ഛണ്ഡീഗഢ്: ഹരിയാന കോണ്‍ഗ്രസിലെ എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന. ഖനിവ്യവസായി കൂടിയായ സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ നിന്നും 5 കോടിയുടെ കറന്‍സിയാണ് ഇഡി പിടിച്ചെടുത്തത്.സോനിപതിലെ കോണ്‍ഗ്രസ് എംഎല്‍എ സുരേന്ദ്ര പന്‍വാര്‍. കള്ളപ്പണനിരോധന നിയമം ലംഘിച്ചതിന്റെ പേരിലാണ് റെയ്ഡ് നടന്നത്.
സുരേന്ദ്ര പന്‍വാറിന്റെ വീട്ടില്‍ മാത്രമല്ല, അദ്ദേഹത്തിന്റെ കൂട്ടാളികളുടെ വീടുകളിലും റെയ്ഡ് നടന്നു. ഇദ്ദേഹത്തിന്റെ അനുയായി സുരേഷ് ത്യാഗിയുടെ വീട്ടിലും റെയ്ഡ് നടന്നു. മുന്‍ ഐഎന്‍എല്‍ഡി എംഎല്‍എയായ ദില്‍ബാഗ് സിങ്ങിന്റെയും അദ്ദേഹത്തിന്റെ കൂട്ടാളികളുടെയും വീടുകളില്‍ അനധികൃത കല്‍ക്കരി ഖനനത്തിന്റെ പേരിലായിരുന്നു റെയ്ഡ്. ദില്‍ബാഗ് സിങ്ങ് ഹരിയാനയിലെ ഏക ഐഎന്‍എല്‍ഡി എംഎല്‍എ ആയ അഭയ് സിങ്ങ് ചൗട്ടാലയുടെ അടുത്ത സുഹൃത്താണ്. ദില്‍ബാഗ് സിങ്ങിന്റെ മകളെ വിവാഹം കഴിച്ചിരിക്കുന്നത് അഭയ് സിങ്ങ് ചൗട്ടാലയുടെ മകനാണ്. 2021ല്‍ അഭയ സിങ്ങ് ചൗട്ടാല കര്‍ഷക സമരത്തിന്റെ പേരില്‍ എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നു. പക്ഷെ കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പില്‍ കൂട്ടുചേരാനുള്ള ഐഎന്‍എല്‍ഡിയുടെ ശ്രമം കോണ്‍ഗ്രസ് നേതാവ് ഭൂപിന്ദര്‍ സിങ്ങ് ഹൂഡ തള്ളിക്കളയുകയാണ്. ഹരിയാനയിലെ കോണ്‍ഗ്രസിന്റെ നേതാവാണ് ഭൂപീന്ദര്‍ സിങ്ങ് ഹുഡ. ബിജെപിയും ഐഎന്‍എല്‍ഡിയെ അടുപ്പിക്കുന്നില്ല.
സോനിപത്തില്‍ മാത്രമല്ല, ചണ്ഡീഗഢ്, യമുനാ നഗര്‍, കര്‍ണാല്‍, മൊഹാലി, ഫരീദാബാദ് എന്നിവിടങ്ങളിലും റെയ്ഡ് നടത്തിയിരുന്നു.റെയ്ഡില്‍ അനധികൃത വിദേശ നിര്‍മ്മിത തോക്കുകളും 300 തിരകളും നൂറില്‍പ്പരം മദ്യക്കുപ്പികളും പിടിച്ചെടുത്തിട്ടുണ്ട്. ഇതിന് പുറമെ ഏകദേശം അഞ്ച് കിലോയോളം വരുന്ന മൂന്ന് സ്വര്‍ണ്ണബിസ്കറ്റുകളും പിടിച്ചു.
റെയ്ഡ് സമയത്ത് വീട്ടിലുള്ള കുടുംബാംഗങ്ങളുടെ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. ആറ് വാഹനങ്ങളിലായി 20ഓളം ഇഡി ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്. അനധികൃത കല്‍ക്കരി, കരിങ്കല്‍, മണല്‍ ഖനനത്തിന്റെ പേരില്‍ 2013ലാണ് ഇഡി സുരേന്ദ്രപന്‍വാറിന്റെ പേരില്‍ കേസെടുത്തത്. നേരത്തെ ഹരിയാന പൊലീസും കേസെടുത്തിരുന്നു. അധികൃത ഖനനം നടത്തുന്നതിനുള്ള കൂപ്പണ്‍ വിതരണം ചെയ്യുന്നതിനുള്ള ഹരിയാന സര്‍ക്കാരിന്റെ ഇ-രാവണ്‍ എന്ന ഓണ്‍ലൈന്‍ സംവിധാനം അട്ടിമറിച്ച് സുരേന്ദ്ര പന്‍വാര്‍ വ്യാജ ഇ-പോര്‍ട്ടല്‍ തുടങ്ങിയിരുന്നതിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക