ബെംഗളൂരു: ബാലകരാമ വിഗ്രഹ നിര്‍മ്മാണത്തിലൂടെ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായ യോഗിരാജ് അരുണിന് പെരുമയേറെ. കേദാര്‍നാഥിലെ ശ്രീശങ്കരാചാര്യരുടെയും കര്‍ത്തവ്യപഥിലെ സുഭാഷ്ചന്ദ്രബോസിന്റെയും പ്രതിമകള്‍ നിര്‍മ്മിച്ചതും യോഗിരാജാണ്.
ശില്പികളുടെ കുടുംബത്തിലെ അഞ്ചാംതലമുറയില്‍പ്പെട്ടയാളാണ് അരുണ്‍. മുത്തച്ഛന്‍ ബസവണ്ണ മൈസുരു രാജാവിന്റെ സദസിലെ മുഖ്യശില്പിയായിരുന്നു. എംബിഎ ബിരുദം നേടിയതിനു ശേഷം കുറച്ചുകാലം ഒരു സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്നു അരുണ്‍ യോഗിരാജ്. 2008-ലാണ് പാരമ്പര്യത്തൊഴിലിലേക്ക് തിരിഞ്ഞത്.
കേദാര്‍നാഥിലെയും കര്‍ത്തവ്യപഥിലെയും പ്രതിമകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അനാച്ഛാദനം ചെയ്തത്. സുഭാഷ് ചന്ദ്രബോസിന്റെ രണ്ടടി ഉയരമുള്ള പ്രതിമയും യോഗിരാജ് പ്രധാനമന്ത്രിക്ക് സമ്മാനിച്ചിരുന്നു. ആദിശങ്കരാചാര്യ, ഹനുമാന്‍, ഡോ.ബി.ആര്‍. അംബേദ്കര്‍, ശ്രീരാമകൃഷ്ണ പരമഹംസര്‍, ബനശങ്കരി ദേവി, മൈസൂരു രാജാവ് ജയചാമരാജേന്ദ്ര വോഡയാര്‍ എന്നിവരുടെ പ്രതിമകളും അരുണ്‍ യോഗിരാജ് നിര്‍മിച്ചു.
രാമവിഗ്രഹനിര്‍മ്മാണത്തിലൂടെ അരുണിന് ലഭിക്കുന്ന അംഗീകാരം കര്‍ണാടകയിലെ മുഴുവന്‍ രാമഭക്തര്‍ക്കും അഭിമാനവും സന്തോഷവും നല്‍കുന്ന കാര്യമാണെന്ന് അരുണ്‍ യോഗിരാജിനെ അഭിനന്ദിച്ച് മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. ഇത് സംസ്ഥാനത്തിനും സാംസ്‌കാരിക തലസ്ഥാനമായ മൈസൂരുവിനും അഭിമാനകരമായ നേട്ടമാണെന്ന് കര്‍ണാടക ബിജെപി അധ്യക്ഷന്‍ ബി.വൈ. വിജയേന്ദ്ര പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: