ആന്‍ഫീല്‍ഡ്: ന്യൂകാസില്‍ യുണൈറ്റഡിനെതിരെ തകര്‍പ്പന്‍ കളി പുറത്തെടുത്ത ലിവര്‍പൂള്‍ ആദ്യ പകുതിയില്‍ ഒരു ഗോള്‍ പോലും നേടാതെ ഞെട്ടി. പെനല്‍റ്റി തൊടുക്കാന്‍ ഒരവസരം കിട്ടിയപ്പോള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാ അത് പാഴാക്കുകയും ചെയ്തു. പക്ഷെ രണ്ടാം പകുതിയാകെ മാറിമറിഞ്ഞു. 45 മിനിറ്റില്‍ ആറ് ഗോളുകള്‍ കണ്ട രണ്ടാം പകുതിയില്‍ ലിവര്‍ 4-2ന് വിജയിച്ചു.
സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ തകര്‍പ്പന്‍ കളി ലിവര്‍ തന്നെയെന്നതില്‍ സംശയമില്ല. കഴിഞ്ഞ സീസണില്‍ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുന്നതിന്റെ ലക്ഷണം കാട്ടിക്കൊണ്ടാണ് പുതുവര്‍ഷത്തിലെ ആദ്യ കളിയില്‍ ലിവര്‍ പ്രകടമാക്കിയത്. ന്യൂകാസിലിനെതിരായ വിജയത്തിനൊടുവില്‍ പോയിന്റ് പട്ടികയിലെ കണക്കും അതിന് ചേരുംവിധമാണ്. തൊട്ടടുത്ത എതിരാളിയായ ആസ്റ്റണ്‍ വില്ലയെക്കാള്‍ മൂന്ന് പോയിന്റ് മുന്നിലായിരിക്കുകയാണ് ലിവര്‍. ഇരുവരും 20 വീതം മത്സരം പൂര്‍ത്തിയാക്കുമ്പോള്‍ ലിവറിന് 45 പോയിന്റുകളായി.
ആദ്യപകുതിക്കൊടുവില്‍ പെല്‍റ്റി നഷ്ടപ്പെടുത്തിയ മുഹമ്മദ് സലാ തന്നെയാണ് രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഗോളടിക്ക് തുടക്കമിട്ടത്. ഉറുഗ്വന്‍ മിഡ്ഫീല്‍ഡര്‍ ഡാര്വിന് ന്യൂനസ് ക്ലോസ് റേഞ്ച് പൊസിഷനിലേക്ക് ഇട്ട ഒന്നാന്തരം ക്രോസിലേക്ക് കാല് തഴുകികൊണ്ട് ഫിനിഷ് ചെയ്തായിരുന്നു സലയുടെ ആദ്യ ഗോള്‍. കളിക്ക് 49 മിനിറ്റായപ്പോഴായിരുന്നു ഈ ഗോള്‍. അഞ്ച് മിനിറ്റ് ശേഷം അലക്സാണ്ടര്‍ ഇസാക്കിലൂടെ ന്യൂകാസില്‍ ഒപ്പമെത്തി. 74-ാം മിനിറ്റില്‍ കുര്‍ട്ടിസ് ജോന്‍സ് നേടിയ ഗോളില്‍ ലിവര്‍ വീണ്ടും മുന്നില്‍ കടന്നു. നാല് മിനിറ്റ് കഴിഞ്ഞപ്പോള്‍ ലിവര്‍ മൂന്നാം ഗോളും നേടി. പകരക്കാരനായി ഇറങ്ങിയ ഡച്ച് സ്ട്രൈക്കര്‍ കോഡി ഗാക്പോ ഗോള്‍ നേടി. മുഹമ്മദ് സലാ ആണ് വഴിയൊരുക്കിയത്. 81-ാം മിനിറ്റില്‍ സ്വെന്‍ ബോട്ട്മാന്‍ നേടിയ ഗോളില്‍ ന്യൂകാസില്‍ ഒരു ഗോള്‍ കൂടി മടക്കി. 86-ാം മിനിറ്റില്‍ ലിവറിന് അനുകൂലമായി വീണ്ടും പെനല്‍റ്റി. ഇക്കുറി പിഴവുകളില്ലാതെ സലാ പന്ത് വലയിലെത്തിച്ച് മത്സരത്തിലെ തന്റെ ഇരട്ടഗോള്‍ തികച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: