തിരുച്ചിറപ്പള്ളി: പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുച്ചിറപ്പള്ളിയില്‍ 22,000 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനം നിര്‍വഹിച്ചു. വികസന പദ്ധതികളില്‍ റെയില്‍, റോഡ്, ഗ്യാസ്, ഷിപ്പിങ് മേഖലയും ഉള്‍പ്പെടുന്നു.
തിരുച്ചിറപ്പിള്ളി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനലിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിര്‍വഹിച്ചു. 11,000 കോടി രൂപ ചെലവിലാണ് ടെര്‍മിനല്‍ പൂര്‍ത്തിയാക്കിയത്. പ്രതിവര്‍ഷം 44 ലക്ഷത്തിലധികം യാത്രക്കാര്‍ക്കും തിരക്കുള്ള സമയങ്ങളില്‍ 3500 യാത്രക്കാര്‍ക്കും ടെര്‍മിനലില്‍ സൗകര്യം നല്‍കാനാകുമെന്ന് പിഎംഒ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. 60 ചെക്ക് ഇന്‍ കൗണ്ടറുകള്‍, അഞ്ച് ബാഗേജ് കൗണ്ടറുകള്‍ 60 ഇമിഗ്രേഷന്‍ കൗണ്ടറുകള്‍ എന്നിവ ഉണ്ടാകും. ചെന്നൈ കഴിഞ്ഞാല്‍ വിദേശ സഞ്ചാരികള്‍ കൂടതലെത്തുന്ന വിമാനത്താവളമാണ് തിരുച്ചിറപ്പള്ളി.
സാംസ്കാരിക തനിമ വിളിച്ചോതുന്ന രീതിയിലാണ് ടെര്‍മിനല്‍ ഒരുക്കിയിരിക്കുന്നത്. കോലം മുതല്‍ ക്ഷേത്രഗോപുര മാതൃക ഉള്‍പ്പെടെ വിമാനത്താവളത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. ചുവര് ചിത്രങ്ങളും സാംസ്കാരിക ചിഹ്നങ്ങളും അടയാളപ്പെടുത്തിയിട്ടുണ്ട്. 30 ദിവസം കൊണ്ടാണ് ചുവര്‍ചിത്രങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് ടെര്‍മിനല്‍ ആര്‍ട്ട് വര്‍ക്കിന്റെ ക്രിയേറ്റീവ് ഡയറക്ടര്‍ രാജാ വിഘ്നേഷ് പറഞ്ഞു.
തമിഴ്നാടിന്റെ വികസനത്തിന് സാധ്യമായ എല്ലാ സഹായവും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് മോദി പറഞ്ഞു. വികസിത ഭാരതത്തിലേക്കുള്ള പ്രയാണത്തില്‍ നിര്‍ണായകമാണ് അടുത്ത 25 വര്‍ഷം. പുരതാന ഭാഷയായ തമിഴിന്റെയും സാംസ്കാരിക പൈതൃകത്തിന്റെയും തറവാടാണ് തമിഴ്നാട്. തിരുവള്ളുവരും സുബ്രഹ്മണ്യ ഭാരതിയും സാഹിത്യത്തെ പ്രൗഢമാക്കി. സി.വി. രാമനെ പോലുള്ള ശാസ്ത്രജ്ഞരാണ് ശാസ്ത്രരംഗത്ത് ഭാരതത്തിന്റെ വഴികാട്ടി. രാജ്യത്തിന്റെ വികസനത്തിനും പൈതൃകത്തിനും തമിഴ് സംസ്കാരം വലിയ സംഭാവനയാണ് നല്‍കിയിട്ടുള്ളത്. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ തമിഴ്നാട്ടില്‍ നിന്നുള്ള പവിത്രമായ ചെങ്കോലാണ് സ്ഥാപിച്ചിരിക്കുന്നത്. കാശി-തമിഴ് സംഗമത്തിലൂടെ തമിഴ് സംസ്കാരം ഭാരതമെങ്ങും വ്യാപിക്കുമെന്നും മോദി പറഞ്ഞു. മെയ്ക്ക് ഇന്‍ ഇന്‍ഡ്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി തമിഴ്നാട്ടുകാര്‍ മാറി. 40 കേന്ദ്രമന്ത്രിമാര്‍ 400 തവണയാണ് തമിഴ്നാട് സന്ദര്‍ശിച്ചത്. തമിഴ്നാടിന്റെ പുരോഗതിയാണ് ഭാരതത്തിന്റെ പുരോഗതിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: