ഏറ്റുമാനൂര്‍: പിച്ചവച്ച മണ്ണിലേക്ക്, കുഞ്ഞോര്മകളുടെ സുഗന്ധം പേറുന്ന തറവാട്ടുമുറ്റത്തേക്ക് അരനൂറ്റാണ്ടിനു ശേഷം അഞ്ജലിയും അഞ്ജനയുമെത്തി, അമേരിക്കയില്‍ നിന്ന്. കണ്ണീരും പുഞ്ചിരിയും അവരെ സ്വീകരിക്കാനെത്തിയവരുടെ മുഖങ്ങളില്‍ മാറിമാറി നിറഞ്ഞു. 25 വര്‍ഷം മുമ്പത്തെ ഓര്‍മകളുമായി ഇരുവരും ജനിച്ചുവളര്‍ന്ന വീട്ടിലേക്ക് നാട്ടിടവഴികളിലൂടെ നടന്നെത്തി.
നാലും രണ്ടും വയസുള്ളപ്പോഴാണ് ഇരുവര്‍ക്കും മാതാപിതാക്കളെ നഷ്ടമായത്. 1998 – 99… സഹോദരിമാരുടെ ജീവിതത്തിലെ ഇരുണ്ടകാലമായിരുന്നു. ഏറ്റുമാനൂര്‍ നഗരസഭാ പരിധിയില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിനോട് ചേര്‍ന്ന 33-ാം വാര്‍ഡിലായിരുന്നു ഇവരുടെ കുടുംബം താമസിച്ചിരുന്നത്. മാറാരോഗത്താല്‍ അച്ഛനും അമ്മയും മരിച്ചപ്പോള്‍ വൃദ്ധയായ വല്യമ്മ കല്യാണിയുടെ തണലിലായിരുന്നു ഇരുവരും. അന്നത്തെ വാര്‍ഡ് മെമ്പര്‍ ആയിരുന്ന അഡ്വ. സിബി വെട്ടൂര്‍ കുഞ്ഞുങ്ങളെ കാഞ്ഞിരപ്പള്ളിയിലെ ശിശുക്ഷേമ ഭവനില്‍ എത്തിച്ചു. ഇവിടെ നിന്ന് അമേരിക്കന്‍ ദമ്പതികളായ ജോ ആനും ബില്ലും ദത്തെടുത്തു. ഇരുവരും അങ്ങനെ ജന്മനാട് വിട്ട് അമേരിക്കയിലെത്തി. മാതൃഭാഷ മറന്നെങ്കിലും പിറന്ന മണ്ണ് എന്നും അവരുടെ ഓര്‍മകളിലുണ്ടായിരുന്നു.
ഏറ്റുമാനൂരിലെ തറവാട്ടു വീട് പിന്നീട് വിറ്റു. നിലവിലെ താമസക്കാരന് പൊന്നപ്പന് വീടിന് യാതൊരു മാറ്റവും വരുത്തിയില്ല. ബാല്യം ചെലവഴിച്ച ആ പഴയ വീട്ടിലേക്കും കാര്യമായ മാറ്റങ്ങള്‍ സംഭവിക്കാത്ത ചുറ്റുപാടിലേക്കുമാണ് ഇരുവരുമെത്തിയത്. അമ്മയുടെ സഹോദരി മിനിയും ഇവരെ സ്വീകരിക്കാന്‍ പഴയ തറവാട്ടില്‍ എത്തിയിരുന്നു.
ബാല്യത്തിലെ കൂട്ടുകാരുടെ വിവരങ്ങളറിയാനായിരുന്നു അഞ്ജലിയുടേയും അഞ്ജനയുടേയും മനസ് വെമ്പല്‍ കൊണ്ടത്. ബന്ധുക്കളോടും നാട്ടുകാരോടും രക്ഷിതാക്കളായ ജോ ആനും, ബില്ലും സൗഹൃദം പങ്കുവച്ച് ഒപ്പം നിന്നു. അമേരിക്കയിലെ ചിക്കാഗോയിലാണ് താമസം. അഞ്ജലി ബിഎസ്ഡബ്ല്യു എടുത്തു. അഞ്ജന ഫിസിയോതെറാപ്പിയില്‍ ഡിഗ്രി പഠനം പൂര്‍ത്തീകരിച്ചു. ജന്മനാട്ടിലെത്തിയ ഇവര്‍ക്ക് ഹൃദ്യമായ സ്വീകരണമാണ് ലഭിച്ചത്. പൂമാല ചാര്‍ത്തിയും ബൊക്കെ നല്‍കിയും മധുരം വിളമ്പിയും വരവ് നാട്ടുകാര്‍ ആഘോഷമാക്കി. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയശേഷം ഇനിയും എത്താമെന്ന പ്രതീക്ഷ പങ്കുവച്ചാണ് അഞ്ജലിയും അഞ്ജനയും രക്ഷിതാക്കള്‍ക്കൊപ്പം മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: