രാമരാജ്യപരിഷത്ത് എന്ന രാഷ്ട്രീയപാര്‍ട്ടി രൂപീകരിച്ചാണ് സ്വാമി കരപാത്രിജി രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ നായകനായത്. യഥാര്‍ത്ഥ പേര് ഹര്‍നാരായണ്‍ ഓഝ. ‘ധര്‍മ്മ സമ്രാട്ട്’ എന്നാണ് അറിയപ്പെട്ടിരുന്നത്. വിരലുകള്‍ക്കുള്ളില്‍ കിട്ടുന്നത്രമാത്രമേ ഭക്ഷണം കഴിച്ചിരുന്നുള്ളു. അതുകൊണ്ട് കരപാത്രി എന്ന് വിളിച്ചിരുന്നു.
ഏകാന്തതയില്‍ ഗുഹയിലെ നിശബ്ദതയില്‍ ധ്യാനിച്ചിരുന്ന സംന്യാസിയായിരുന്നില്ല അദ്ദേഹം. സനാതന ധര്‍മ്മ സംരക്ഷണത്തിനും പാശ്ചാത്യ സംസ്കാരത്തിന്റെ അധിനിവേശം തടയാനുമായി അദ്ദേഹം ഒരു പ്രസ്ഥാനം ആരംഭിച്ചു. ഒരു പത്രം പ്രസിദ്ധീകരിച്ചു, പാര്‍ലമെന്റ് മന്ദിരത്തിലേക്ക് ഗോഹത്യക്കെതിരെ സംന്യാസിമാരുടെ പ്രകടനം നയിച്ചു. ശങ്കരാചാര്യരെ നിയമിക്കാനുള്ള സമിതിയുടെ അധ്യക്ഷനായി. ‘മാര്‍ക്്സിസവും രാമരാജ്യവും’ എന്ന പുസ്തകത്തിലൂടെ ഭാരതീയ ചിന്താമണ്ഡലത്തില്‍ ഏറെ ചര്‍ച്ചയായി. പ്രാചീന ഭാരതീയ വിദ്യാഭ്യാസം സംരക്ഷിക്കാന്‍ ധര്‍മ്മസംഘ് ശിക്ഷാമണ്ഡലം രൂപീകരിച്ചു. ബനാറസില്‍ നിന്നും കൊല്‍ക്കത്തയില്‍ നിന്നും സന്മാര്ഗ് എന്ന പത്രം പ്രസിദ്ധീകരിച്ചു.
സംന്യാസിയായതിനു ശേഷം, രാഷ്ട്രീയത്തില്‍ ധാര്‍മ്മികത സ്ഥാപിക്കാന്‍ ശബ്ദമുയര്‍ത്തി. രാമരാജ്യ പരിഷത്ത് രൂപീകരിച്ചു. ഒരു കാലത്ത് ഈ പാര്‍ട്ടിക്ക് ലോക്സഭയില്‍ നാല് അംഗങ്ങളും രാജസ്ഥാന് നിയമസഭയില്‍ 24 അംഗങ്ങളും ഉണ്ടായിരുന്നു. 1966ലാണ് ഗോവധത്തിനെതിരെ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് സംന്യാസിമാരുടെ പ്രതിഷേധമാര്‍ച്ച് നടത്തിയത്. അന്ന് സുരക്ഷാ സേന സംന്യാസിമാര്‍ക്ക് നേരെ വെടിയുതിര്‍ത്തു. ഡസന്‍ കണക്കിന് സംന്യാസിമാര്‍ കൊല്ലപ്പെട്ടു.
രാമജന്മഭൂമി വിമോചന പ്രസ്ഥാനത്തിന് അടിത്തറ പാകിയവരില്‍ മുഖ്യനായിരുന്നു കരപാത്രിജി. ബല്‍റാംപൂരിലെ രാജ പതേശ്വരി പ്രസാദ് സിങ്, ഗോരക്ഷപീഠത്തിലെ മഹന്ത് ദിഗ്വിജയ് നാഥ്, അന്നത്തെ ഗോണ്ടാ (പിന്നീട് ഫൈസാബാദ്) കളക്ടര്‍ ആയിരുന്ന കെ.കെ. നായര്‍ എന്നിവര്‍ പ്രതിജ്ഞയെടുക്കുകയും കരപാത്രിജിയുടെ സാന്നിധ്യത്തില്‍ രാമജന്മഭൂമിയുടെ മോചനത്തിനുള്ള തന്ത്രം മെനയുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: