62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവം സമാപിക്കാന്‍ രണ്ടു ദിനങ്ങള്‍ മാത്രം. ജില്ലകള്‍ തമ്മില്‍ ശക്തമായ പോരാട്ടം. ആദ്യദിനം തൃശൂരും കോഴിക്കോടും ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും രണ്ടും മൂന്നും ദിനങ്ങളില്‍ കണ്ണൂരിന്റെ മുന്നേറ്റമായിരുന്നു.
164 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഒന്നാമതെത്താന്‍ 640 പോയിന്റു നേടി കണ്ണൂരിന്റെ കുതിപ്പ്. കഴിഞ്ഞ വര്‍ഷത്തെ ജേതാക്കളായ കോഴിക്കോട് 625 പോയിന്റോടെ തൊട്ടുപിന്നിലുണ്ട്. പാലക്കാട് (623), തൃശൂര്‍ (608), കൊല്ലം (602) പോയിന്റുകള്‍ നേടി അഞ്ചുവരെ സ്ഥാനങ്ങളിലുണ്ട്. മലപ്പുറം (597), എറണാകുളം (591), തിരുവനന്തപുരം (566), ആലപ്പുഴ (561), കാസര്‍കോട് (551), കോട്ടയം (549), വയനാട് (517), പത്തനംതിട്ട (489), ഇടുക്കി (467) എന്നിങ്ങനെയാണ് മറ്റു ജില്ലകളുടെ പോയിന്റു നില.
കൗമാരകേരളത്തിന്റെ വീറുറ്റ പോരാട്ടത്തില്‍ കൊല്ലം മറ്റൊരു പൂരത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു. ആസ്വാദകരുടെ മനംകവര്‍ന്ന് കലാപ്രതിഭകള്‍ വേദികള്‍ കീഴടക്കി മുന്നേറുകയാണ്. ആരാണ് മുന്നില്‍… ആരാണ് പിന്നില്‍.. പ്രവചിക്കുക വിധികര്‍ത്താക്കള്‍ക്കു പോലും അസാധ്യം. അത്ര മികച്ച പോരാട്ടമാണ് ഓരോ മത്സരത്തിലും നടക്കുന്നത്.
കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഒഴുകിയെത്തിയതോടെ വേദികള്‍ക്കു മുന്നിലെ ഇരിപ്പിടങ്ങള്‍ നിറഞ്ഞു കവിഞ്ഞു. അവധി ദിനങ്ങള്‍ എത്തിയതോടെ ഇന്നലെ രാവിലെ മുതല്‍ തന്നെ കലോത്സവ നഗരികളിലേക്ക് ജനപ്രവാഹമായിരുന്നു. ഒന്നരപതിറ്റാണ്ടിനു ശേഷം എത്തിയ കലോത്സവത്തെ കൊല്ലം ആവേശപൂര്‍വമാണ് ഏറ്റെടുത്തിരിക്കുന്നത്. കൊല്ലത്തിന്റെ മണ്മറഞ്ഞ സാംസ്കാരിക നായകന്മാരുടെ പേരിലുള്ള 24 വേദികളില്‍ മത്സരാര്‍ത്ഥികളുടെ കലാവൈഭവം അരങ്ങുതകര്‍ക്കുകയാണ്.
നൃത്തവേദികള്ക്കൊപ്പം തന്നെ നൃത്തേതര വേദികളും ആസ്വാദകര്‍ കയ്യടക്കുന്നു. മത്സരങ്ങള്‍ പുലര്‍ച്ചയോളം നീണ്ടതൊന്നും ഈ ആവേശത്തിനെ അണച്ചില്ല. രാവിലെ അടുത്ത മത്സരം തുടങ്ങുമ്പോഴും അതേ ആവേശം. കലോത്സവത്തിന്റെ ഇനിയുള്ള രണ്ടുനാള്‍ കൂടി കൊല്ലത്തിന് ഉത്സവത്തിന്റെ പകലിരവുകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: