Categories: Cricket

ഐസിസി ടെസ്റ്റ് റാങ്കിങ്; കോഹ്‌ലി ആദ്യ പത്തില്‍

Published by

ദുബായ്: ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ആദ്യ പത്തില്‍ തിരിച്ചെത്തി ഭാരതത്തിന്റെ വിരാട് കോഹ്‌ലി.

നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ കോഹ്‌ലി ഒമ്പതാം സ്ഥാനത്താണ്. അതേയും ഭാരത നായകന്‍ രോഹിത് ശര്‍മ ആദ്യ പത്തില്‍ നിന്ന് പുറത്തായി. നാല് സ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തിയ അദ്ദേഹം 14-ാം സ്ഥാനത്തേക്ക് വീണു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മോശം പ്രകടനമാണ് രോഹിത്തിനെ താഴോട്ട് വീഴ്‌ത്തിയത്. കോഹ്‌ലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഒരു അര്‍ധ സെഞ്ചുറി നേടിയിരുന്നു.

ആദ്യ ഇരുപതില്‍ ഇരുവര്‍ക്കും പുറമെ റിഷഭ് പന്തുമുണ്ട്. 12-ാം സ്ഥാനത്താണ് താരം. ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണ്‍ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, മുന്‍ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്ത് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍. മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ന്യൂസിലന്‍ഡ് താരം ഡാരില്‍ മിച്ചല്‍ നാലാമതെത്തി. ഓരോ സ്ഥാനങ്ങള്‍ നഷ്ടമായ ഉസ്മാന്‍ ഖവാജ (ഓസ്ട്രേലിയ), ബാബര്‍ അസം (പാകിസ്ഥാന്‍) എന്നിവരാണ് അഞ്ചും ആറും സ്ഥാനത്ത്. ബൗളര്‍മാരുടെ പട്ടികയില്‍ മാറ്റമില്ലാതെ തുടരുന്നു. ഭാരത സ്പിന്നര്‍ ആര്‍. അശ്വിനാണ് ഒന്നാമത്. അശ്വിനെ കൂടാതെ രണ്ട് ഭാരത താരങ്ങള്‍ കൂടി ആദ്യ അഞ്ചിലുണ്ട്. രവീന്ദ്ര ജഡേജ നാലാം സ്ഥാനത്തും ജസ്പ്രിത് ബുംറ തൊട്ടുപിന്നിലും തുടരുന്നു. ദക്ഷിണാഫ്രിക്ക കഗിസോ റബാദ, ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.

ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ രവീന്ദ്ര ജഡേജ ഒന്നും
ആര്‍. അശ്വിന്‍ രണ്ടും അക്‌സര്‍ പട്ടേല്‍ അഞ്ചും സ്ഥാനത്ത് തുടരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by