(നാമകരണ സംസ്കാരം തുടര്‍ച്ച)
പരസ്പരകൈമാറ്റം
ശിക്ഷണവും പേരണയും:
മാതാവ് സ്വന്തം രക്തവും മാംസവും കൊണ്ട് ശിശുവിന്റെ ശരീരം നിര്‍മ്മിക്കുന്നു. രക്തം ശുഭ്രമായ പാലാക്കിക്കൊടുത്ത് അതിനെ വളര്‍ത്തുന്നു. തന്നിമിത്തം ശിശുവിനെ സൃഷ്ടിക്കുന്നതില്‍ മാതാവിനാണ് കൂടുതല്‍ ബഹുമതി. കുട്ടി കൂടുതല്‍ സമയവും മാതാവിന്റെ പക്കലാണ് വസിക്കുന്നത്. അതിനാല്‍ മാതാവിന്റെ പ്രവര്‍ത്തനങ്ങളില്‍നിന്നും ഭാവനകളില്‍നിന്നും കൂടുതല്‍ പ്രേരണ കുട്ടിക്ക് ലഭിക്കുന്നു; ഇതു ശരിതന്നെ. എങ്കിലും മാതാവിനു തനിയേ കുട്ടിയുടെ സര്‍വ്വതോമുഖമായ വികസനം സാദ്ധ്യമാക്കാനാവില്ല. ആഹാരം, ചികിത്സ, കളികള്‍, വിദ്യാഭ്യാസം, സംസ്കാരം മുതലായ വളരെയേറെ ഉത്തരവാദിത്തങ്ങള്‍ തുല്യമായി വീട്ടിലെ മറ്റംഗങ്ങളുടെമേലും ഉണ്ട്. ഈ കൈമാറ്റക്രിയമുഖേന വീട്ടിലെ സകല അംഗങ്ങളും ക്രമാനുസരണം കുട്ടിയെ തങ്ങളുടെ മടിയില്‍ എടുക്കുകയും ഈ കുട്ടിയുടെ ശരിയായ വികസനത്തിനായി സകലരും ആവുന്നത്ര പരിശ്രമിക്കുന്നതാണെന്ന ഉത്തരവാദിത്തം മനസ്സിലാക്കുകയും ചെയ്യുന്നു. മാതാവു കഴിഞ്ഞാല്‍ പിന്നെ കൂടുതല്‍ ഉത്തരവാദിത്തം തീര്‍ച്ചയായും പിതാവിനാണ്. എങ്കിലും വീട്ടിലെ മറ്റംഗങ്ങള്‍ക്കും അതില്‍നിന്നും ഒഴിഞ്ഞുനില്ക്കാനാവില്ല. കൂട്ടു കൃഷിപോലെ കുട്ടിയുടെ വ്യക്തിത്വവികസനത്തില്‍ വീട്ടിലെ സകലരും തുല്യമായ പങ്കുവഹിക്കണം.
ക്രിയയും ഭാവനയും:
മന്ത്രോച്ചാരണം ആരംഭിക്കുന്നതോടെ മാതാവ് കുട്ടിയെ പിതാവിന്റെ മടിയില്‍ കൊടുക്കുക; പിതാവ് മറ്റുള്ളവര്‍ക്കു കൊടുക്കുക. കുട്ടി മാറിമാറി ഓരോരുത്തരുടേയും കയ്യിലെത്തി എല്ലാവരുടേയും സ്നേഹവും വാത്സല്യവും നേടി വീണ്ടും മാതാവിന്റെ മടിയില്‍ എത്തുന്നു. കുട്ടി സകലരുടേയും സ്നേഹത്തിനു പാത്രീഭവിക്കുകയും സകലരുടേയും സ്നേഹാശിസ്സുകള്‍ അര്‍പ്പിക്കുകയും ചെയ്യുകയാണെന്നു സങ്കല്പിക്കുക.
ഓം അഥ സുമംഗല നാമാന
ഹ്വയതി, ബഹുകാര
ശ്രേയസ്കര ഭൂയസ്കരേതി
യളഏവ വന്നാമാഭവതി,
കല്യാണമേവൈതന്മാനുഷൈ്യ വാചോ വദതി
ലോകദര്‍ശനം
ശിക്ഷണവും പ്രേരണയും:
വീട്ടിലെ പ്രായം കൂടിയ ഏതെങ്കിലും വ്യക്തി കുട്ടിയെ മടിയില്‍ എടുത്തുകൊണ്ട് വീട്ടിനു പുറത്തുപോയി കുഞ്ഞിനെ പുറത്തെ തുറന്ന ലോകവും തുറന്ന അന്തരീക്ഷവും കാണിക്കുന്നു. കുട്ടി വീട്ടില്‍ത്തന്നെ ഇരുന്ന് കൂപമണ്ഡൂകത്തെപ്പോലെയാകാതെ ലോകത്തിന്റെ വിശാലമായ വിരിമാറില്‍ വിചരിക്കട്ടെ. പ്രകൃതിയുടെ മടിത്തട്ടില്‍ ആനന്ദം കൊള്ളട്ടെ, വിശാലമായ അന്തരീക്ഷത്തില്‍ വളരട്ടെ എന്ന ഭാവനയോടെ കുട്ടിയെ തുറന്ന അന്തരീക്ഷത്തില്‍ കൊണ്ടുനടക്കുന്നു. വിനോദത്തിലൂടെയും കളിയിലൂടെയും ജ്ഞാനസംവര്ദ്ധനത്തിലൂടെയും സര്‍വ്വതോമുഖമായ വികസനത്തിന്റെ വാതില്‍ തുറക്കപ്പെടുന്നു. ഈ ലോകം വിരാടബ്രഹ്മമാണ്. ഇതിനെ പ്രത്യക്ഷ ഈശ്വരനായി കരുതണം. ശ്രീരാമന് കൗസല്യയ്ക്കും കാകഭുശുണ്ഡിക്കും ശ്രീകൃഷ്ണന് അര്‍ജ്ജുനനും വിരാടരൂപം കാട്ടിക്കൊണ്ടു ബ്രഹ്മാണ്ഡത്തിന്റെ സ്വരൂപത്തെയാണ് ദര്‍ശിപ്പിച്ചത്. ഈ ലോകത്തെ ഈശ്വരന്റെ വിശാലസ്വരൂപമായി കാണാന്‍ കഴിഞ്ഞാല്‍ സാക്ഷാല്‍ ഈശ്വരദര്‍ശനം ലഭിച്ചുവെന്നു കരുതണം.
ക്രിയയും ഭാവനയും:
മന്ത്രോച്ചാരണം ചെയ്യുമ്പോള്‍ നിര്ദ്ദിഷ്ടവ്യക്തി കുട്ടിയെ മടിയില്‍ എടുത്തു പുറത്തു തുറന്ന സ്ഥലത്തുപോയി വിഭിന്ന കാഴ്ചകള്‍ കാണിച്ചശേഷം തിരികെ കൊണ്ടുവരിക. ദൈവീകാനുഗ്രഹവും സദ്ഭാവനയുടെ സഹകരണവുംമൂലം കുട്ടിക്ക് വിരാടവിശ്വത്തെ ശരിയായ ദൃഷ്ടിയിലൂടെ വീക്ഷിക്കുവാനും മനസ്സിലാക്കുവാനും ഉപയോഗപ്പെടുത്തുവാനുമുള്ള കഴിവു ലഭിച്ചുകൊണ്ടിരിക്കുകയാണെന്നു സങ്കല്പിക്കുക.
ഓം ഹിരണ്യഗര്ഭഃ സമവര്ത്തതാഗ്രേ,
ഭൂതസ്യ ജാതഃ പതിരേകളആസിത്.
സ ദാധാര പൃഥിവീം ദ്യാമുതേമാം,
കസ്മൈ ദേവായ ഹവിഷാ വിധേമ.
ഇതിനുശേഷം അഗ്നിസ്ഥാപനം മുതല്‍ ഗായത്രീ മന്ത്രാഹുതി വരെയുള്ള വിധികള്‍ ചെയ്യുക. അതിനുശേഷം വിശേഷാല്‍ ആഹുതി നല്‍കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: