അദാനി ഗ്രൂപ്പ് ഓഹരി വിലയില്‍ ക്രമക്കേടു കാണിച്ച് നേട്ടം കൊയ്തു എന്ന ആരോപണത്തെക്കുറിച്ച് സ്വതന്ത്ര സമിതി അന്വേഷിക്കണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയത് ‘ഇന്‍ഡി’ സംഘത്തില്‍പ്പെടുന്ന കക്ഷികള്‍ക്ക് വലിയ തിരിച്ചടിയാണ്. ഇതുസംബന്ധിച്ച് ഓഹരി വിപണികളെ നിയന്ത്രിക്കുകയും നിക്ഷേപകരുടെ താല്‍പ്പര്യം സംരക്ഷിക്കുകയും ചെയ്യുന്ന സംവിധാനമായ സെബിയും വിദഗ്‌ദ്ധ സമിതിയും അന്വേഷിക്കുന്നുണ്ട്. ഇതില്‍ അവിശ്വാസം പ്രകടിപ്പിച്ചാണ് സ്വതന്ത്ര സമിതി അന്വേഷിക്കണമെന്ന ആവശ്യം ഹര്‍ജിക്കാര്‍ ഉന്നയിച്ചത്. തങ്ങളുടെ ആരോപണം ശരിവയ്‌ക്കുന്ന തരത്തിലായിരിക്കണം അന്വേഷണമെന്ന നിക്ഷിപ്ത താല്‍പ്പര്യമായിരുന്നു ഇതിന് പിന്നില്‍. ഇക്കാര്യം മനസ്സിലാക്കിയ കോടതി ഹര്‍ജിക്കാരുടെ ആവശ്യം നിരസിക്കുക മാത്രമല്ല, അന്വേഷണം പൂര്‍ത്തിയാക്കാന്‍ സെബിക്ക് മൂന്നുമാസം കൂടി അനുവദിക്കുകയും ചെയ്തു. വിദഗ്‌ദ്ധ സമിതി അംഗങ്ങള്‍ക്ക് അദാനി ഗ്രൂപ്പുമായി ബന്ധമൊന്നുമില്ലെന്നും, സെബി നടത്തുന്ന അന്വേഷണത്തിലിടപെടാന്‍ കോടതിക്ക് പരിമിതിയുണ്ടെന്നും, നിയമലംഘനം എന്തെങ്കിലുമുണ്ടായിട്ടുണ്ടെങ്കില്‍ അത് അന്വേഷിക്കേണ്ടത് കേന്ദ്ര സര്‍ക്കാര്‍ ആണെന്നുകൂടി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കിയതോടെ ഹര്‍ജിക്കാര്‍ക്കും പ്രതിപക്ഷത്തിനും ഇനി വിവാദങ്ങള്‍ അവസാനിപ്പിക്കാം. കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാനാണ് ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് ഹര്‍ജിക്കാര്‍ ശ്രമിച്ചതെങ്കിലും ഇപ്പോഴത്തെ ഉത്തരവ് കേന്ദ്രത്തിന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുകയാണ്. ഹിന്‍ഡന്‍ബര്‍ഗും മറ്റും അദാനിഗ്രൂപ്പിന്റെ ഓഹരികളില്‍ നടത്തിയ ഹ്രസ്വകാല ഇടപാടുകള്‍ മൂലം നിക്ഷേപകര്‍ക്കുണ്ടായ നഷ്ടത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്നും കോടതി ഉത്തരവിട്ടത് ഹര്‍ജിക്കാര്‍ക്ക് ഇരട്ടപ്രഹരമായി.
കേന്ദ്ര സര്‍ക്കാരിനും രാജ്യത്തിന്റെ ഉത്തമതാല്‍പ്പര്യത്തിനുമെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ഗൂഢസംഘമാണ് അദാനിഗ്രൂപ്പ് ഓഹരി വിപണിയില്‍ ക്രമക്കേടു നടത്തിയെന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടുവന്നത്. അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹിന്‍ഡന്‍ബര്‍ഗ് എന്ന ഏജന്‍സി നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം വിവാദം സൃഷ്ടിച്ചത്. രാജ്യത്തിന്റെ നിയമപരമായ സംവിധാനത്തെക്കാള്‍ വൈദേശിക ശക്തികളെ വിശ്വസിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. പത്രവാര്‍ത്തകളെ മാത്രം ആശ്രയിച്ച് രാജ്യത്തിന്റെ താല്‍പ്പര്യത്തിനെതിരെ പ്രവര്‍ത്തിക്കുകയായിരുന്നു ഹര്‍ജിക്കാര്‍. രാജ്യസ്‌നേഹിയായ ഒരാള്‍ക്കും അംഗീകരിക്കാനാവുന്ന കാര്യമല്ല ഇത്. പരമോന്നത കോടതിയും ഇപ്പോള്‍ ഈ നിലപാട് എടുത്തിരിക്കുന്നത് പ്രശംസനീയമാണ്. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ത്തന്നെ കേന്ദ്രസര്‍ക്കാര്‍ സെബിയുടെ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഭാരതവിരുദ്ധനായി അറിയപ്പെടുന്ന ശതകോടീശ്വരന്‍ ജോര്‍ജ് സോറോസിനെപ്പോലുള്ളവര്‍ ഫണ്ടു ചെയ്യുന്ന ഒരു സംഘടന ഇതില്‍ സംശയം പ്രകടിപ്പിക്കുകയായിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്നാണ് സുപ്രീംകോടതി ബെഞ്ച് അസന്ദിഗ്ധമായി പ്രഖ്യാപിച്ചിരിക്കുന്നത്. മാധ്യമ റിപ്പോര്‍ട്ടുകള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരിക്കുന്നു. പാര്‍ലമെന്റില്‍ ചോദ്യങ്ങളുന്നയിക്കാന്‍ വ്യവസായിയില്‍നിന്ന് കോഴ വാങ്ങിയതായി കണ്ടെത്തി ലോക്‌സഭയില്‍നിന്ന് പുറത്താക്കിയ തൃണമൂല്‍ കോണ്‍ഗ്രസ്സ് നേതാവ് മഹുവാ മൊയ്ത്ര ഉന്നയിച്ച ആരോപണങ്ങളും ഹര്‍ജിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതില്‍നിന്നുതന്നെ ഹര്‍ജിക്കാര്‍ രാഷ്‌ട്രീയപ്രേരിതമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യക്തമാവുകയുണ്ടായി.
കൃത്രിമമായ ആരോപണങ്ങളുന്നയിച്ച് ഹര്‍ജികളുമായി സുപ്രീംകോടതിയെ സമീപിക്കുന്ന ഒരു സംഘംതന്നെ രാജ്യത്തിനകത്തും പുറത്തുമായി പ്രവര്‍ത്തിക്കുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കോടതികളെ സമ്മര്‍ദ്ദത്തിലാക്കി അനുകൂല വിധി സമ്പാദിക്കുകയാണ് ഇവരുടെ ലക്ഷ്യം. കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിക്കൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെയും, കേന്ദ്ര സര്‍ക്കാര്‍ ഫ്രാന്‍സില്‍നിന്ന് റഫാല്‍ യുദ്ധ വിമാനം വാങ്ങാന്‍ കരാറുണ്ടാക്കിയതുമായി ബന്ധപ്പെട്ടും ഗുരുതര ആരോപണങ്ങളുന്നയിച്ച് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയവര്‍ക്ക് കനത്ത തിരിച്ചടി ലഭിക്കുകയുണ്ടായി. തോല്‍ക്കുമെന്ന് അറിഞ്ഞുകൊണ്ടുതന്നെ യാണ് കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായ മുന്‍ കോണ്‍ഗ്രസ് നേതാവായ കപില്‍ സിബല്‍ പറയുകയുണ്ടായി. റഫാല്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് രാഹുലിനെയും സുപ്രീംകോടതി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. കരുതിക്കൂട്ടി രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുന്നതിനാണ് ഇക്കൂട്ടര്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ഇതില്‍നിന്നൊക്കെ മനസ്സിലാക്കേണ്ടത്. ചില അഭിഭാഷകര്‍ ഇതിനുവേണ്ടി കോടതികള്‍ കയറിയിറങ്ങി നടക്കുകയാണ്. ഇവരെ നിയന്ത്രിക്കുന്നത് രാജ്യവിരുദ്ധ ശക്തികളാണെന്നുതന്നെ കരുതണം. ചില ഹര്‍ജികളുടെ പേരില്‍ അഭിഭാഷകര്‍ അനധികൃതമായി വിദേശഫണ്ട് കൈപ്പറ്റിയ വിവരം പുറത്തുവന്നിട്ടുള്ളതാണ്. ഇത്തരക്കാരുടെ മുഖംമൂടികള്‍ പരമോന്നത നീതിപീഠം തന്നെ വലിച്ചുകീറിയിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. പ്രധാനമന്ത്രി മോദിയും അദാനിയും തമ്മില്‍ അവിശുദ്ധ ബന്ധമുണ്ടെന്ന ആരോപണവും ഇതോടെ നിലംപൊത്തിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: