കോട്ടയം: ക്രൈസ്തവസഭാ മേലധ്യക്ഷന്മാരെ അധിക്ഷേപിച്ച മന്ത്രി സജിക്ക് ദീപികയുടെ രൂക്ഷവിമര്‍ശനം. സജി ചെറിയാനെ പോലുള്ള മന്ത്രിമാര്‍ക്ക് ഒത്താശ ചെയ്യുന്ന മുഖ്യമന്ത്രിയടക്കമുള്ളവര്‍ തീക്കൊള്ളികൊണ്ടാണ് തല ചൊറിയുന്നതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു.
ക്രൈസ്തവര്‍ എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കണമെന്നതിന് സജി ചെറിയാനേയും കെ.ടി. ജലീലിനേയും പോലുള്ളവരുടെ ഉപദേശം ആവശ്യമില്ല. തങ്ങള്‍ ചെയ്യുമ്പോള്‍ ശരിയും മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ തെറ്റും എന്ന വിരോധാഭാസം രാഷ്ട്രീയ പ്രത്യയശാസ്ത്രമായി കൊണ്ടുനടക്കുന്നവരില്നിന്ന് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കേണ്ടതില്ല. കൊടിയ പീഡനങ്ങളും അവഹേളനങ്ങളും ഏറ്റുവാങ്ങിയവരാണ് ക്രൈസ്തവര്‍. അതില്‍ കമ്യൂണിസ്റ്റുകളുടെ സ്ഥാനം എവിടെയാണെന്ന് ചരിത്രം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
ക്രൈസ്തവര്‍ക്കുനേരെ നടത്തുന്ന ആക്ഷേപങ്ങള്‍ മറ്റേതെങ്കിലും സമുദായത്തെ പ്രീതിപ്പെടുത്തി വോട്ട്ബാങ്ക് ഉറപ്പിക്കാനാണോ എന്ന് സംശയിക്കണം. അണികളുടെ കൈയടി നേടാന്‍ വായില്‍ തോന്നുന്നത് വിളിച്ചുപറയുന്ന ചരിത്രമാണ് സജി ചെറിയാന്റേത്. ഇത്തരം വിടുവായത്തം തിരുത്താന്‍ ഉപദേശിക്കുന്നതിന് പകരം പിന്തുണ നല്കുന്ന സമീപനമാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.
നവകേരള സദസിന്റെ പ്രഭാതയോഗങ്ങളില്‍ ക്രൈസ്തവ സഭാ മേലധ്യക്ഷന്മാര് പങ്കെടുത്തിരുന്നു. മുഖ്യമന്ത്രി സംഘടിപ്പിക്കുന്ന യോഗങ്ങളില്‍ പങ്കെടുക്കുന്നത് ശരിയും പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കുന്നത് വിരുന്നുണ്ണലുമാണെന്ന് വ്യാഖ്യാനിക്കുന്നത് ഇരട്ടത്താപ്പാണ്, മുഖപ്രസംഗം ചോദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: