ഫേസ്ബുക്കില്‍ കണ്ടൊരു കുറിപ്പാണ്. ‘ഗുജറാത്തില്‍ മാരുതിയുടെ ഇവി പുരോഗമിക്കുന്നു. ആന്ധ്രയില്‍ കിയയുടെ ഇവി മോഡല്‍ ഒരുങ്ങുന്നു. തമിഴ്നാട്ടില്‍ ഒലയുടെ ഇവിയുടെ നിര്‍മ്മാണം ധൃതഗതിയില്‍ നടക്കുന്നു.’ കേരളത്തില്‍ അങ്ങനെയൊന്ന് ചൂണ്ടിക്കാട്ടാനുണ്ടോ? ഇല്ലെന്ന് പറയേണ്ടിവരും. എന്നാല്‍ കേരളത്തിലില്ലെ. ഉണ്ടല്ലോ. ഡിവൈഎഫ്ഐയുടെ മനുഷ്യച്ചങ്ങലയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. അത് കഴിഞ്ഞാല്‍ നവോത്ഥാന മതിലിനായി സിപിഎം തയ്യാറെടുക്കുന്നു. എന്താപോരെ.
മാരുതിയുടെ ഇ വി പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ ആയിരക്കണക്കിനാളുകള്‍ക്ക് തൊഴില്‍ ലഭിക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. ആര്‍ക്കൊക്കെ? വ്യക്തികള്‍ക്കും സംസ്ഥാനത്തിനും. കിയയുടെ ഇവിയുടേയും ഒലയുടെയും ഇ വി നിര്‍മ്മാണത്തിനും ലക്ഷ്യം അതു തന്നെ. മനുഷ്യച്ചങ്ങലയും മതിലും പണിതാല്‍ ആര്‍ക്കാണ് നേട്ടം? എന്താണ് നേട്ടം? ദൈവത്തിനുപോലും ഒരു നിശ്ചയവുമില്ല. ഗുജറാത്ത് ബിജെപി ഭരിക്കുന്ന സംസ്ഥാനമാണെന്ന് പറയാം. എന്നാല്‍ ആന്ധ്രയും തമിഴ്നാടും അങ്ങനയൊരു അപരാധം കേള്‍ക്കുന്ന സംസ്ഥാനമല്ലല്ലൊ? അവിടങ്ങളിലെ പോലെ എന്നാകും ഇവിടെയും എന്ന ഒറ്റ ചോദ്യത്തിന് ഉത്തരം നല്കാനാകുമോ ?
കേരളം മാറി മാറി ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വം എന്നെങ്കിലും അതിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുമോ? രാമന് ഭരിച്ചാലും രാവണന് ഭരണത്തിലെത്തിയാലും കേരളത്തിന്റെ സ്ഥിതി ഒന്നു തന്നെ. അതിനൊരു മാറ്റം വരുത്താന്‍ അമ്മമാര്‍ തന്നെ രംഗത്തിറങ്ങണം. അതിന്റെ ആദ്യ പടിയാകട്ടെ ഇന്ന് തൃശൂരില്‍ നടക്കുന്ന മഹിളകളുടെ മഹാസമ്മേളനം. പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി പങ്കെടുക്കുന്ന സമ്മേളനം തീരുമ്പോഴെങ്കിലും അവിടങ്ങളിലെ പോലെ ഇവിടെയും സ്ഥാപനങ്ങളുണ്ടാകണമെന്നാഗ്രഹിക്കാം. അതിനായി പ്രയത്നിക്കാം. പ്രവര്‍ത്തിക്കാം. പ്രാര്‍ത്ഥിക്കാം.
ഇവിടെ സ്ഥാപനങ്ങള്‍ വരാന്‍ തയ്യാറാണ്. മുതുല്‍മുടക്കാന്‍ ആളുണ്ട്. ജോലി ചെയ്യാന്‍ ആളുകളുമുണ്ട്. പക്ഷെ എന്തുകൊണ്ടതിന് തടസ്സമുണ്ടാകുന്നു. മുരടിച്ച തത്വശാസ്ത്ര പിടിവാശി. അത് കമ്മ്യൂണിസ്റ്റ്ചിന്തയുടെ മാത്രം മുരടിപ്പല്ല. കമ്മ്യൂണിസ്റ്റുകാരെക്കാള്‍ കമ്മ്യൂണിസ്റ്റാകാന് പ്രയത്നിക്കുന്ന കോണ്‍ഗ്രസുകാരുമുണ്ട്. അതുകൊണ്ടാണല്ലോ കേരളീയര്‍ തമിഴ്നാട്ടിലെ കോയമ്പത്തൂരിനെ ആശ്രയിക്കുന്നത്. അതിവേഗം വളരുന്ന വ്യവസായ കേന്ദ്രമായി കോയമ്പത്തൂര്‍ മാറി. പാലക്കാട്ടെ ഫാക്ടറികള്‍ പൂട്ടി കോയമ്പത്തൂര്‍ തുടങ്ങുന്നു. പുത്തന്‍കാശുകാരും കേരളത്തെ വിട്ട് കോയമ്പത്തൂരിനെയും കര്‍ണാടകത്തെയും ആശ്രയിക്കുന്നു. കേരളത്തിലൊരു സ്ഥാപനം തുടങ്ങാന്‍ ചിന്തിച്ചാല്‍ മാത്രം മതി അവന്റെ വീട്ടിലെ കഴുക്കോല് ഊരേണ്ട കാര്യത്തെക്കുറിച്ചാകും സര്‍ക്കാരിന്റെ ചിന്ത. അതുകണ്ടല്ലോ ആന്തൂരില്‍.
ആന്തൂരില്‍ വിദേശ മലയാളി പത്ത് പന്ത്രണ്ട് കോടി മുടക്കി ഒരു കണ്വെന്ഷന് സെന്റര്‍ കെട്ടിപ്പൊക്കി. പക്ഷെ അതിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതിനു മുമ്പ് അദ്ദേഹത്തിന് ജീവന് വെടിയേണ്ടി വന്നു. ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഭാര്യയാണ് ആന്തൂര്‍ നഗരസഭാ അധ്യക്ഷ. കെട്ടിടത്തിനാവശ്യമായ രേഖ കിട്ടാന്‍ നഗരസഭയുടെ വാതിലില്‍ മുട്ടി മാസങ്ങളോളം നടന്നു. പാവപ്പെട്ട സഖാവു കൂടിയായ വ്യക്തി വര്‍ഷങ്ങളോളം മണലാരണ്യത്തില്‍ അദ്ധ്വാനിച്ചുണ്ടാക്കിയ കാശുകൊണ്ട് തന്റെ ഗ്രാമത്തില്‍-ആന്തൂരില്‍-ഒരു സ്ഥാപനമുണ്ടാക്കാന്‍ ആഗ്രഹിക്കുന്നു. അതിനെത്തുടര്‍ന്നാണ് ആന്തൂരില്‍ കെട്ടിടമുണ്ടാക്കിയത്. ഒരു പരിപാടിയെങ്കിലും നടന്നുകാണാനുള്ള ഭാഗ്യമില്ലാതെ സാജന് ജീവനൊടുക്കേണ്ടിവന്നു.
ഇതൊരു ഉദാഹരണം മാത്രം. ഇങ്ങനെ എത്രയെന്ത്ര സംഭവങ്ങള്‍. പണം മുടക്കാന്‍ തയ്യാറല്ലെ. പണം മുടക്കി എന്തെങ്കിലും ചെയ്യാനൊരുങ്ങിയാല്‍ എത്രയെത്ര തടസ്സങ്ങള്‍. അത് പരിഹരിക്കാനുള്ള പ്രയത്നങ്ങളില്ല. അരുത് കാട്ടാളാ അരുതെന്ന് നിര്‍ദ്ദേശിക്കാന്‍ ഭരണകര്‍ത്താക്കള്‍ തയ്യാറാകാറില്ല. നടപടി ക്രമങ്ങള്‍ ലളിതമാക്കാന്‍ ശ്രദ്ധയും ശ്രമവുമില്ല. പദ്ധതികള്‍ വരാത്തതിന് വിലപിക്കുന്നത് കേള്‍ക്കാം. പക്ഷെ ഒരു പരിഹാരമാര്‍ഗ്ഗവും കേള്‍ക്കാറില്ല. പരാതികള്‍ സ്വീകരിക്കാന്‍ പരിവാരസമേതം മന്ത്രിപുംഗവന്മാര് പതിവിന് വിപരീതമായി കേരളത്തിന്റെ വടക്കുനിന്ന് തെക്കോട്ടൊരു യാത്രയും നടത്തി.
മാഞ്ചേശ്വരത്തുനിന്ന് തുടങ്ങിയ യാത്രയ്ക്ക് പ്രത്യകമായി കോടികള്‍ മുടക്കിയ ബസ്. അതില്‍ ഒരു ആഡംബരവുമില്ലെന്ന് മന്ത്രിമാരും നേതാക്കളും ആവര്‍ത്തിക്കുന്നത് കേട്ടു. എങ്കില്‍ പിന്നെന്തിന് 1.05 കോടി മുടക്കി എന്ന ചോദ്യം പ്രസക്തമാണ്. മുഖ്യമന്ത്രി ഒന്നാമനായി ഇരിക്കാന്‍ പ്രത്യേക കസേര. അതാകട്ടെ ചൈനീസ് നിര്‍മ്മിതിയാണെങ്കിലേ ഇരിപ്പുറക്കൂ എന്ന സ്ഥിതി. തിരിയുന്ന കസേരയും അതോടൊപ്പം ബസ്സിനകത്തുതന്നെ ഒന്നിനും രണ്ടിനും സൗകര്യം. എല്ലാം കൊണ്ടും ഒരാനച്ചന്തം. മ്യൂസിയത്തില്‍ വച്ചാലും കോടികള്‍ വരുമാനം ലഭിക്കുമെന്ന് വീമ്പടിച്ച ബസ്സ് ഇപ്പോള്‍ തിരുവനന്തപുരം പോലീസ് എആര്‍ ക്യാമ്പില്‍ സുഖ നിദ്രയിലാണ്. അതിനിയെപ്പോള്‍ മ്യൂസിയത്തില്‍ വയ്ക്കും എന്നറിഞ്ഞാല്‍ മതിയായിരുന്നു.
സാമൂഹ്യക്ഷേമ പെന്ഷന് അഞ്ചുമാസത്തെ കുടിശികയുണ്ട്. വിധവാ പെന്ഷന്, വാര്‍ധക്യകാല പെന്ഷന് അടക്കമുള്ള അവശജനവിഭാഗങ്ങളുടെ ആനുകൂല്യങ്ങള്‍ക്കുവേണ്ടി കാത്തുകെട്ടികിടക്കുന്നു. അപ്പോഴാണ് കോടികള്‍ മുടക്കിയുള്ള ഊരുചുറ്റല്‍. അതുകൊണ്ടെന്തെങ്കിലും പ്രയോജനമുണ്ടോ എന്നാരും ചോദിക്കരുത്. ആരെങ്കിലും ചോദിച്ചാല്‍ അവരെല്ലാം വികസന വിരോധികളെന്നേ പറയൂ. ആരും ചോദിക്കരുത്. ഒന്നും പറയരുത്. അതാണ് ജനാധിപത്യമെന്ന പുതിയ വ്യാഖ്യാനവും വന്നിരിക്കുന്നു. ഗവര്‍ണര്‍ക്കെതിരെ യുദ്ധം ചെയ്യുക എന്ന പദ്ധതിയാണിവിടെ നടക്കുന്നത്. ഗവര്‍ണറുടെ ചോദ്യങ്ങള്‍ക്ക് മറുപടിയില്ല. മറുപടി കിട്ടാതെ ബില്ലുകളില്‍ ഒപ്പിടില്ലെന്ന് പറയുന്നതെങ്ങനെ ചട്ടലംഘനമെന്ന് പറയും? ഗവര്‍ണര്‍ ചട്ടം ലംഘിക്കുന്നു എന്നാണല്ലോ ആക്ഷേപം.
ആന്ധ്രയും തമിഴ്നാടും ഗുജറാത്തും പുരോഗമിക്കുമ്പോള്‍ മൂക്കത്ത് കയ്യും വച്ച് കരഞ്ഞിട്ട് കാര്യമുണ്ടോ? നരേന്ദ്രമോദി ആരെയെങ്കിലും വിരുന്നിന് വിളിച്ച് ചെന്നാല്‍ തെറ്റ്. വീഞ്ഞും മുന്തിരിച്ചാറും ആസ്വദിക്കാന്‍ പോയെന്ന് മന്ത്രിതന്നെ കുറ്റപ്പെടുത്തുന്നു. എങ്ങനെയുണ്ട് മന്ത്രി സജിയുടെ പ്രസ്താവന. അതിന്റെ പ്രതിഷേധിക്കുന്നതുപോലും അപരാധമായി മാറി. മന്ത്രിയുടെ പ്രസ്താവന തൊണ്ട തൊടാതെ മുഖ്യമന്ത്രിയും സമ്മതിച്ചു. അതാണ് നവകേരളം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: