ആധുനിക ഭാരതത്തില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ശക്തനായ വക്താവും പ്രയോക്താവുമായ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത വടക്കുന്നാഥന്റെ മണ്ണിലെ വനിതാ സംഗമം പ്രതീക്ഷിച്ചതുപോലെ വന്‍ വിജയമായിത്തീര്‍ന്നു. പതിറ്റാണ്ടുകളായി വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെ അധരവ്യായാമത്തില്‍ ഒതുങ്ങിനിന്നിരുന്ന പാര്‍ലമെന്റിലെയും നിയമസഭകളിലെയും വനിതാ സംവരണം യാഥാര്‍ത്ഥ്യമാക്കുന്ന നിയമം കൊണ്ടുവന്ന മോദിയെ അനുമോദിക്കാന്‍ ബിജെപി സംഘടിപ്പിച്ച ഈ വനിതാ സംഗമം ഒരേസമയം പാര്‍ട്ടിയുടെ കരുത്തും, മോദി സര്‍ക്കാരിനോട് സ്ത്രീ സമൂഹത്തിനുള്ള ആഭിമുഖ്യവും പ്രകടമാകുന്നതായിരുന്നു. സ്ത്രീകള്‍ക്ക് മാത്രമായുള്ള സമ്മേളനത്തില്‍ ലക്ഷത്തിലേറെ പേരാണ് അണിനിരന്നത്. കായികരംഗത്ത് ഭാരതത്തിന്റെ അഭിമാനതാരങ്ങളായ പി.ടി. ഉഷ എംപിയും മിന്നുമണിയും, അനേകം വേഷങ്ങളിലൂടെ അഭിനയരംഗത്തെ അവസാന വാക്കായ സിനിമാതാരം ശോഭനയും, ബിസിനസ്സ് രംഗത്ത് സ്ത്രീശാക്തീകരണത്തിന്റെ പ്രതീകമായ ബീന കണ്ണനും, അനുപമമായ സംഗീതത്തിലൂടെ അന്ധതയെ തോല്‍പ്പിച്ച വൈക്കം വിജയലക്ഷ്മിയും, ഇടതു ദുര്‍ഭരണത്തിനെതിരെ ആഞ്ഞടിച്ച് അവകാശത്തിനുവേണ്ടി പോരാടുന്ന മറിയക്കുട്ടിയുമൊക്കെ അണിനിരന്ന വേദി പുതിയൊരു മാറ്റത്തിന് പിറവി കുറിച്ചിരിക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിന്റെ മുഖ്യധാരയില്‍ അണിനിരക്കാന്‍ കേരളത്തിലെ ചിന്താശേഷിയുള്ള സ്ത്രീ സമൂഹത്തിനും പ്രചോദനം നല്കുന്ന ഒന്നായി ‘നാരീശക്തി മോദിക്കൊപ്പം’ എന്ന പരിപാടി മാറിയിരിക്കുകയാണ്.
ഒന്‍പതുവര്‍ഷക്കാലത്തെ നരേന്ദ്ര മോദി സര്‍ക്കാരിന്റെ ഭരണം വനിതാശാക്തീകരണത്തില്‍ ഒരു കുതിച്ചുചാട്ടം തന്നെയാണ് സംഭവിച്ചത്. പോലീസിലും കായികരംഗത്തും ശാസ്ത്ര സാങ്കേതിക രംഗത്തുമൊക്കെ സ്ത്രീകളുടെ പ്രാതിനിധ്യം വന്‍തോതില്‍ വര്‍ധിച്ചു. സായുധസേനയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ലഭിച്ചുവെന്നുമാത്രമല്ല, ഉന്നതമായ പദവികള്‍ അവര്‍ക്ക് ലഭിക്കുകയും ചെയ്തിരിക്കുന്നു. പ്രസവാവധി 26 ആഴ്ചയാക്കി ഉയര്‍ത്തിയും, പിഎം മാതൃവന്ദന യോജനയ്ക്ക് കീഴില്‍ മൂന്നുകോടിയിലേറെ വനിതകള്‍ക്ക് ആനുകൂല്യം നല്‍കിയും 27 കോടി വനിതകള്‍ക്ക് ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ ലഭ്യമാക്കിയും, മൂന്നു കോടിയിലേറെ സുകന്യ സമൃദ്ധി യോജന അക്കൗണ്ട് എടുപ്പിച്ചും 27 കോടി പേര്‍ക്ക് മുദ്ര ലോണ്‍ അനുവദിച്ചുമൊക്കെ സ്ത്രീശാക്തീകരണമെന്നത് മഹത്തായ മുന്നേറ്റമാക്കി മാറ്റുകയാണ് മോദി സര്‍ക്കാര്‍ ചെയ്തത്. വികസനത്തിന്റെ ഗുണഭോക്താക്കളാവുക എന്ന അവസ്ഥയില്‍നിന്ന് വികസനം കൊണ്ടുവരുന്നവരായി സ്ത്രീകള്‍ മാറിയെന്നതാണ് ശ്രദ്ധേയമായ കാര്യം. മിഷന് പോഷന്‍, മിഷന് ശക്തി, ഉജ്വല യോജന എന്നിങ്ങനെയുള്ള പദ്ധതികളിലൂടെ സ്ത്രീശാക്തീകരണത്തിന്റെ പുതിയൊരു യുഗം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. വികസനത്തിന്റെ ഈ മുന്നേറ്റത്തില്‍ കേരളത്തിലെ വനിതകളും പങ്കാളികളാണെങ്കിലും പൂര്‍ണമായി ഫലപ്രാപ്തിയിലെത്താന്‍ ഇവിടുത്തെ അന്ധമായ രാഷ്ട്രീയ വിരോധം അവരെ അനുവദിക്കുന്നില്ല. ഇടതു-വലതു മുന്നണികളുടെ അവകാശവാദങ്ങള്‍ക്ക് വിരുദ്ധമായി കേരളത്തിലെ വനിതകള്‍ ഒരു സമൂഹമെന്ന നിലയ്ക്ക് അതിക്രമങ്ങള്‍ നേരിടുകയും ചൂഷണത്തിന് വിധേയരാവുകയും ചെയ്യുകയാണ്. ഈ അവസ്ഥയ്ക്ക് മാറ്റം വരണമെങ്കില്‍ നാരീ ശക്തിയെ മാനിക്കുകയും, രാഷ്ട്രപുരോഗതിക്ക് ഇത് വിനിയോഗിക്കുകയും ചെയ്യുന്ന രീതി കേരളത്തിലും നിലവില്‍ വരണം. ഈ ദിശയില്‍ ഒരു വഴിത്തിരിവാണ് ‘നാരീശക്തി മോദിക്കൊപ്പം’ എന്ന വനിതാ സംഗമം. സ്ത്രീസമൂഹത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ ഞാന്‍ പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നുവെന്ന ശോഭനയുടെ വാക്കുകള്‍ ഇതിന് തെളിവാണ്.
ബിജെപി നേതൃത്വം നല്കുന്ന സര്‍ക്കാര്‍ സ്ത്രീകള്‍ക്കുവേണ്ടി ഇതിനോടകം ചെയ്തിട്ടുള്ള കാര്യങ്ങള്‍ അക്കമിട്ട് നിരത്തി പ്രധാനമന്ത്രി നടത്തിയ പ്രസംഗം ആവേശദായകമായിരുന്നു. മുത്തലാഖ് നിരോധിക്കാന്‍ കഴിഞ്ഞതും, വനിതാ സംവരണനിയമം കൊണ്ടുവരാന്‍ കഴിഞ്ഞതും മോദി ഗ്യാരന്റിയാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞ പ്രധാനമന്ത്രി, സ്ത്രീകളുടെ ശക്തിയാണ് ഭാരതത്തെ വികസിത രാഷ്ട്രമാക്കുന്നതിന്റെ ഏറ്റവും വലിയ ഉറപ്പെന്നാണ് പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ്സിന്റെയും ഇടതു പാര്‍ട്ടികളുടെയുമൊക്കെ സര്‍ക്കാരുകള്‍ സ്ത്രീ ശക്തിക്ക് വിലകല്‍പ്പിച്ചില്ലെന്നും, ഇതുകൊണ്ടാണ് വനിതാ സംവരണത്തിന്റെ കാര്യത്തില്‍ ദശകങ്ങളായി തീരുമാനമെടുക്കാതിരുന്നതെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. മുത്തലാഖില്‍നിന്ന് മുസ്ലിംസ്ത്രീകള്‍ക്ക് മോചനം നല്‍കിയത് തന്റെ സര്‍ക്കാരാണെന്ന് പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്ത് ദരിദ്രരും യുവാക്കളും കര്‍ഷകരും സ്ത്രീകളും എന്നിങ്ങനെ നാല് ജാതികളെ മാത്രമാണ് തന്റെ സര്‍ക്കാര്‍ കാണുന്നതെന്നും, ഇവരുടെ വികസനമാണ് നാടിന്റെ വികസനമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളം ഒരു രാഷ്ട്രീയ മാറ്റത്തിന്റെ പടിവാതില്ക്കല് എത്തിനില്‍ക്കുകയാണ്. കേന്ദ്ര സര്‍ക്കാരുമായി സഹകരിച്ച് ബിജെപി ഭരണമുള്ള സംസ്ഥാനങ്ങള്‍ വികസനത്തിലും സ്ത്രീശാക്തീകരണത്തിലുമൊക്കെ മുന്നേറുന്ന കാഴ്ച കേരളത്തിലെ സ്ത്രീകളും കാണുന്നുണ്ട്. ഇടതുഭരണത്തില്‍ സമ്പദ്വ്യവസ്ഥ തകര്‍ന്ന് വികസനം അസാധ്യമായിരിക്കുന്ന ഒരു സാഹചര്യത്തില്‍ നിന്ന് കേരളത്തിന് മോചനം വേണമെന്നുണ്ടെങ്കില്‍ കേന്ദ്ര സര്‍ക്കാരിനൊപ്പം അണിനിരക്കുകയാണ് വേണ്ടതെന്ന തിരിച്ചറിവ് നേടുകയാണ് കേരളത്തിലെ സ്ത്രീസമൂഹവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: