അധികാരമെന്നാല്‍ ജനങ്ങളെ കൊള്ളയടിക്കലും സ്വത്ത് സമ്പാദിക്കലും എന്നാണ് യൂറോപ്യന്മാര് നമുക്കു പകര്‍ന്നുതന്ന സന്ദേശം. ഉദ്യോഗമെന്നാല്‍ ജനങ്ങളെ ഭരിക്കുകയും ചൂഷണം ചെയ്യുക എന്നതും. സ്വാതന്ത്ര്യാനന്തരവും നമ്മള് ഈ വൃത്തികെട്ട കാഴ്ചപ്പാടാണ് കൊണ്ടുനടന്നത്. ബ്രിട്ടീഷ് ഭരണാധികാരികളെപ്പോലെ ജനങ്ങളുടെ മേല്‍ കുതിരകയറുക. പരമാവധി അഴിമതി നടത്തി മഹാരാജാക്കന്മാരെക്കഴിഞ്ഞും സുഖലോലുപരായും ധൂര്‍ത്തരായും ജീവിക്കുക. ജനാധിപത്യം അധികാരപ്രമത്തതയ്ക്കുള്ള കവചം മാത്രം. ഉദ്യോഗസ്ഥര്‍ കൈക്കൂലിക്കാരും ജനങ്ങളെ പീഡിപ്പിക്കുന്നവരും എന്നനില സ്വാതന്ത്ര്യാനന്തരവും തുടര്‍ന്നു. ഫലത്തില്‍ വിദേശികള്‍ പോയി എന്നു മാത്രം. നമുക്കു സ്വാതന്ത്ര്യം കിട്ടിയതിന്റെ ഗുണഫലമൊന്നും സാധാരണജനങ്ങള്‍ക്കു കിട്ടിയില്ല.
രാമായണത്തിന്റെ സംസ്ക്കാരം ഭരണം ജനങ്ങളെ കൊള്ളയടിക്കാനുള്ളതല്ല എന്നതാണ്. ജനങ്ങള്‍ക്ക് സേവനം ചെയ്യാനുള്ളതാണ്. അതുകൊണ്ടാണ് യുവരാജാവായി അഭിഷേകം ചെയ്യാന്‍ പോകുന്നു എന്നറിഞ്ഞ രാമന് അമ്മയോട് ഇങ്ങനെ പറഞ്ഞത്: ‘അച്ഛന് എന്നെ ജനങ്ങളെ സേവിക്കാനുള്ള ജോലി ഏല്‍പ്പിച്ചിരിക്കുന്നു’ എന്ന്. പ്രധാനമന്ത്രി എന്നാല്‍ പ്രധാന സേവകനാണ് എന്ന വാക്ക് കേള്‍ക്കാന്‍ സ്വാതന്ത്ര്യം കിട്ടി 75 കൊല്ലം കഴിയേണ്ടിവന്നു. ഉദ്യോഗസ്ഥര്‍ ജനങ്ങളെ ആദരവോടെ സംബോധന ചെയ്യണമെന്നു പഠിക്കാനും മുക്കാല്‍ നൂറ്റാണ്ടു വേണ്ടിവന്നു; ആത്മാര്‍ത്ഥമായി വിളിച്ചുതുടങ്ങിയിട്ടില്ലെങ്കിലും. അതൊരു സംസ്ക്കാര മാറ്റമാണ്. ഒരു തലമുറകൂടിയെങ്കിലും കഴിയേണ്ടിവരും സാമാന്യമായി അങ്ങനെയാകാന്‍.
സനാതനധര്‍മ്മത്തെയും ധര്‍മ്മികളെയും ഉന്മൂലനം ചെയ്യാനുള്ള ശ്രമം ആരംഭിച്ചിട്ട് 1300 വര്‍ഷം കഴിഞ്ഞു. ആദ്യശ്രമം പൊതുവര്‍ഷം 712ല്‍ മുഹമ്മദ് ബിന്‍ കാസിം ആണ് നടത്തിയത്. പിന്നീട് മുമ്പു സൂചിപ്പിച്ച ഗസ്നിമാരും ഘോറിമാരും തുടര്‍ന്ന് ശീമപ്പന്നിയുടെ നിറമുള്ള യൂറോപ്യന്മാരും വന്നു. തിരയടിക്കുന്നതുപോലെ ആക്രമണങ്ങളുടെ തുടര്‍ച്ച. കീഴടക്കലുകളും പ്രത്യാക്രമണങ്ങളും ഒക്കെ ആവര്‍ത്തിച്ചു. ഒടുവില്‍ ഭാരതസമൂഹം ഒന്നാകെ ഉണര്‍ന്നെഴുന്നേറ്റു. സന്ന്യാസിമാര്‍ മുന്നിട്ടുനിന്നു. മാനസികവും ബൗദ്ധികവും ആദ്ധ്യാത്മികവുമായ ഉണര്ത്തുപാട്ടുകളിലൂടെ സകല രംഗങ്ങളിലും നവതരംഗം സൃഷ്ടിച്ചു. മുഴുവന്‍ ഭാരതത്തിലും സ്വാതന്ത്ര്യത്തിന്റെ പുതുരാഗം അലയടിച്ചു. അത് ഉറങ്ങിക്കിടന്നവരെ ഉണര്‍ത്തി. ആലസ്യംപൂണ്ടു കിടന്നവരെ പ്രകോപിപ്പിച്ചു. പരസ്പരം പോരടിച്ചു കഴിഞ്ഞവരെ ഒന്നിപ്പിച്ചു. കാഷായക്കാരുടെ പ്രബോധനത്താല്‍ പരിഷ്ക്കര്ത്താക്കളുണ്ടായി. അവരുടെ ശ്രമഫലത്താല്‍ സമുദായങ്ങളും ദേശങ്ങളും നവീകരിക്കപ്പെട്ടു. പരിഷ്ക്കരിക്കപ്പെട്ട സമൂഹം അടിമത്തത്തിന്റെ കയ്പുനീര് രുചിയറിഞ്ഞു. ഭാരതം ഒരൊറ്റ മനുഷ്യനെപ്പോലെ സടകുടഞ്ഞെഴുന്നേറ്റു. വിജൃംഭിതമായ രാഷ്ട്രശരീരത്തില്നിന്നും തുടലുകള്‍ പൊട്ടിച്ചിതറി. രാജ്യം സ്വാതന്ത്ര്യം നേടി. മുന്നില്‍ നിന്നവരുടെ അശ്രദ്ധ കൊണ്ടും അധികാരക്കൊതികൊണ്ടും രാഷ്ട്രശരീരത്തിന്റെ മൂന്നിലൊരു ഭാഗം വെട്ടിമാറ്റപ്പെട്ടു. എങ്കിലും നാം സ്വതന്ത്രരായി.
എന്നാല്‍ ഋഷിമാര്‍ ചൊല്ലിത്തന്ന മന്ത്രങ്ങള്‍ മറന്ന നാം ആത്മീയസ്വാതന്ത്ര്യം നേടിയില്ല. സായിപ്പിന്റെ പാഠം തുടര്‍ന്നും ഉരുവിട്ടു പഠിച്ച നാം അടിമച്ചങ്ങലകളെ ആഭരണങ്ങളായി വീണ്ടും കണ്ടുതുടങ്ങി. ആക്രമണകാരികളുടെ സങ്കീര്‍ത്തനങ്ങള്‍ സംസ്ക്കാരത്തിന്റെ വിശാലതയായെണ്ണിത്തുടങ്ങി. അക്രമിയുടെ അടിച്ചുതകര്ക്കലിനെ സഹിഷ്ണതയുടെ തലോടലായി വ്യാഖ്യാനിച്ചുതുടങ്ങി. തലമുറകള്‍ രണ്ടു കഴിഞ്ഞപ്പോള്‍ പാടിപ്പതിഞ്ഞതെല്ലാം നമ്മുടെ സംസ്ക്കാരമായി എണ്ണി. അന്ധത ബാധിച്ച പുതുതലമുറയ്ക്ക് ആത്മാഭിമാനമെന്തെന്ന് അറിയാതായി. അങ്ങനെ സമ്പൂര്‍ണമായും സംഭവിക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ട ഒരു രാഷ്ട്രശില്‍പ്പി നാടിന്റെ യഥാര്‍ത്ഥ സ്വരൂപത്തെക്കുറിച്ചുള്ള അറിവും അഭിമാനവും സംഘടിതബോധവുമുള്ള ഒരു പുതുതലമുറയെ സൃഷ്ടിക്കുന്ന കളരി വളരെ മുന്നേ ആരംഭിച്ചിരുന്നു. ദീര്‍ഘദര്‍ശിയായ ഡോ: കേശവ ബലിറാം ഹെഡ്ഗേവാര്‍ ആയിരുന്നു ആ മഹാന്! നൂറ്റാണ്ടായ ആ തപസ്സിന്റെ വരദാനമാണ് ദേശസ്നേഹനിര്ഭരരായ പുതുതലമുറ. ഒറ്റപ്പെട്ടതും സംഘടിതവുമായ മറ്റനേകം മഹാന്മാരുടെ പരിശ്രമങ്ങളും കൂടിച്ചേര്‍ന്നപ്പോള്‍ ഇന്ത്യ ഭാരതമായി മാറിത്തുടങ്ങി. അടിമത്തത്തിന്റെ മകുടങ്ങള്‍ ആഭരണങ്ങളല്ല എന്ന തിരിച്ചറിവുണ്ടായി. ആ തിരിച്ചറിവില്‍ നിന്നാണ് ടോയന്‍ബി ചൂണ്ടിക്കാണിച്ച അടിമത്തച്ചിഹ്നങ്ങളുടെ പൊളിച്ചെറിയല്‍; പൂര്‍വ്വികപാരമ്പര്യങ്ങളുടെ പുനഃസ്ഥാപിക്കല്‍! അയോധ്യയില്‍ ഉയരുന്ന രാമക്ഷേത്രം സ്വത്വം വീണ്ടെടുക്കുന്നതിന്റെ പ്രഖ്യാപനമാണ്. സനാതനധര്‍മ്മത്തിന്റെ പുനഃപ്രതിഷ്ഠ!
മഹര്‍ഷി അരവിന്ദന്റെ ഉത്തരപ്പാറ പ്രസംഗത്തില്‍ പറഞ്ഞ കാര്യം സ്വതന്ത്ര ഭാരതത്തിന്റെ മുദ്രാവാക്യമാകേണ്ടതാണ്. ‘സനാതനധര്മ്മത്തോടുകൂടിയാണ് ഭാരതം ജനിച്ചത്. സനാതന ധര്‍മ്മത്തോടുകൂടിയാണ് അവള് വളര്‍ന്നത്. സനാതനധര്‍മ്മം മരിക്കുക സാധ്യമാണെങ്കില്‍ ഭാരതവും മരിക്കും. സനാതനധര്‍മ്മം തന്നെ ദേശീയത.’ സനാതനധര്‍മ്മത്തെ തകര്‍ക്കേണ്ടതാണെന്ന പുതിയ പ്രഖ്യാപനങ്ങള്‍, 1947ല്‍ രാജ്യ ശത്രുക്കളെല്ലാം പുറത്തുപോയി എന്ന തെറ്റിദ്ധാരണ തിരുത്താന്‍ കാരണമാകണം. സനാതനധര്‍മ്മമാണ് ഭാരതത്തിന്റെ പ്രാണന് എന്ന് ഭാരതവിരുദ്ധര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. പ്രാണനെടുത്താല് ആളിനെ കൊല്ലാം. ഉന്മൂലനത്തിന്റെ ശക്തികള്‍ ദേശമൊട്ടാകെ ഐക്യമുന്നണി ഉണ്ടാക്കിയിരിക്കുന്നു. ബുദ്ധിരാക്ഷസര്‍ രാഷ്ട്രത്തിന്റെ ആത്മാവിനെ ഹനിക്കാന്‍ അര്‍ബന്‍ നക്സലുകളെ ഇറക്കിയിരിക്കുന്നു. ചാര്വ്വാകബ്രാഹ്മണര് രാഷ്ട്രത്തിന്റെ വേരുകളെ അറുത്തെറിയാന്‍ കോപ്പുകൂട്ടുന്നു. വേരുകള്‍ അറുക്കപ്പെട്ട പുത്തന്‍ തലമുറ അരാജകവാദികളായി അധ:പതിക്കുന്നു. ആവശ്യമെങ്കില്‍ ആയുധമെടുത്ത് ശാരീരിക ഉന്മൂലനത്തിന് ഭീകരസംഘങ്ങള്‍ ചാവേറുകളെ അയയ്ക്കുന്നു. അതിര്‍ത്തികള്‍ക്കപ്പുറത്ത് ശത്രുപ്പട അവസരത്തിനായി കാത്തിരിക്കുന്നു. രാഷ്ട്രനായകരിലുള്ള സാമാന്യജനതയുടെ വിശ്വാസ്യത തകര്‍ക്കാന്‍ സോറോസുമാര് ഡോളര്‍ കിലുക്കി ആര്ത്തിപ്പരിഷകളെ ആകര്‍ഷിക്കുന്നു. ഇവരില്‍നിന്നെല്ലാം നമ്മുടെ മാതൃഭൂമിയായ ഭാരതത്തെ രക്ഷിക്കാന്‍ ഒന്നേ നമ്മുടെ കൈയില്‍ ഉളളൂ, സനാതനധര്‍മ്മം! നമ്മെ ആക്രമിക്കാന്‍ വരുന്നവര്‍ക്കും നിലനില്ക്കാന് നാളെ ആവശ്യമായ ഒന്ന്. അതു പക്ഷെ സംരക്ഷിച്ചെടുക്കേണ്ട ചുമതല നമുക്കാണ്, ദേശഭക്തര്‍ക്ക്. ജാതിക്കും ഭാഷയ്ക്കും മതത്തിനും കക്ഷിരാഷ്ട്രീയത്തിനുമപ്പുറത്ത് ഭാരതം എന്റെ അമ്മ എന്ന വികാരമുള്ളവര്‍! അവരാണ് സനാതനധര്‍മ്മത്തിന്റെ കാവല്ക്കാര്. രാമായണത്തെ നെഞ്ചേറ്റിയവര്‍. രാമനെ ആദര്ശപുരുഷനാക്കിയവര്. മാതൃരാജ്യത്തിനുവേണ്ടി അധികാരവും സുഖവും ഉപേക്ഷിച്ച രാമനാണ് നമ്മുടെ മാതൃകാപുരുഷന്‍. ആ മാതൃകയെ രാഷ്ട്രത്തിന്റെ ആദര്‍ശമാക്കി മാറ്റുന്നതിന്റെ പ്രഖ്യാപനമാണ് അയോധ്യയിലെ പുതുക്കിയ രാമക്ഷേത്രം.
(അവസാനിച്ചു)
പ്രതികരിക്കാൻ ഇവിടെ എഴുതുക: