Categories: News

അദാനി ഗ്രൂപ്പിന്റെ ഓഹരികളെപ്പറ്റി വ്യാജ റിപ്പോര്‍ട്ട്; ഹിഡന്‍ബര്‍ഗിനെതിരെ അന്വേഷണം ശക്തമാകും

Published by

ന്യൂദല്‍ഹി: അദാനി ഗ്രൂപ്പിന്റെ ഓഹരികളെപ്പറ്റി വ്യാജ റിപ്പോര്‍ട്ട് തയാറാക്കിയ ഹിന്‍ഡന്‍ബര്‍ഗിനെതിരെ അന്വേഷണം ശക്തമാകും. അദാനി ഗ്രൂപ്പില്‍ ഓഹരി നിക്ഷേപം നടത്തിയവര്‍ക്ക് ശതകോടികളുടെ നഷ്ടമുണ്ടാക്കിയ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് അന്വേഷണ പരിധിയില്‍ വേണമന്ന സുപ്രീംകോടതി വിധിയെ തുടര്‍ന്നാണ് നടപടി. സെബിയും വിദഗ്ധ സമിതിയും നടത്തുന്ന അന്വേഷണങ്ങളുടെ പരിധിയില്‍ ഹിന്‍ഡന്‍ബര്‍ഗ് വരുന്നതോടെ രാജ്യത്തിന്റെ സമ്പദ്ഘടനയെ തന്നെ ലക്ഷ്യമിട്ട് വിദേശ ശക്തികള്‍ നടത്തിയ നീക്കത്തിനെതിരെ നടപടി ഉണ്ടാവുമെന്ന് ഉറപ്പായി.

അദാനി കമ്പനിക്കെതിരെ വിദേശ രാജ്യം കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചനയാണ് റിപ്പോര്‍ട്ടെന്ന ആരോപണങ്ങള്‍ നേരത്തെ തന്നെ സജീവമായിരുന്നു. ശക്തമായ കമ്പനികള്‍ക്കെതിരെ വ്യാജ റിപ്പോര്‍ട്ടുകള്‍ തയാറാക്കി ഓഹരി നഷ്ടമുണ്ടാക്കി അതില്‍ നിന്ന് ലാഭമുണ്ടാക്കുന്ന രീതിയാണ് ഹിന്‍ഡന്‍ബര്‍ഗിന്റേതെന്ന ആരോപണങ്ങള്‍ സജീവമായിരുന്നു. റിപ്പോര്‍ട്ട് ആധികാരിക രേഖയല്ലെന്നും അദാനി ഗ്രൂപ്പിനെതിരെ പ്രത്യേക അന്വേഷണം വേണമെന്ന ആവശ്യം തള്ളിക്കളയുന്നതായും സുപ്രീംകോടതി വിധിച്ചതോടെ രാജ്യത്തെ പ്രതിപക്ഷ കക്ഷികളും വെട്ടിലായി.

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് ഓഹരിവിപണിയെ സ്വാധീനിച്ചോ എന്ന കാര്യം അന്വേഷിക്കണമെന്ന കോടതി നിര്‍ദേശം, അദാനി ഗ്രൂപ്പിനെതിരെ ഹര്‍ജിയുമായി കോടതിയെ സമീപിച്ചവര്‍ക്കും തിരിച്ചടിയായി. ഹര്‍ജിക്കാര്‍ ലക്ഷ്യമിട്ടതിന് നേരെ എതിര്‍ നടപടിയാണ് കോടതിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by