സന്നിധാനം : കണ്ടെയ്‌നര്‍ ക്ഷാമത്തെ തുടര്‍ന്ന് ശബരിമലയില്‍ അരവണ വിതരണത്തിലെ പ്രതിസന്ധി തുടരുന്നു. നിലവില്‍ ഒരാള്‍ക്ക് അഞ്ച് ടിന്‍ അരവണ എന്ന രീതിയിലാണ് വിതരണം. പുതിയതായി കരാര്‍ എടുത്ത കമ്പനികള്‍ ഇന്ന് കൂടുതല്‍ ടിന്നുകള്‍ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്ന് ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു.
ശബരിമലയില്‍ ദിവസവും ഒന്നര ലക്ഷം ടിനുകള്‍ക്കായി രണ്ട് കമ്പനികളാണ് കരാര്‍ ഏറ്റെടുത്തിരുന്നത്. ഇതില്‍ ഒരു കമ്പനി വീഴ്ച വരുത്തിയതോടെ ആണ് പ്രതിസന്ധി തുടങ്ങിയത്. ഒരു കരാറുകാരന്‍ മാത്രം ടിന്‍ നല്‍കുന്നതിനാല്‍ ഉല്‍പാദനം പകുതിയാക്കി കുറച്ചു. ഇതോടെ രണ്ട് ദിവസം മുമ്പ് അരവണ വിതരണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. മകരവിളക്ക് തീര്‍ത്ഥാടനം മുന്നില്‍ക്കണ്ട് പ്രശ്‌നപരിഹാരത്തിനായി രണ്ട് കമ്പനികള്‍ക്ക് കൂടി കരാര്‍ നല്‍കിയിട്ടുണ്ട്. ഇവര്‍ കണ്ടെയ്‌നറുകള്‍ എത്തിക്കുന്നതോടെ പ്രതിസന്ധി തീരുമെന്നാണ് പ്രതീക്ഷ.
അരവണ നിര്‍മ്മിക്കാന്‍ ആവശ്യമായ ശര്‍ക്കരയ്‌ക്കുള്ള പ്രതിസന്ധി കഴിഞ്ഞയാഴ്ചയായിരുന്നു പരിഹരിച്ചത്. ഇതിന് തൊട്ടുപുറകെയാണ് ടിന്നുകളുടെ ക്ഷാമം. ദിവസവും ശരാശരി മൂന്ന് ലക്ഷം ടിന്‍ അരവണയാണ് വിറ്റു പോകുന്നത്. ശബരിമലയിലും നിലയ്‌ക്കലും കണ്ടെയ്‌നറിന്റെ ക്ഷാമത്തെ തുടര്‍ന്ന് അരവണ വിതരണത്തില്‍ ക്ഷാമം ഉണ്ടായിരുന്നു. നിലവില്‍ കണ്ടെയ്‌നര്‍ എത്തിച്ചിട്ടുണ്ടെങ്കിലും വിതരണത്തിന് സജ്ജമാക്കിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: