അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് നിലമൊരുക്കുകയായിരുന്നു മഹന്ത് അവൈദ്യനാഥ്. രാമജന്മഭൂമിയില്‍ നിന്ന് 137 കിലോമീറ്റര്‍ അകലെ ഗോരഖ്പൂരില്‍ 1935ല്‍ മഹന്ത് ദിഗ്വിജയനാഥിന്റെ കാര്‍മ്മികത്വത്തില്‍ ഗോരക്ഷാപീഠത്തില്‍ നിന്നാണ് അയോദ്ധ്യാ പ്രസ്ഥാനം ജനകീയമുന്നേറ്റമായി ജ്വലിച്ചുയര്‍ന്നത്. 1969ല്‍ ദിഗ്വിജയനാഥിന്റെ സമാധിക്ക് ശേഷം മഠാധിപതി ആയ മഹന്ത് അവൈദ്യനാഥിന്റെ തീവ്രദീര്‍ഘ തപസ് ആ മുന്നേറ്റത്തില്‍ നിര്‍ണായകമായി.
ലക്ഷ്യം അദ്ദേഹത്തിന് സുനിശ്ചിതമായിരുന്നു. രാമജന്മഭൂമിയില്‍ രാമക്ഷേത്രം.. രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ… തലമുറകള്‍ പോറ്റിയ സ്വപ്‌നത്തിനാണ് അവൈദ്യനാഥ് ധീരമായ നേതൃത്വം നല്കിയത്. പ്രസംഗിക്കുക മാത്രമല്ല ധര്‍മ്മത്തിനായി യുദ്ധവും ചെയ്യണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംന്യാസിക്ക് രാഷ്‌ട്രീയമാകാമോ എന്ന് നെറ്റിചുളിച്ചവരുടെ മുന്നില്‍ അദ്ദേഹം തെരഞ്ഞെടുപ്പിനിറങ്ങി. ജയിച്ചു. എംപിയും എംഎല്‍എയുമായി. എവിടെയും ധര്‍മ്മസമരത്തെക്കുറിച്ച് മാത്രം പ്രസംഗിച്ചു. അയോദ്ധ്യയുടെ മോചനത്തിനായി ഏതറ്റം വരെയും പോകുമെന്ന് പ്രഖ്യാപിച്ചു.
സ്വതന്ത്രഭാരതത്തിന്റെ ദിശ മാറ്റിയ ദേശീയമുന്നേറ്റത്തിന് ഊടും പാവും പകര്‍ന്നത് ഗോരഖ്പൂരിലെ ഗോരക്ഷപീഠാധീശന്മാരാണെന്നത് അത്ഭുതകരമായ ഒരു ചരിത്രപാഠമാണ്. ഒരേ സമയം ജാതിക്ക് അതീതമായ സാമാജികഏകീകരണവും ദേശീയസംഘടനാപ്രവര്‍ത്തനവും മുന്നോട്ടുനയിച്ച ആചാര്യന്മാര്‍. ഒരിക്കലും അണയാതെ രാമജന്മഭൂമി എന്ന തീക്കനല്‍ കാത്തുസൂക്ഷിച്ചവര്‍. ഭിന്നിപ്പിക്കല്‍ ഭരണതന്ത്രമാക്കിയ ബ്രിട്ടീഷുകാരന്റെ അധിനിവേശകാലത്ത് മഹന്ത് ദിഗ്വിജയനാഥായിരുന്നു സമരനായകന്‍. ആചാര്യന്റെ സമാധിക്ക് ശേഷം അത് മഹന്ത് അവൈദ്യനാഥ് ഏറ്റെടുത്തു. ഇതാ ഒടുവില്‍ പ്രാണപ്രതിഷ്ഠയുടെ ചരിത്രമുഹൂര്‍ത്തത്തിലേക്ക് നാടിനെ നയിക്കാനുള്ള നിയോഗം മൂന്നാം തലമുറക്കാരനായ യോഗി ആദിത്യനാഥിനും.
പോരാട്ടത്തിന്റെ പാതയിലേക്ക് വിവിധ ഹിന്ദുസമ്പ്രദായങ്ങളിലെ ആചാര്യന്മാരെ അവൈദ്യനാഥ് ഒരുമിച്ച് അണിനിരത്തി. എല്ലാ ഭിന്നതകള്‍ക്കുമപ്പുറം അവര്‍ രാമനെ ആദര്‍ശമായി സ്വീകരിച്ചു. അവൈദ്യനാഥിനെ ആദരവോടെ സ്വീകരിച്ചു. സമൂഹത്തിലെ ജാതിവിവേചനങ്ങള്‍ക്കെതിരെ അദ്ദേഹം പൊരുതി. എല്ലാ മതങ്ങളിലുംപെട്ടവര്‍ ഗോരക്ഷാപീഠത്തെ ബഹുമാനിച്ചു. 1984 ജൂലൈ 21ന് രാമജന്മഭൂമി മുക്തിയജ്ഞസമിതി രൂപീകരിച്ചപ്പോള്‍ അവൈദ്യനാഥ് അതിന്റെ അദ്ധ്യക്ഷനായി. അതേവര്‍ഷം സപ്തംബറില്‍ ബിഹാറിലെ സീതാമര്‍ഹിയില്‍ നിന്ന് അയോദ്ധ്യയിലേക്ക് അവൈദ്യനാഥ് നടത്തിയ യാത്ര രാമജന്മഭൂമി പ്രസ്ഥാനത്തെ സാധാരണക്കാരിലേക്ക് എത്തിച്ചു. 1989 സപ്തംബര്‍ 22ന് ദല്‍ഹിയില്‍ നടന്ന മഹാറാലിയില്‍ ശിലാന്യാസം ആഹ്വാനം ചെയ്തത് അദ്ദേഹമാണ്. ഹരിദ്വാറില്‍ സംന്യാസിമാരുടെ യോഗം വിളിച്ചുചേര്‍ത്ത അവൈദ്യനാഥ് ഇനി വിശ്രമിക്കാന്‍ നേരമില്ലെന്ന് ഉദ്‌ബോധിപ്പിച്ചു. വിജയത്തിലേക്കുള്ള കുതിപ്പിന് രാജ്യമൊരുങ്ങി. കര്‍സേവകള്‍ കോളിളക്കങ്ങള്‍ തീര്‍ത്തു. അപമാനഗോപുരങ്ങള്‍ തകര്‍ന്നടിഞ്ഞു. ബാലകരാമനെ പ്രതിഷ്ഠിച്ചു. പിന്നെ കാത്തിരിപ്പായിരുന്നു. ഭവ്യമായ രാമക്ഷേത്രത്തിന് വേണ്ടിയുള്ള കാത്തിരിപ്പ്… നിയമപോരാട്ടം… തൊണ്ണൂറ്റഞ്ചാം വയസില്‍ സമാധിയാകും വരെ ആ തപസ് അദ്ദേഹം തുടര്‍ന്നു.
ലോകമെങ്ങും രാമക്ഷേത്രവും ഹിന്ദുത്വവും ചര്‍ച്ചയായപ്പോഴെല്ലാം ഗോരഖ്പൂരിലെ മഹന്തിന്റെ പേരും ഒപ്പം ഉയര്‍ന്നുകേട്ടു. അവൈദ്യനാഥ് അയോദ്ധ്യാനാഥാണെന്ന് അന്താരാഷ്‌ട്രമാധ്യമങ്ങളില്‍ തലക്കെട്ട് നിരന്നു. സാക്ഷാല്‍ അയോദ്ധ്യാനാഥന് അഞ്ഞൂറ് വര്‍ഷത്തെ അധിനിവേശത്തില്‍ നിന്ന് മോചനം. പരമമായ സ്വാതന്ത്ര്യത്തിലേക്കുള്ള ചുവടുവയ്പ്… രാമന്‍ തന്നെ രാഷ്‌ട്രം എന്ന് ലോകത്തോട് പ്രഖ്യാപിച്ച മഹന്ത് അവൈദ്യനാഥിന്റെ തപസ് സഫലമാകുന്നു….
പ്രതികരിക്കാൻ ഇവിടെ എഴുതുക: