തനിനാടന്‍ തെയ്യത്തിന്റെ മിഴിവേകുന്ന ചാരുത ഉണര്‍ത്തി വേദിയില്‍ കലി തുള്ളിയാടി കൊച്ചു മിടുക്കന് ആദികേശ് സദസ്സിനെ കയ്യിലെടുത്തു. പുരാതന കാലത്തെ മരുത് തെയ്യത്തിന്റെ രൂപാന്തരമാണ് കാസര്‍ഗോഡ് സ്വദേശിയായ ആദികേശ് എച്ച്എസ് വിഭാഗം നാടോടിനൃത്ത വേദിയില്‍ അവതരിപ്പിച്ചത്.
തെയ്യത്തിന്റെ കടുംചുവപ്പ് വസ്ത്രമണിഞ്ഞ് തുളസിയും തെച്ചിപ്പൂവും കൊരുത്ത മാല ധരിച്ച് രക്ത വര്‍ണ്ണ കുങ്കുമം തൊട്ട് ദൈവിക രൂപത്തിലെത്തിയ ആദികേശ് നാലാം വേദിയായ ജയന് സ്മൃതിയെ ഭക്തിസാന്ദ്രമാക്കി. നൃത്താവസാനം മൂര്‍ദ്ധാവില്‍ മുടിയേറ്റി തെയ്യം ഉറഞ്ഞു തുള്ളി. പ്രാചീന കാലത്തെ സാമൂഹിക ജീവിതത്തിനെ വേദിയില്‍ പ്രതിഫലിപ്പിക്കാന്‍ കാസര്‍ഗോഡ് അമ്പലത്തറ ജിവിഎച്ച്എസ്എസ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയായ ആദികേശിന് കഴിഞ്ഞു. ദൈവം എന്നതിന്റെ വാമൊഴി രൂപം വളരെ ഭംഗിയായി വേദിയില്‍ ആവിഷ്കരിക്കുകയായിരുന്നു.
ദൈവ ചൈതന്യമാര്‍ന്ന മുഖശ്രീയോടും ക്രോധം നിറഞ്ഞ നോട്ടത്താലും കലിയിളകിയ ചുവടുവെയ്പ്പാലും വേദിയില്‍ തെയ്യാട്ടമാടി. ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടാണ് ആദികേശ് നൃത്തം പരിശീലിച്ചത്. പി. പി. ബഷീറാണ് നൃത്ത ഗുരു. സന്ധ്യ കലിഗയാണ് ക്ലാസിക്കല്‍ നൃത്തം പരിശീലിപ്പിക്കുന്നത്. നൃത്താവതരണത്തിന്റെ അവസാന നിമിഷം കഥാപാത്രത്തില്‍ അലിഞ്ഞ് നിറകണ്ണുകളുമായാണ് ആദികേശ് വേദി വിട്ടത്. പി. ഗോപി എം. സജിത ദമ്പതികളുടെ മകനാണ് പി. ആദികേശ്. സഹോദരി പി. അഭിലക്ഷ്മി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: