കൊച്ചി: ഡിജിപിയുടെ വസതിയില്‍ മഹിളാമോര്‍ച്ച നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ടു ചെയ്ത ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി, ജനം റിപ്പോര്‍ട്ടര്‍ കെ. രശ്മി, കാമറാമാന് എബി നിതിന്‍ എന്നിവര്‍ക്ക് ഹൈക്കോടതിയുടെ പരിരക്ഷ.
ഇതുമായി ബന്ധപ്പെട്ട കേസില്‍ മൂന്നു പേരെയും ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചിട്ടുണ്ടെന്നും ഹാജരായാല്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം വേണമെന്നും കാട്ടി അഡ്വ. വി. സജിത് കുമാര്‍ മുഖേന നല്കിയ ഹര്‍ജിയിലാണ്, കോടതിയുടെ ഇടപെടല്‍.
മ്യൂസിയം പോലീസ് എടുത്ത കേസില്‍ ചോദ്യം ചെയ്യലിന് ഹാജരായാല്‍ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന ഇവരുടെ ആശങ്ക ശരിവച്ച കോടതി, ഇവര്‍ക്ക് ഇടക്കാല ജാമ്യത്തിന് അര്‍ഹതയുണ്ടെന്നും ചൂണ്ടിക്കാട്ടി. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിച്ച ജസ്റ്റിസ് സി.എസ്. ഡയസ്, അതിനു ശേഷം അറസ്റ്റ് അനിവാര്യമായി വന്നാല്‍ അറസ്റ്റു ചെയ്ത് ഉടന്‍ ജാമ്യത്തില്‍ വിടാനും ഉത്തരവിട്ടു. മൂന്നാഴ്ചത്തേക്കാണ് പരിരക്ഷ. ഇവര്‍ കേസിലെ പ്രതികളല്ലെന്നും ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്കിയിട്ടേയുള്ളുവെന്നും പ്രോസിക്യൂഷന് വാദിച്ചു.
വണ്ടിപ്പെരിയാറില്‍ ബാലികയെ മാനഭംഗപ്പെടുത്തി കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ ഡിവൈഎഫ്ഐ നേതാവായ പ്രതി അര്‍ജുനെ കോടതി വിട്ടയക്കാന്‍ ഇടയാക്കിയ പോലീസ് വീഴ്ചക്കെതിരെ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ ഡിജിപിയുടെ വസതിയില്‍ നടത്തിയ പ്രതിഷേധം റിപ്പോര്‍ട്ടു ചെയ്ത ജന്മഭൂമി ഫോട്ടോഗ്രാഫര്‍ അനില്‍ ഗോപി, ജനം റിപ്പോര്‍ട്ടര്‍ കെ. രശ്മി, കാമറാമാന് എബി നിതിന്‍ എന്നിവരെ കേസില്‍ കുടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമമാരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്, ഔദ്യോഗിക കൃത്യ നിര്‍വഹണത്തിന് എത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ നോട്ടീസ് നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: