ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ സാമ്പത്തിക വികസനം, സാമൂഹ്യ ഭരണം, വിദേശനയം എന്നിവയില്‍ ഭാരതം കൈവരിച്ച മുന്നേറ്റത്തെ പ്രകീര്‍ത്തിച്ച് ബീജിങ് ആസ്ഥാനമായ ചൈനീസ് മാധ്യമം ഗ്ലോബല്‍ ടൈംസ്.
ഷാങ്ഹായിലെ ഫുഡാന്‍ സര്‍വകലാശാലയിലെ ദക്ഷിണേഷ്യന്‍ പഠന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഷാങ് ജിയാഡോങ് എഴുതിയ ലേഖനം നാല് വര്‍ഷത്തിനിടെ ഭാരതം കൈവരിച്ച ശ്രദ്ധേയമായ നേട്ടങ്ങള്‍ എടുത്തുകാട്ടുന്നു. സാമ്പത്തിക വളര്‍ച്ച, നഗര ഭരണത്തിലെ പുരോഗതി, അന്താരാഷ്‌ട്ര ബന്ധങ്ങളോടുള്ള, പ്രത്യേകിച്ച് ചൈനയുമായുള്ള മനോഭാവത്തിലുള്ള മാറ്റം എന്നിവ ലേഖനത്തില്‍ ചൂണ്ടിക്കാട്ടുന്നു. ”ചൈനയും ഭാരതവും തമ്മിലുള്ള വ്യാപാര അസന്തുലിതാവസ്ഥ ചര്‍ച്ച ചെയ്യുമ്പോള്‍, ഭാരത പ്രതിനിധികള്‍ മുമ്പ് വ്യാപാര അസന്തുലിതാവസ്ഥ കുറയ്‌ക്കാനുള്ള ചൈനയുടെ നടപടികളിലാണ് ശ്രദ്ധിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ ഭാരതത്തിന്റെ കയറ്റുമതി സാധ്യതകളിലാണ് ഊന്നല്‍ നല്കുന്നത്, ജിയാഡോങ് കുറിച്ചു.
രാജ്യത്തിന്റെ ആത്മവിശ്വാസം വളര്‍ത്താനുള്ള ശ്രമങ്ങളെ ലേഖനം അഭിനന്ദിക്കുന്നു. ദ്രുതഗതിയിലുള്ള സാമ്പത്തികവും സാമൂഹികവുമായ വികസനത്തിലൂടെ, ഒരു ‘ഭാരത ആഖ്യാനം’ സൃഷ്ടിക്കുന്നതിലും വികസിപ്പിക്കുന്നതിലും ഭാരതം കൂടുതല്‍ തന്ത്രപരമായ ആത്മവിശ്വാസം നേടി.’ പാശ്ചാത്യരാജ്യങ്ങളുമായുള്ള ജനാധിപത്യ സമവായത്തിന് ഊന്നല്‍ നല്കുന്നതില്‍നിന്ന് ജനാധിപത്യ രാഷ്‌ട്രീയത്തിന്റെ ‘ഭാരത സവിശേഷത’ ഉയര്‍ത്തിക്കാട്ടുന്നതിലേക്ക് നീങ്ങി.
ജനാധിപത്യ രാഷ്‌ട്രീയത്തിന്റെ ഇന്ത്യന്‍ ഉത്ഭവത്തിനാണ് അവര്‍ ഇന്ന് കൂടുതല്‍ ഊന്നല്‍ നല്കുന്നുത്. ചരിത്രപരമായ കോളനിവാഴ്ചയുടെ നിഴലില്‍നിന്ന് രക്ഷപ്പെടാനും രാഷ്‌ട്രീയമായും സാംസ്‌കാരികമായും ആഗോള സ്വാധീനം ചെലുത്താനുമുള്ള ഭാരതത്തിന്റെ അഭിലാഷത്തെയാണ് ഈ മാറ്റം പ്രതിഫലിപ്പിക്കുന്നത് ലേഖനത്തില്‍ പറയുന്നു.
മോദിയുടെ കീഴിലുള്ള വിദേശനയ തന്ത്രത്തെ ലേഖനം പ്രകീര്‍ത്തിക്കുന്നു. യുഎസ്, ജപ്പാന്‍, റഷ്യ തുടങ്ങിയ പ്രമുഖ ആഗോള ശക്തികളുമായുള്ള ബന്ധത്തിന് കരുത്തേകുന്നതും റഷ്യ- ഉക്രൈന്‍ സംഘര്‍ഷത്തില്‍ സൂക്ഷ്മമായ നിലപാട് പ്രകടിപ്പിക്കുന്നതും ലേഖനം ഉയര്‍ത്തിക്കാട്ടുന്നു. ഭാരതം വ്യക്തമായും വന്‍ശക്തി എന്ന തന്ത്രത്തിലേക്ക് നീങ്ങുകയാണ്. എപ്പോഴും ഒരു ലോകശക്തിയായി സ്വയം കണക്കാക്കുന്നു. മാറിയ, കൂടുതല്‍ ശക്തവും ദൃഢവുമായ ഭാരതത്തെ പല രാജ്യങ്ങളും പരിഗണിക്കേണ്ട പുതിയ ഭൗമരാഷ്‌ട്രീയ ഘടകമായി മാറി, ലേഖനത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: