പല രാജ്യങ്ങളിലും ഇ-സിഗരറ്റുകള്‍ തുറന്ന വിപണിയില്‍ യഥേഷ്ടം ലഭിക്കുന്ന സ്ഥിതിയായി. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇ-സിഗരറ്റിനെക്കുറിച്ചുള്ള ആകര്‍ഷകമായ പരസ്യങ്ങള്‍ കൂടുതല്‍ കൂടുതല്‍ യുവാക്കളെ പുകവലിക്കാരാക്കി മാറ്റി.
ഇ-സിഗരറ്റിന്റെ അപകടം കണ്ടറിഞ്ഞ ലോകാരോഗ്യ സംഘടന അതിനെതിരെ ശക്തമായ പ്രചാരണമാണ് അഴിച്ചുവിട്ടത്. തെരഞ്ഞെടുത്ത രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടന നടത്തിയ സര്‍വേ തെളിയിച്ചതിങ്ങനെ-13 നും 15 നും ഇടക്ക് പ്രായമുള്ള കുട്ടികള്‍ പ്രായപൂര്ത്തിയായവരെക്കാളും ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നു. കുട്ടികള്‍ നന്നെ ചെറുപ്പത്തില്‍ത്തന്നെ ഇ-സിഗരറ്റിന്റെ ചതിക്കുഴിയില്‍ പതിക്കുന്നു. കാനഡയില്‍ മാത്രം 16-19 വയസ്സുള്ളവരുടെ ഇടയിലെ ഇ-സിഗരറ്റ് ഉപയോഗം 2017 നെ അപേക്ഷിച്ച് 2022ല്‍ ഇരട്ടി ആയിരിക്കുന്നു. കഴിഞ്ഞ മൂന്നുവര്‍ഷങ്ങള്‍ കൊണ്ട് ഇതുപയോഗിക്കുന്ന യുവാക്കളില്‍ ഉണ്ടായത് മൂന്നിരട്ടി വര്‍ധന.
നിക്കോട്ടിന് നിറച്ച ഇ-സിഗരറ്റുകള്‍ പുകവലിക്കാരുടെ ആരോഗ്യം കാര്‍ന്നു തിന്നുന്നതായി സര്‍വ്വേ വ്യക്തമാക്കുന്നു. പലതരത്തിലുള്ള വിഷവാതകങ്ങളാണ് അവ അന്തരീക്ഷത്തിലേക്ക് പുറത്തുവിടുന്നത്. ക്യാന്‍സര്‍ ഉണ്ടാക്കുന്നവയും ഹൃദയ-ശ്വാസകോശതകരാറുകള് സൃഷ്ടിക്കുന്നവയും. കുട്ടികളില്‍ തലച്ചോറിന്റെ വികസനത്തെയും അവ തടസ്സപ്പെടുത്തും. പഠനവൈകല്യങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഗര്‍ഭിണികളായ അമ്മമാര്‍ ഇ-സിഗരറ്റ് ഉപയോഗിക്കുന്നത് കുഞ്ഞിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തും. അതുകൊണ്ട് എല്ലാ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന അഭ്യര്‍ത്ഥിക്കുന്നത്-എത്രയും വേഗം ഇ-സിഗരറ്റുകളുടെ വില്‍പ്പന തടയുക. ഉപയോഗം തടയുക.
സര്‍വേ ഫലം വിശദീകരിച്ചുകൊണ്ട് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനും അഭ്യര്ത്ഥിച്ചതിങ്ങനെ. കുട്ടികള്‍ ഇ-സിഗരറ്റുകള്‍ ഉപയോഗിക്കുന്നത് തടയാന്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുക: നിങ്ങളുടെ പൗരന്മാരുടെ ആരോഗ്യം സംരക്ഷിക്കുക; അല്ലെങ്കില്‍ നിങ്ങളുടെ രാജ്യത്തിന്റെ ഭാവി തന്നെ അപകടത്തിലായേക്കാം.
ഇതുവരെ 34 രാജ്യങ്ങള്‍ മാത്രമാണ് ഇ-സിഗരറ്റിന്റെ വില്‍പ്പന നിരോധിച്ചിട്ടുള്ളതെന്ന് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ഇ-സിഗരറ്റ് വാങ്ങുന്നതിന് 88 രാജ്യങ്ങളില്‍ യാതൊരു പ്രായ നിയന്ത്രണവുമില്ല. 74 രാജ്യങ്ങളില്‍ ഇതിന്റെ ഉപയോഗത്തില്‍ സര്‍വ സ്വാതന്ത്ര്യം കല്‍പ്പിച്ചിരിക്കുന്നു.
ദല്‍ഹി, ഗുരുഗ്രാം, നോയിഡ, മുംബൈ, പൂനെ ബെംഗളൂരു എന്നീ നഗരങ്ങളിലെ 1007 കുട്ടികള്‍ക്കിടയില്‍ ‘തിങ്ക് ചേഞ്ച് ഫോറം’ ഈയിടെ നടത്തിയ ഒരു സര്‍വേയുടെ ഫലം കൂടി നാം അറിയേണ്ടതുണ്ട്. 14 വയസ്സിനും 17 വയസ്സിനും ഇടയിലുള്ള 89 ശതമാനം കുട്ടികള്‍ക്കും ഇ-സിഗരറ്റിന്റെ അപകടങ്ങളെക്കുറിച്ച് യാതൊരു അറിവുമില്ല. ഇതിന്റെ പുക വലിച്ചു കയറ്റുന്നതില്‍ യാതൊരു കുഴപ്പവുമില്ലെന്നാണ് 52 ശതമാനം പേരും വിശ്വസിക്കുന്നത്. 2019 ലെ ‘ഇലക്ട്രോണിക് സിഗരറ്റ് നിയമ’പ്രകാരം ഈ സാധനം ഇന്ത്യയില്‍ നിരോധിച്ചിരിക്കുകയാണെന്ന കാര്യം പോലും സര്‍വ്വേയില്‍ പങ്കെടുത്ത 96 ശതമാനം കുട്ടികള്‍ക്കും അറിയില്ല. ഇത്തരം സിഗരറ്റുകള്‍ സൂക്ഷിക്കുന്നതുപോലും ഇവിടെ കുറ്റകരമാണ്. നിരോധനം ലംഘിക്കുന്നവര്‍ക്ക് ഒരു വര്‍ഷം തടവും ഒരുലക്ഷം രൂപപിഴയും (ഒന്നിച്ചോ വെവ്വേറെയോ)ആണ് ശിക്ഷ. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയില്‍ അധികമാവും. ഇ-സിഗരറ്റ് വില്‍ക്കാനൊരുങ്ങുന്ന വെബ്സൈറ്റുകള്‍ വരെ സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്. ഇത്തരം സിഗരറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന 15 സൈറ്റുകള്‍ക്ക് രാജ്യം. കടുത്ത ഭാഷയില്‍ മുന്നറിയിപ്പ് നല്‍കിയത് ഈയടുത്ത കാലത്താണ്.
പറന്നു നടക്കുന്ന പക്ഷിപ്പനി
വൈറസ്സുകള്‍ക്ക് ചെന്നെത്താനാവാത്ത ഒരിടവും ഈ ഭൂമിയിലില്ല എന്നതാണ് അവസ്ഥ. മഞ്ഞ് നിറഞ്ഞ അന്റാര്‍ട്ടിക്കയില്‍ പോലും അവ തടസ്സമില്ലാതെ കടന്നുകയറുന്നു. അന്റാര്‍ട്ടിക്കന്‍ മേഖലയിലെ തെക്കന്‍ ജോര്‍ജിയയുടെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുള്ള പക്ഷി ദ്വീപിലാണ് പക്ഷിപ്പനി പരത്തുന്ന വൈറസുകളെ (എച്ച്5 എന്‍1) കണ്ടെത്തിയത്. ബ്രിട്ടനിലെ പോളാര്‍ റിസര്‍ച്ച ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭാഗമായ അന്റാര്‍ട്ടിക് സര്‍വ്വേയിലെ ശാസ്ത്രജ്ഞരാണ് ചത്തുമലച്ച കടല്‍പക്ഷികളുടെ ശരീരത്തില്‍ ഈ വൈറസ്സുകളുടെ സാന്നിദ്ധ്യം കണ്ടുപിടിച്ചത്. തെക്കെ അമേരിക്കയില്‍ വ്യാപകമായി പടര്‍ന്നുപിടിച്ച പക്ഷിപ്പനിയില്‍ നിന്നാവാം അണുക്കള്‍ അന്റാര്ട്ടിക്കവരെയെത്തിയതെന്നാണ് ശാസ്ത്ര നിരീക്ഷണം. പക്ഷികള്‍ക്ക് അതീവ മാരകമാണ് ഈ വൈറസ് ബാധ. അവ പക്ഷികളില്‍ ശ്വാസതടസം മുതല്‍ പ്രത്യുല്‍പ്പാദന തകരാറുകള്‍ വരെ സൃഷ്ടിക്കുകയും ചെയ്യും. പരുന്തും കഴുകനും പെന്‍ഗ്വിനും സീലുകളുമൊക്കെ സുഖവാസം ചെയ്യുന്ന പക്ഷിദ്വീപിലെ വൈറസ് കടന്നുകയറ്റം ഏറെ ആശങ്കയോടെയാണ് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ കാണുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: