ലഖ്നൗ: അയോദ്ധ്യയില്‍ 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ അഭൂതപൂര്‍വവും ഒരിക്കലും മറക്കാനാവാത്തതുമായ അനുഭവമായിരിക്കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രതിഷ്ഠാ ചടങ്ങുകളുടെ സുഗമമായ നടത്തിപ്പിനാവശ്യമായ എല്ലാ ക്രമീകരണവും സഹായങ്ങളും സര്‍ക്കാര്‍ ചെയ്യുമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു.
ലോകം മുഴുവന്‍ ഇന്ന് അയോദ്ധ്യയിലേക്ക് നോക്കുകയാണ്. എല്ലാവര്ക്കും അയോദ്ധ്യയിലേക്ക് എത്തുക എന്ന ലക്ഷ്യമാണുള്ളത്. ഭഗവാന് ശ്രീരാമന്റെ ഭക്തിയിലേക്ക് രാജ്യം മാറിക്കഴിഞ്ഞു. ഉത്തര്‍പ്രദേശിനെ ആഗോള തലത്തില്‍ ബ്രാന്‍ഡ് ചെയ്യാനുള്ള അവസരമായി അയോദ്ധ്യയിലെ ചടങ്ങുകളെ കാണുന്നു. ക്ഷേത്രത്തിലേക്കെത്തുന്ന അതിഥികള്‍ക്കായി എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ സജ്ജമാക്കും, മുഖ്യമന്ത്രി വിശദീകരിച്ചു.
ഭാരതത്തിന്റെ സംസ്ക്കാരവും ആത്മീയതയും സാമൂഹ്യ ഐക്യവും തെളിയിക്കുന്ന രാഷ്ട്ര മന്ദിരമാണ് അയോദ്ധ്യയില്‍ ഉയരുന്നത്. കോടിക്കണക്കിന് സനാതന ധര്‍മ്മ വിശ്വാസികളുടെ സന്തോഷവും അഭിമാനവും ആത്മസമര്‍പ്പണവുമാണ് പ്രാണപ്രതിഷ്ഠാ ചടങ്ങുകളിലൂടെ നടക്കാന്‍ പോകുന്നതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: