ന്യൂദല്‍ഹി: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്റെ മകന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ദല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ചയായിരുന്നു ഈ കൂടിക്കാഴ്ച. ചെന്നൈയില്‍ നടക്കുന്ന ഖേലോ ഇന്ത്യ ഗെയിംസ് ഉദ്ഘാടനം ചെയ്യുന്നതിന് ക്ഷണിക്കാനാണ് തമിഴ്നാട് കായികമന്ത്രി കൂടിയായ ഉദയനിധി സ്റ്റാലിന് മോദിയെ കാണാന്‍ എത്തിയത്.
സനാതനധര്‍മ്മത്തെ വിമര്‍ശിച്ച് പ്രസ്താവന നടത്തിയ ശേഷം ഉദയനിധി സ്റ്റാലിനെതിരെ ഇന്ത്യയൊട്ടാകെ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.സനാതനധര്‍മ്മത്തെ ഡെങ്കിപ്പനിയോടും മലേറിയയോടുമാണ് ഉദയനിധി സ്റ്റാലിന് തന്റെ വിവാദപ്രസംഗത്തില്‍ ഉപമിച്ചത്. എന്നാല്‍ പിന്നീട് ഉദയനിധി സ്റ്റാലിന് ഈ വിഷയത്തില്‍ മൗനം പാലിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി മോദി തമിഴ് നാട് സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി സ്റ്റാലിനും പ്രധാനമന്ത്രിയും ഒരു വേദി പങ്കിട്ടിരുന്നു. പൊതുവേ മോദിയ്ക്കെതിരായ രോഷാകുലമായ പ്രതികരണം ഡിഎംകെയും മയപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, തമിഴ്നാടിന് ഇക്കുറി മുന്‍പെന്നത്തേതിനേക്കാള്‍ 2.4 ശതമാനം അധിക ഫണ്ട് നല്‍കിയതായും മോദി കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഇക്കുറി തമിഴ്നാട് പ്രളയത്തില്‍ മുങ്ങിയപ്പോഴും കേന്ദ്രം ഉദാരമായി സംഭാവന ചെയ്തിരുന്നു.
പിന്നീട് മോദിയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉദയനിധി സ്റ്റാലിന് പങ്കുവെച്ചു. തമിഴ്നാട്ടിലെ പ്രളയബാധിത ജില്ലകളില്‍ ദേശീയ ദുരന്തനിവാരണ ഫണ്ട് വിതരണം ചെയ്യാനും പ്രധാനമന്ത്രി എത്തണമെന്ന് ഉദയനിധി സ്റ്റാലിന് അഭ്യര്‍ത്ഥിച്ചു.
ഉദയനിധി സ്റ്റാലിന് എക്സില്‍ പങ്കുവെച്ച കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍:
Glad to have invited Hon’ble Indian Prime Minister, Thiru @narendramodi in New Delhi today for the Opening Ceremony of the Khelo India Youth Games to be held in Chennai on January 19th, 2024.
On behalf of the Tamil Nadu Government, I requested the Prime Minister for the… pic.twitter.com/p3rYnUxmqX
— Udhay (@Udhaystalin) January 4, 2024
മോദിയും ഉദയനിധി സ്റ്റാലിന്റെയും കൂടിക്കാഴ്ചയുടെ ചിത്രം ബിജെപി തമിഴ്നാട് അധ്യക്ഷന്‍ കെ. അണ്ണാമലൈ പങ്കുവെച്ചിരുന്നു. “ഡിഎംകെ മോദിയെക്കുറിച്ച് തെറ്റിദ്ധാരണകള്‍ പരത്തുന്നുവെങ്കിലും തമിഴ്നാടിനെ സ്നേഹിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. തമിഴ് ഭാഷയുടെ സൗന്ദര്യം മുമ്പെന്നെത്തേക്കാളുമേറെ പ്രചരിപ്പിച്ച പ്രധാനമന്ത്രി കൂടിയാണ് മോദി. മുമ്പത്തെ പ്രധാനമന്ത്രിമാരേക്കാള്‍ കൂടുതലായി തമിഴ്നാടിന് നല്കിയ പ്രധാനമന്ത്രി കൂടിയാണ്. മോദി. ഡിഎംകെ നേതാക്കളെ കാണാന്‍ ഉദാരതയുള്ള പ്രധാനമന്ത്രി കൂടിയാണ് മോദി “- ഉദയനിധി സ്റ്റാലിനും മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രത്തോടൊപ്പം അണ്ണാമലൈ പങ്കുവെച്ച കുറിപ്പാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: