കവരത്തി: ലക്ഷദ്വീപില്‍ ആയിരം ദിവസത്തിനുള്ളില്‍ അതിവേഗ ഇന്റര്‍നെറ്റ് ഉറപ്പാക്കുമെന്ന് 2020ല്‍ നല്കിയ ഉറപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പാലിച്ചു. കടലിനടിയിലൂടെയുള്ള കൊച്ചി-ലക്ഷദ്വീപ് ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന് അദ്ദേഹം ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു.
ലക്ഷദ്വീപിന്റെ സൗന്ദര്യം വാക്കുകള്‍ക്ക് അതീതമാണെന്ന് പറഞ്ഞ പ്രധാനമന്ത്രി, അഗത്തി, ബംഗാരം, കവരത്തി എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചതു പരാമര്‍ശിച്ചു. ”ലക്ഷദ്വീപിന് വിസ്തൃതി കുറവാണെങ്കിലും ജനഹൃദയങ്ങള്‍ സമുദ്രം പോലെ ആഴമുള്ളതാണ്” പ്രധാനമന്ത്രി പറഞ്ഞു.
ഇത് 100 മടങ്ങ് വേഗതയുള്ള ഇന്റര്‍നെറ്റ് ഉറപ്പാക്കും. സര്‍ക്കാര്‍ സേവനങ്ങള്‍, വൈദ്യചികിത്സ, വിദ്യാഭ്യാസം, ഡിജിറ്റല്‍ ബാങ്കിങ് തുടങ്ങിയ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. ലക്ഷദ്വീപിനെ ലോജിസ്റ്റിക്സ് ഹബ്ബായി വികസിപ്പിക്കാനുള്ള സാധ്യത ഇതിലൂടെ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ വീട്ടിലും ടാപ്പിലൂടെ കുടിവെള്ളം എത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അലി മണിക് ഫാനുമായി ചര്‍ച്ച
ലക്ഷദ്വീപില്‍ പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന് അലി മണിക്ഫാനുമായി മോദി ആശയവിനിമയം നടത്തി. ലക്ഷദ്വീപ് ദ്വീപ്സമൂഹത്തിന്റെ സംരക്ഷണത്തിനുള്ള അദ്ദേഹത്തിന്റെ ഗവേഷണത്തെപ്പറ്റി പ്രധാനമന്ത്രി പറഞ്ഞു. 2021ല്‍ അലി മണിക്ഫാന് പദ്മശ്രീ നല്കി ആദരിച്ചിരുന്നു. ലക്ഷദ്വീപില്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കും. ആന്ത്രോത്ത് കടമത്ത് ദ്വീപുകളില്‍ കല-ശാസ്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങളും മിനിക്കോയിയില്‍ പോളിടെക്നിക് ഇന്‍സ്റ്റിറ്റിയൂട്ടും ആരംഭിക്കും.
സ്വദേശ് ദര്ശന് പദ്ധതി പ്രകാരം ലക്ഷദ്വീപിന്റെ വിനോദസഞ്ചാരം വികസിപ്പിക്കാന്‍ പദ്ധതി തയാറാക്കുകയാണ്. കടമത്ത്, സുഹേലി ദ്വീപുകളിലെ വാട്ടര്‍ വില്ല പദ്ധതികളുടെ വികസനത്തെക്കുറിച്ചും പറഞ്ഞു. ലക്ഷദ്വീപ് ലെഫ്റ്റനന്റ് ഗവര്‍ണര്‍ പ്രഫുല്‍ പട്ടേല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തു. കടല്‍വെള്ളത്തില്‍ നിന്ന് ഉപ്പു വേര്‍തിരിക്കുന്ന കടമത്തിലെ നിലയം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. പ്രതിദിനം 1.5 ലക്ഷം ലിറ്റര്‍ ശുദ്ധമായ കുടിവെള്ളം ഉല്‍പ്പാദിപ്പിക്കും. അഗത്തി, മിനിക്കോയ് ദ്വീപുകളിലെ എല്ലാ വീടുകളിലും പ്രവര്‍ത്തനക്ഷമമായ കുടിവെള്ള ടാപ്പ് കണക്ഷനുകളും പ്രധാനമന്ത്രി രാജ്യത്തിന് സമര്‍പ്പിച്ചു.
കല്‍പ്പേനിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിനും ആന്ത്രോത്ത് ചെത്ലത്, കടമത്ത്, അഗത്തി, മിനിക്കോയ് എന്നീ അഞ്ചു ദ്വീപുകളില്‍ അഞ്ച് മാതൃകാ അങ്കണവാടികളുടെ നിര്‍മാണത്തിനും പ്രധാനമന്ത്രി തറക്കല്ലിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: