കൊച്ചി: കെസിബിസി അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമ്മിസ് കാതോലിക്കാ ബാവാ സംസ്ഥാന സര്‍ക്കാരിനോട് സഹകരിക്കില്ലെന്ന് പ്രഖ്യാപിച്ചതോടെ നിലപാടു വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും ക്രൈസ്തവ സഭയെ അപഹസിച്ച് മന്ത്രി സജി ചെറിയാന്.
പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരായ പരാമര്‍ശങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് സജി ചെറിയാന് അറിയിച്ചു. പറഞ്ഞത് രാഷ്ട്രീയ നിലപാടാണെന്നും അതു പിന്‍വലിക്കാന്‍ തയാറല്ലെന്നും സജി ആവര്‍ത്തിച്ചു. എന്നാല്‍, ആലപ്പുഴ പ്രസംഗത്തിലെ കേക്കിന്റെയും വീഞ്ഞിന്റെയും പരാമര്‍ശവും രോമാഞ്ചമെന്ന പ്രയോഗവും പിന്‍വലിക്കുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച ആലപ്പുഴയിലെ പ്രസംഗത്തില്‍, പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ക്രൈസ്തവ മേലധ്യക്ഷന്മാരെ മന്ത്രി സജി അവഹേളിച്ചതിനെതിരേ കെസിബിസിയും ക്രൈസ്തവ സമൂഹവും ശക്തമായി രംഗത്തുവന്നിരുന്നു. കേക്കും മുന്തിരിയിട്ട് വാറ്റിയ സാധനവും കഴിച്ചപ്പോള്‍ ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും അവര്‍ മണിപ്പൂര്‍ വിഷയം മറന്നുപോയെന്നുമാണ് മന്ത്രി ആക്ഷേപിച്ചത്. ക്രൈസ്തവ സഭയില്‍ നിന്നുയര്‍ന്ന പ്രതിഷേധം തണുപ്പിക്കാനാണ് വാര്‍ത്താസമ്മേളനം വിളിച്ചതെങ്കിലും മന്ത്രി ആക്ഷേപം തുടരുകയായിരുന്നു.
”മണിപ്പൂരിനെ സംബന്ധിച്ച വിമര്‍ശനം എന്റെ രാഷ്ട്രീയ നിലപാടാണ്. അതിലൊരു മാറ്റവുമില്ല. മണിപ്പൂരിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയോടു നേരിട്ടു പരാതിപ്പെടാന്‍ കിട്ടിയ അവസരത്തില്‍ അത് വിനിയോഗിക്കാത്തതിനെയാണ് ഞാന്‍ വിമര്‍ശിച്ചത്. സാംസ്കാരിക മന്ത്രിയെന്ന നിലയില്‍ ഞാന്‍ പറഞ്ഞത് മഹാപാപമാണെന്നു കരുതുന്നില്ല. കേരളത്തിന്റെയും രാജ്യത്തിന്റെയും പൊതുപ്രശ്നമാണ് പറഞ്ഞത്. അക്കാര്യത്തില്‍ മാറ്റം വരുത്താന്‍ ഉദ്ദേശിക്കുന്നില്ല. ഇവിടെ മുസ്ലിങ്ങളെ അകറ്റി ക്രിസ്ത്യാനികളെ ചേര്‍ത്തുപിടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്”, മന്ത്രി തുടര്‍ന്നു.
മന്ത്രി സജിയുടെ നിലപാടിനെതിരേ കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ. മാണിയും രംഗത്തുവന്നു. മന്ത്രി സജിയുടേത് സര്‍ക്കാര്‍ നിലപാടല്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതോടെ പ്രശ്നം ഇടതു മുന്നണിയിലും വഷളാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: