പൂഞ്ഞാറില്‍ നിന്ന് അവര്‍ അഞ്ച് പേര്‍… ആദ്യ കര്‍സേവയിലെ പോരാളികള്‍.. ആര്‍. സുനില്‍കുമാര്‍, പ്രമോദ് കെ.ജി, സുരേഷ് വി.ടി, ദിലീപ്കുമാര്‍ ചേന്നാട്, ഉണ്ണികൃഷ്ണന്‍ മന്നം … വാക്കുകളില്‍ നിറയുന്നത് അനുഭവങ്ങള്‍ പകരുന്ന ആത്മവിശ്വാസവും അഭിമാനവും..
1990 ഒക്ടോബര്‍ 30ന്റെ കര്‍സേവയ്‌ക്ക് പത്ത് ദിവസം മുമ്പ് കോട്ടയം ജില്ലയില്‍ നിന്നുള്ള നൂറോളം കര്‍സേവകര്‍ക്കൊപ്പമായിരുന്നു യാത്ര. ആഴ്ചകള്‍ക്കുമുമ്പേ മാല അണിഞ്ഞ് വ്രതം എടുത്തിരുന്നു. കര്‍സേവകരെ കൂട്ടി ഓരോ വീട്ടിലും സമ്പര്‍ക്കം നടത്തി. ആരതി ഉഴിഞ്ഞും പുഷ്പങ്ങള്‍ അര്‍പ്പിച്ചുമാണ് അമ്മമാര്‍ വരവേറ്റത്. അവര്‍ നല്കുന്ന ദക്ഷിണ സ്വീകരിച്ച് പാദ നമസ്‌കാരം ചെയ്ത് അടുത്ത വീട്ടിലേക്ക്… അയോദ്ധ്യയിലേക്കുള്ള യാത്രയ്‌ക്ക് ചെലവിട്ടത് ഇങ്ങനെ ലഭിച്ച തുകയാണ്.
പലരും വീട്ടിലറിയാതെയാണ് അയോദ്ധ്യക്ക് പുറപ്പെട്ടത്. കര്‍സേവയ്‌ക്ക് പോയാല്‍ തിരിച്ചു വരവുണ്ടാവില്ല എന്ന ഭീതിയായിരുന്നു അതിന് കാരണം. പൂഞ്ഞാറില്‍ നിന്ന് പുറപ്പെട്ടവര്‍ക്ക് 20ന് നല്‍കിയ യാത്രയയപ്പ് വികാര നിര്‍ഭരമായിരുന്നു. വിഎച്ച്പി വിഭാഗ് സംഘടനാ സെക്രട്ടറി സി.എം. ശശിധരന്‍, ബി. പത്മകുമാര്‍ എന്നിവരുടെ നേതൃത്വത്തിലായായിരുന്നു യാത്ര. എറണാകുളത്തുനിന്ന് 21ന് വൈകിട്ട് വാരാണസി എക്‌സ്പ്രസ് ട്രെയിനിലായിരുന്നു പോകേണ്ടത്. കര്‍സേവകര്‍ കയറിയതിന് പിന്നാലെ ട്രെയിന്‍ റദ്ദാക്കിയെന്ന് അനൗണ്‍സ്‌മെന്റ്. കര്‍സേവയ്‌ക്കെതിരെയുള്ള സര്‍ക്കാര്‍ നീക്കവും രാമഭക്തരുടെ പ്രതിഷേധവും എറണാകുളത്തുനിന്നേ ആരംഭിച്ചു. എല്ലാവരും പ്ലാറ്റ്‌ഫോമില്‍ ഇറങ്ങി രാമനാമം ജപിച്ചു. പിന്നാലെ സ്റ്റേഷനില്‍ പ്രകടനം നടത്തി പ്രതിഷേധിച്ചു.
സോമനാഥ ക്ഷേത്രത്തില്‍ നിന്ന് അയോദ്ധ്യയിലേക്ക് രാമ രഥയാത്ര നടത്തിയ ബിജെപി അദ്ധ്യക്ഷന്‍ എല്‍.കെ. അദ്വാനിയെ ബിഹാറിലെ സമഷ്ടിപ്പൂരില്‍ അറസ്റ്റ് ചെയ്തത് അതേ ദിവസമായിരുന്നു. പിറ്റേന്ന് ബിജെപിയുടെ ഭാരത്ബന്ദ്. റെയില്‍വേ സ്റ്റേഷനില്‍ അകപ്പെട്ട കര്‍സേവകര്‍ക്ക് ഭക്ഷണം പോലും ലഭിക്കാത്ത സാഹചര്യം രാവിലെ പത്ത് മുതല്‍ എറണാകുളം ജില്ലയിലെ അമ്മമാര്‍ ഭക്ഷണപ്പൊതികളുമായി എത്തി. ഒരാള്‍ക്ക് രണ്ട് വീതം ഭക്ഷണപ്പൊതി.
ഉച്ചകഴിഞ്ഞെത്തിയ കേരള എക്‌സ്പ്രസില്‍ ഝാന്‍സിയിലേക്ക് ടിക്കറ്റ് എടുത്ത് യാത്ര. കൊല്ലത്തു നിന്നുള്ള കര്‍സേവകരും അതേ ട്രെയിനിലുണ്ടായിരുന്നു. ഝാന്‍സിയില്‍നിന്ന് വാരാണസിയിലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാല്‍ ഝാന്‍സിയില്‍ കര്‍സേവകരെയും പോലീസ് വളഞ്ഞു. അറസ്റ്റു ചെയ്ത് പല ബസുകളിലായി വിവിധ സ്ഥലങ്ങളില്‍ താത്കാലിക ജയിലുകളിലേക്ക് മാറ്റി. കോട്ടയം, കൊല്ലം ജില്ലകളില്‍ നിന്നുള്ളവരെ 150 കിലോമീറ്റര്‍ അകലെ സദര്‍ എന്ന സ്ഥലത്തെ സ്‌കൂളിലാണ് പാര്‍പ്പിച്ചത്. അവിടെ കര്‍ണാടകത്തില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു. ഭക്ഷണമൊന്നും അധികൃതര്‍ നല്കിയില്ല. പിറ്റേന്ന് ഉച്ചയോടെയാണ് അതിന് സംവിധാനം ഉണ്ടായത്.
ഒക്ടോബര്‍ 30ന് പ്രതീകാത്മകമായി കര്‍സേവ നടന്നു. തര്‍ക്കമന്ദിരത്തിന്റെ മകുടത്തില്‍ കോത്താരി സഹോദരന്മാര്‍ കാവിക്കൊടി സ്ഥാപിച്ചു. തര്‍ക്കമന്ദിരം പ്രതീകാത്മകമായി പിടിച്ചെടുത്ത് പതാക ഉയര്‍ത്തിയതിലൂടെ ആദ്യ കര്‍സേവ വിജയിച്ചു. അതിന്റെ ആവേശത്തിലായിരുന്നു മടക്കയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: