കണ്ണൂര്‍ : എംഎല്‍എ എം. വിജിനും ടൗണ്‍ എസ്ഐയും തമ്മിലുണ്ടായ വാക്കു തര്‍ക്കങ്ങളെ തുടര്‍ന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അന്വേഷണം തുടങ്ങി. എസ്ഐ അപമാനിച്ചതായി എംഎല്‍എ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം.
കഴിഞ്ഞ ദിവസം ഗവണ്മെന്റ് നേഴ്സസ് അസോസിയേഷന് കളക്ട്രേറ്റിലേക്ക് നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. കളക്ടറേറ്റ് വളപ്പില്‍ കടന്നവര്‍ക്കെതിരെ കേസെടുക്കുമെന്ന ടൗണ്‍ എസ്ഐയുടെ നിലപാടാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പ്രകടനമായെത്തിയ നഴ്സുമാര്‍ അകത്തുകയറിയത് തടയാന്‍ പോലീസ് സ്ഥലത്തുണ്ടായില്ല. ഇത് പോലീസിന്റെ ഭാഗത്തു നിന്നുള്ള വീഴ്ചയാണ്. പിന്നെന്തിനാണ് കേസെടുക്കുന്നതെന്നും എംഎല്‍എ ചോദിച്ചു. എന്നാല്‍ എസ്ഐയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുക്കാനായി പോലീസ് ഉദ്യോഗസ്ഥ എംഎല്‍എയുടെ പേര്് ചോദിച്ചതും വീണ്ടും പ്രശ്നം വഷളാക്കി.
ഇതോടെ എംഎല്‍എ എസ്ഐക്കെതിരെ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ എസിപി ഇന്ന് വിജിന്റെ മൊഴിയെടുക്കും. എസ്ഐ, കെജിഎന്‍എ ഭാരവാഹികള്‍, പിങ്ക് പൊലീസ് എന്നിവരുടെയും മൊഴി രേഖപ്പെടുത്തും. ഇതിന് ശേഷമാകും കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കുക. കളക്ടറേറ്റ് ഗേറ്റില്‍ സുരക്ഷ ഒരുക്കുന്നതിലും എംഎല്‍എയോട് പെരുമാറിയതിലും എസ്ഐയ്ക്ക് വീഴ്ചയുണ്ടായെന്നാണ് ഉന്നത ഉദ്യോഗസ്ഥരുടെ നിഗമനം.
സിവില്‍ സ്റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയതിനും അന്യായമായി സംഘം ചേര്‍ന്നതിനും വകുപ്പുകള്‍ ചുമത്തി ടൗണ്‍ പോലീസ് കേസെടുത്തു. കെജിഎന്‍എ ഭാരവാഹികളും കണ്ടാലറിയാവുന്ന നൂറോളം പേര്‍ക്കുമെതിരെയാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ എഫ്ഐആറില്‍ പക്ഷേ മാര്‍ച്ച് ഉദ്ഘാടകനായ എംഎല്‍എയുടെ പേര് ഉള്‍പ്പെടുത്തിയില്ല, ഒഴിവാക്കി. വിജിനെതിരെ മാത്രമല്ല നഴ്സുമാക്കെതിരെയും കേസ് ആവശ്യമില്ലെന്നാണ് സിപിഎം നിലപാട്. ക്രമസമാധാപ്രശ്നം ഉണ്ടായിട്ടില്ലെന്നും സിപിഎം വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: