പത്തനംതിട്ട: ജസ്നയുടെ തിരോധാനക്കേസിന്റെ അന്വേഷണത്തില്‍ ആദ്യഘട്ടത്തില്‍ പോലീസ് കാണിച്ച അനാസ്ഥയാണ് കേസിനെ ബാധിച്ചതെന്ന് അച്ഛന് ജെയിംസ് പ്രതികരിച്ചു. സിബിഐ അന്വേഷണം കാര്യക്ഷമമായിരുന്നു. അന്വേഷണ പുരോഗതി ആഴ്ചതോറും സിബിഐ ഉദ്യോഗസ്ഥരുമായി സംസാരിച്ചിരുന്നു. കേസില്‍ സിബിഐ അന്വേഷണം അവസാനിപ്പിച്ചെന്ന് പറയാനാകില്ല.
പുതിയ സൂചനകളോ തെളിവുകളോ ലഭിച്ചാല്‍ അന്വേഷണം തുടരുമെന്ന് സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചതായും ജെയിംസ് പറഞ്ഞു. വെച്ചൂച്ചിറ കൊല്ലമുള കുന്നത്ത് കളത്തില്‍ ജയിംസിന്റെ മകള്‍ ജെസ്നയെ കാണാതായത് 2018 മാര്‍ച്ച് 22നാണ്. ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചശേഷം സിബിഐ ഏറ്റെടുത്ത കേസാണ് തുമ്പൊന്നും ലഭിക്കാതെ അവസാനിപ്പിക്കുന്നത്. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ അന്വേഷണം തുടരാമെന്ന കുറിപ്പോടെയാണ് സിബിഐ കോടതിയിലേക്ക് റിപ്പോര്‍ട്ട് നല്‍കിയത്. കാഞ്ഞിരപ്പള്ളി എസ്ഡി കോളജില്‍ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയം ജെയിംസിനെ മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്കുള്ള യാത്രയ്ക്കിടയിലാണ് കാണാതായത്. മൊബൈല്‍ ഫോണ്‍ പോലും എടുക്കാതെയാണ് ജെസ്ന പോയത്.
തിരോധാനവുമായി ബന്ധപ്പെട്ടും ജെസ്നയെ പലയിടങ്ങളില്‍ കണ്ടതായും ധാരാളം പ്രചാരണങ്ങള്‍ ഉണ്ടായി. ആദ്യ മണിക്കൂറുകള്‍ ലോക്കല്‍ പോലീസ് നഷ്ടപ്പെടുത്തിയെന്ന ആക്ഷേപം ബന്ധുക്കള്‍ നേരത്തെ ഉന്നയിച്ചതാണ്. കേസന്വേഷണം അവസാനിപ്പിച്ച് സിബിഐ കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടിലും ഇതുതന്നെ ചൂണ്ടിക്കാട്ടുന്നു. തിരോധാനത്തിന്റെ ആദ്യ മണിക്കൂറുകള്‍ ലോക്കല്‍ പോലീസ് നഷ്ടപ്പെടുത്തിയെന്നാണ് ആക്ഷേപം.
ജസ്ന തിരോധാനക്കേസില്‍ സിബിഐയുടെ ക്ലോഷര്‍ റിപ്പോര്‍ട്ട് സാങ്കേതികത്വം മാത്രമാണെന്നും അന്വേഷണത്തില്‍ വ്യക്തമായ വിവരങ്ങള്‍ ലഭിച്ചിരുന്നെന്നും കൊവിഡ്കാലത്ത് തുടരന്വേഷണം നിലയ്ക്കുകയായിരുന്നെന്നും മുന്‍ ഡിജിപി ടോമിന് തച്ചങ്കരിയും പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: