ദേശീയത ഒരു കുറ്റകൃത്യമാണെങ്കില്‍ ഞാനത് ആയിരം വട്ടം ചെയ്യുമെന്ന് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചാണ് ഇരുപത്തെട്ടുകാരി സാധ്വി ഋതംഭര രാമജന്മഭൂമി പ്രസ്ഥാനത്തിന്റെ അമരത്തേക്ക് കടന്നുവന്നത്. കഴിഞ്ഞ ദിവസം അറുപതിലെത്തിയ മാ ദീദി സാധ്വിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നെത്തിയ ആയിരങ്ങളോട് സംവദിക്കുമ്പോഴും ആ ആവേശത്തിന് കുറവില്ല… രാമന്‍ പിറന്ന മണ്ണില്‍ രാമനിടം കിട്ടാന്‍ രാമചന്ദ്രസേന നടത്തിയ പോരാട്ടങ്ങള്‍ ഒന്നും പാഴായില്ല, ഋതംഭര പറഞ്ഞു.
‘നമ്മളോളം വേദനിച്ചവരുണ്ടാകില്ല ഭൂമുഖത്ത്. എത്ര തലമുറകള്‍ തല കുമ്പിട്ട് കഴിയേണ്ടി വന്നു. നൂറ്റാണ്ടുകളുടെ വേദനയില്‍ പൂര്‍വികരുടെ ഹൃദയം വെന്തുരുകി. എന്തൊരു അപമാനഭാരമായിരുന്നു നമുക്ക്. ഇന്ന് അഭിമാനത്തിന്റെ മുഹൂര്‍ത്തമെത്തിയിരിക്കുന്നു. ബലിദാനികള്‍, കര്‍സേവകര്‍… അമര രാമഭക്തര്‍ കണ്ട സ്വപ്‌നങ്ങള്‍ പൂര്‍ത്തിയാകുന്നു. ബാലകരാമന് അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠ… എല്ലാ വേദനകള്‍ക്കും മീതെ ആഹ്ലാദം ആകാശം മുട്ടട്ടെ… ഭവ്യമായ രാമക്ഷേത്രത്തിന്റെ ശിലാന്യാസ വേളയില്‍ ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദി ബാലകരാമന് മുന്നില്‍ സാഷ്ടാംഗം നമസ്‌കരിക്കുന്ന ആ ദൃശ്യം മറക്കാനാകില്ല. അതുണ്ടാക്കിയ ആത്മാഭിമാനം അതിരില്ലാത്തതാണ്… രാഷ്‌ട്രവും രാമനും ഒന്നാണെന്ന പ്രഖ്യാപനമായിരുന്നു അത്…”
ഏക് ധക്കാ ഔര്‍ ദോ എന്ന ആഹ്വാനത്തിലൂടെയാണ് സാധ്വി ഋതംഭര കപടമതേതരവാദികളുടെ വായ്‌ത്താരികളില്‍ ‘കുപ്രസിദ്ധ’ആയത്. അയോദ്ധ്യയിലെ തര്‍ക്കമന്ദിരത്തിലേക്ക് 1992 ഡിസംബര്‍ ആറിന് കടന്നുവന്ന അനേകായിരം കര്‍സേവകരില്‍ ഒരാളായിരുന്നു സാധ്വി… കര്‍സേവയിലേക്ക് ലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ച ആയിരക്കണക്കിന് പ്രസംഗവേദികളില്‍ ഋതംഭര എത്തി. അഗ്നിയായി ആളിയ വാക്കുകളിലൂടെ രാമനോടുള്ള ഭക്തിയും രാഷ്‌ട്രത്തോടുള്ള അഭിമാനവും ജനകോടികളില്‍ ജ്വലിച്ചുയര്‍ന്നു. കര്‍സേവകര്‍ അപമാനഗോപുരങ്ങള്‍ നീക്കുമ്പോഴാണ് ആ ശബ്ദം അന്ന് ഉയര്‍ന്നു കേട്ടത്… ഏക് ധക്കാ ഔര്‍… വിജയത്തിലേക്കുള്ള പരിശ്രമത്തിന് ‘ഒരുന്ത് കൂടി’… ഋതംഭരയുടെ വാക്കുകള്‍ മതേതരത്വം തകര്‍ത്തുവെന്നായിരുന്നു ആക്ഷേപം.. കേസ്… ജയില്‍വാസം.. ദേശീയത ഒരു കുറ്റകൃത്യമാണെങ്കില്‍ ഞാനത് ആയിരം വട്ടം ചെയ്യുമെന്ന് ചങ്കൂറ്റത്തോടെ പ്രഖ്യാപിച്ചാണ് അവര്‍ എതിരാളികളുടെ വായടപ്പിച്ചത്.
ധീരദേശാഭിമാനികള്‍ പിറന്ന പഞ്ചാബിന്റെ മണ്ണില്‍, ലുധിയാനയില്‍ നിന്നാണ് നിഷ എന്ന സാധ്വി ഋതംഭരയുടെ വരവ്. പതിനാറാം വയസില്‍ സ്വാമി പരമാനന്ദ് ഗിരിയില്‍ നിന്ന ദീക്ഷ സ്വീകരിച്ചാണ് നിഷ സംന്യാസിനിയായത്. ഹരിദ്വാറിലെ ആശ്രമവാസത്തിനിടയിലാണ് ശ്രീരാമജന്മഭൂമി പ്രസ്ഥാനത്തിലേക്ക് ഇറങ്ങുന്നത്. പിന്നീട് മഥുരയിലെ വൃന്ദാവനില്‍ ആശ്രമം സ്ഥാപിച്ച ഋതംഭര രാധേകൃഷ്ണ ബാലികാമന്ദിരങ്ങളിലൂടെ സേവനമാണ് ആദ്ധ്യാത്മികത എന്ന് ഉദ്‌ഘോഷിച്ചു. അറുപതാം പിറന്നാള്‍ വേളയില്‍ ആശംസകളുമായെത്തിയവരോട് സാധ്വി പറഞ്ഞതും സമാധാനത്തിന്റെ ഭാഷയായിരുന്നു, സമരം തീര്‍ന്നു. എല്ലാവരുടെയും രാമനെയാണ് പ്രതിഷ്ഠിക്കുന്നത്. എല്ലാവരും പങ്കെടുക്കുകയാണ് വേണ്ടത്. പോരാട്ടം അനിവാര്യമായിരുന്നു. അത് ധര്‍മ്മവിജയത്തിനായുള്ള പോരാട്ടമായിരുന്നു. ധര്‍മ്മം ആവശ്യപ്പെട്ടാല്‍ ഇനിയും അത് വേണ്ടി വരും. രാമന്‍ രാഷ്‌ട്രത്തിന്റെ പ്രാണനാണെന്ന് ഇപ്പോഴും പലരും മനസിലാക്കുന്നില്ല. രാമക്ഷേത്രം ഓരോരുത്തരുടെയും വിധി നിര്‍ണയിക്കുമെന്ന് ഇനിയും അവര്‍ക്ക് പിടികിട്ടിയിട്ടില്ല…. സാധ്വി ചൂണ്ടിക്കാട്ടുന്നു….
പ്രതികരിക്കാൻ ഇവിടെ എഴുതുക: