കോട്ടയം : ജെസ്ന തിരോധാനത്തിന് മതതീവ്രവാദ ബന്ധം കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ. ജെസ്ന മരിച്ചുവെന്ന് കണ്ടെത്താനുമായില്ല.കേസില്‍ കോടതിയില്‍ സമര്‍പ്പിച്ച സി ബി ഐ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുളളത്.
ജസ്നയുടെ അച്ഛനെയും ആണ് സുഹൃത്തിനെയും നുണ പരിശോധന നടത്തിയെങ്കിലും ഇതിലൊന്നും തെളിവ് ലഭിച്ചില്ല. ജെസ്ന സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായിരുന്നില്ല. കാണാതായ ദിവസം ജെസ്ന മൊബൈല്‍ ഫോണ്‍ എടുത്തിരുന്നുമില്ല.
സമീപ സംസ്ഥാനങ്ങളിലും ആത്മഹത്യ പോയിന്റ്റുകളിലും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.മതപരിവര്‍ത്തന കേന്ദ്രങ്ങളിലുള്‍പ്പെടെ സംസ്ഥാനത്തനകത്തും പുറത്തും അന്വേഷണം നടത്തിയെങ്കിലും ഒരു തെളിവുമുണ്ടായില്ല.
ഇന്റര്‍പോളിന്റെ സഹായം തേടിയെങ്കിലും ഒരു തെളിവും കിട്ടിയില്ല.കൂടുതല്‍ എന്തെങ്കിലും സൂചന കിട്ടിയാല്‍ അന്വേഷണം തുടരുമെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
അതിനിടെ ജെസ്ന തിരോധാന കേസില്‍ സിബിഐ നല്കിയ റിപ്പോര്‍ട്ടില്‍ ആക്ഷേപമുണ്ടെങ്കില്‍ അറിയിക്കാന്‍ ജെസ്നയുടെ അച്ഛന് കോടതി നോട്ടീസ് നല്കി. തിരുവനന്തപുരം സിജെഎം കോടതിയാണ് നോട്ടീസ് അയച്ചത്. ജെസ്ന കേസ് അന്വേഷണം താല്‍ക്കാലികമായി അവസാനിപ്പിച്ചാണ് സിബിഐയുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുന്നതിന് മുമ്പ് പരാതിക്കാരനായ അച്ഛനോട് തര്‍ക്കമുണ്ടെങ്കില്‍ അറിയിക്കാന്‍ കോടതി നോട്ടീസ് നല്കി.കേസ് ഈ മാസം 19ന് പരിഗണിക്കും.
ബന്ധുവീട്ടിലേക്ക് പോകുന്നുവെന്ന പറഞ്ഞിറങ്ങിയ ജെസ്നയെ 2018 മാര്‍ച്ച് 22 നാണ് കാണാതായത്. ലോക്കല്‍ പൊലീസും പ്രത്യേക സംഘവും ക്രൈം ബ്രാഞ്ചും അന്വേഷിച്ച ശേഷമാണ് ഹൈക്കോടതി നിര്‍ദ്ദേശാനുസരണം സിബിഐ കേസ് ഏറ്റെടുത്തത്. 2021 ഫെബ്രുവരിലാണ് സിബിഐ കേസേറ്റെടുത്തത്.
കാണാതാകുന്നതിന് തലേ ദിവസം ജെസ്ന മരിക്കാന്‍ പോകുന്നവെന്ന് സന്ദേശം സുഹൃത്തിന് അയച്ചിരുന്നു.ജെസ്നക്ക് എന്ത് സംഭവിച്ചുവെന്ന് ഇതുവരെയും കണ്ടെത്താനായില്ല.ജെസ്നയെ കാണാനില്ലെന്ന് പരാതി ലഭിച്ച് ആദ്യ 48 മണിക്കൂറില്‍ ശേഖരിക്കേണ്ടിയിരുന്ന തെളിവുകള്‍ ലോക്കല്‍ പൊലീസ് ശേഖരിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: