അയോധ്യയിലെ ശ്രീരാമജന്മഭൂമിയില് ശ്രീരാമന് സമുചിതമായ ക്ഷേത്രം പുനര്‍നിര്‍മിക്കാനും ശ്രീരാമന്റെ പുനഃപ്രതിഷ്ഠ നിര്‍വഹിക്കാനും അക്ഷീണം പരിശ്രമിച്ച സംന്യാസി വര്യന്മാരില് പ്രാതസ്മരണീയനാണ് തിരുവനന്തപുരത്ത് ചെങ്കോട്ടുകോണം ശ്രീരാമദാസാശ്രമത്തിലെ മഠാധിപതിയായിരുന്ന സ്വാമി സത്യാനന്ദസരസ്വതി. രാമക്ഷേത്രത്തിനായി ഭാരത ജനസമൂഹത്തിന്റെ കദനം നിറഞ്ഞ കാത്തിരിപ്പിനും ക്ലേശഭൂയിഷ്ഠമായ കഠിനാധ്വാനത്തിനുമെല്ലാം അഞ്ചു നൂറ്റാണ്ടിന്റെ ചരിത്രമുണ്ടെന്ന് സകലരെയും ബോധ്യപ്പെടുത്താന്‍ അദ്ദേഹം പലപ്രകാരത്തില്‍ പ്രയത്നിച്ചു. ശ്രീരാമജന്മഭൂമി ന്യാസ്മഞ്ചില് ട്രസ്റ്റിയായി പ്രവര്‍ത്തിച്ചുകൊണ്ട് ദക്ഷിണേന്ത്യയിലെമ്പാടും കേരളത്തില്‍ വിശേഷിച്ചും സമൂഹത്തെ ശ്രീരാമക്ഷേത്ര നിര്‍മിതിയില്‍ ജാഗ്രത്താക്കാന്‍ അദ്ദേഹം ചെയ്ത പരിശ്രമങ്ങള്‍ മറക്കാവതല്ല.
രണ്ടു പ്രകാരത്തിലാണ് സ്വാമിജി ഇതിനായി പ്രവര്‍ത്തിച്ചത്. രാമനും രാമക്ഷേത്രത്തിനുമെതിരെ വോട്ടു ബാങ്ക് രാഷ്ട്രീയക്കാരും സ്ഥാപിതതാത്പര്യക്കാരും സംഘടിതമായി നടത്തിയ കുപ്രചരണങ്ങള്‍ക്ക് മറുപടി നല്കി ജനങ്ങളെ പ്രബുദ്ധരാക്കുക എന്നതാണ് ഒന്ന്. ജനഹൃദയങ്ങളില്‍ ശ്രീരാമഭക്തിയും രാമായണ സംസ്ക്കാരവും വിവിധ കര്‍മപദ്ധതികളിലൂടെ പ്രോജ്ജ്വലിപ്പിച്ച് ക്ഷേത്രനിര്‍മിതിക്കും നവോത്ഥാനത്തിനും അനുരൂപമായ അന്തരീക്ഷമൊരുക്കുക എന്നത് രണ്ടാമത്തേതും. രണ്ടും ഒരുമിച്ച് പ്രവര്‍ത്തിപ്പിച്ച് പരസ്പര പൂരകമായ ധാര്‍മിക പ്രതിരോധനിര അദ്ദേഹം പടുത്തുയര്‍ത്തി. ജാതിമതവര്ഗവര്ണഭേദങ്ങളില്ലാതെ ഏവരേയും ഒരുമിപ്പിക്കുന്ന അഹിംസാത്മക സ്നേഹപദ്ധതിയായിരുന്നു അത്. അദ്ദേഹം സമൂഹ നന്മയ്ക്കായി നടത്തിയ ധര്മസമരങ്ങളധികവും ഇതിനോടിണക്കിയാണ് ചെയ്തു പോന്നിരുന്നത്.
സ്വതന്ത്രഭാരതം നിലവില്‍ വന്നതോടെ നാടിന്റെ സാംസ്ക്കാരിക തനിമകളെ ആയിരത്താണ്ടുകളിലൂടെ കാത്തുസൂക്ഷിച്ചു പോന്ന ചരിത്രഭൂമികളെല്ലാം സംരക്ഷിക്കപ്പെടേണ്ടതായിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും സുസ്ഥിരതയ്ക്കും സര്‍വതോമുഖമായ കരുത്തിനും പുരോഗതിക്കും അത്യന്താപേക്ഷിതമാണ് അതെന്ന് സ്വാമിജി അനേകം വേദികളില്‍ ഏവരെയും ഉദ്ബോധിപ്പിച്ചു. സ്വന്തം പാരമ്പര്യത്തില്‍ അഭിമാനമില്ലാത്ത ഏതൊരു രാജ്യത്തേയും കാത്തിരിക്കുന്നത് അനിവാര്യമായ പതനമാണ്. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകള്‍ തുറന്നിടുന്ന വികസനോന്മുഖമായ നൂതനകര്മമണ്ഡലങ്ങളില് പാരമ്പര്യസാംസ്കാരികോര്ജത്തിന്റെ പ്രാണപ്രതിഷ്ഠ ചെയ്യുമ്പോള്‍ മഹാത്ഭുതങ്ങള്‍ സൃഷ്ടിക്കപ്പെടും. ശ്രീരാമജന്മഭൂമിക്കും ശ്രീകൃഷ്ണജന്മഭൂമിക്കും സോമനാഥത്തിനും കാശിവിശ്വനാഥസങ്കേതത്തിനുമെല്ലാം പ്രസക്തി വാനോളം വര്‍ധിക്കുന്നത് അതിനാലാണ്. ആക്ഷേപങ്ങളും പ്രതിബന്ധങ്ങളും വ്യാജപ്രചാരണങ്ങളും പലകോണുകളില്‍ നിന്നും നിരന്തരം പുറപ്പെട്ടുകൊണ്ടേയിരിക്കും. ഒന്നിലും തളരാതെ മുന്നേറാന്‍ കരുത്തു പകരുന്ന വാങ്മയങ്ങളായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗങ്ങളെല്ലാം. ഈ ശക്തിസന്ദേശവുമായി അദ്ദേഹം ഭാരതമെമ്പാടും സഞ്ചരിച്ചു. അയോധ്യയുടെ ചരിത്രപരമായ വസ്തുതകളും സാംസ്ക്കാരിക പ്രാധാന്യവും വിശ്വശാന്തിവളര്ത്താനുള്ള കര്‍മശേഷിയും അങ്ങനെ വ്യക്തമാക്കപ്പെട്ടു. ഭാരതത്തിന്റെ വിവിധ പുണ്യസങ്കേതങ്ങളില് നടന്ന ശ്രീരമജന്മഭൂമി ന്യാസ് മഞ്ചിന്റെ സമ്മേളനങ്ങളിലെല്ലാം സ്വാമിജി പങ്കെടുത്തിരുന്നു. മഞ്ചിന്റെ കര്‍മപദ്ധതികള്‍ രൂപപ്പെടുത്തുന്നതിലും അദ്ദേഹം അസാധാരണമായ പങ്കുവഹിച്ചിട്ടുണ്ട്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: