അഗത്തി: ലക്ഷദ്വീപിലെ 1150 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ടും ഉദ്ഘാടനം ചെയ്തും പ്രധാനമന്ത്രി നരേന്ദ്ര മോദി. അഗത്തിയിലായിരുന്നു പൊതുപരിപാടി.
ലക്ഷദ്വീപിന്റെ അനന്തസാധ്യതകള്‍ എടുത്തുപറഞ്ഞ മോദി, സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം ലക്ഷദ്വീപ് നേരിട്ട അവഗണന ചൂണ്ടിക്കാട്ടി. ഈ അവഗണന നീക്കി വികസനത്തിന്റെ പുതിയ പാതയിലേക്കാണ് ലക്ഷദ്വീപിനെ തന്റെ സര്‍ക്കാര്‍ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 10 വര്‍ഷത്തിനിടെ അഗത്തിയില്‍ നിരവധി വികസനപദ്ധതികള്‍ പൂര്‍ത്തിയാക്കി. ഇപ്പോള്‍ അഗത്തിയില്‍ വിമാനത്താവളവും ഐസ് പ്ലാന്റും ഉണ്ട്. ഇതിലൂടെ സമുദ്രോല്പന്ന കയറ്റുമതി, സമുദ്രോല്പന്ന സംസ്കരണം എന്നിവയുമായി ബന്ധപ്പെട്ട മേഖലക്കു പുതിയ സാധ്യതകള്‍ സൃഷ്ടിക്കപ്പെടുകയാണ്. ലക്ഷദ്വീപില്‍ നിന്നു ട്യൂണ മത്സ്യം കയറ്റുമതി ചെയ്യാന്‍ തുടങ്ങിയത് ഇവിടുത്തെ മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ധിപ്പിക്കും.
സൗരോര്‍ജ നിലയവും വ്യോമയാന ഇന്ധന ഡിപ്പോയും ഉദ്ഘാടനം ചെയ്തിട്ടുണ്ട്. അഗത്തി ദ്വീപിലെ എല്ലാ വീടുകളിലും പൈപ്പിലൂടെ കുടിവെള്ളം എത്തിക്കും. പാവപ്പെട്ടവര്‍ക്കു വീടുകള്‍, ശൗചാലയങ്ങള്‍, വൈദ്യുതി, പാചകവാതകം എന്നിവ ഉറപ്പാക്കും.
കടലിനടിയിലൂടെയുള്ള കൊച്ചി-ലക്ഷദ്വീപ് ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ഷന് പദ്ധതിക്ക് തുടക്കമിട്ടിരുന്നു. ലക്ഷദ്വീപിലെ ഇന്റര്‍നെറ്റിന്റെ വേഗതയില്ലായ്മ ഇല്ലാതാക്കുന്ന പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇത് ഇന്റര്‍നെറ്റ് വേഗത 100 മടങ്ങില്‍ കൂടുതല്‍ (1.7 ജിബിപിഎസില്‍ നിന്ന് 200 ജിബിപിഎസിലേക്ക്) വര്‍ധിപ്പിക്കും. സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇതാദ്യമായാണു ലക്ഷദ്വീപിനെ കടലിനടിയിലൂടെയുള്ള ഒപ്റ്റിക് ഫൈബര്‍ കേബിള്‍വഴി ബന്ധിപ്പിക്കുന്നത്.
കടല്‍ വെള്ളത്തില്‍നിന്ന് ഉപ്പു വേര്‍തിരിക്കുന്ന നിലയം കടമത്ത് ദ്വീപില്‍ പ്രധാനമന്ത്രി രാഷ്ട്രത്തിനു സമര്‍പ്പിക്കും. പ്രതിദിനം 1.5 ലക്ഷം ലിറ്റര്‍ ശുദ്ധ കുടിവെള്ളം ഉത്പാദിപ്പിക്കും. അഗത്തി, മിനിക്കോയ് ദ്വീപുകളിലെ എല്ലാ വീടുകളിലും പ്രവര്‍ത്തനക്ഷമമായ കുടിവെള്ള പൈപ്പ് കണക്ഷനുകളും പ്രധാനമന്ത്രി രാജ്യത്തിനു സമര്‍പ്പിക്കും.
കവരത്തിയിലെ സൗരോര്‍ജ നിലയം; കവരത്തിയിലെ ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയന് (ഐആര്‍ബിഎന്‍) കോംപ്ലക്സിലെ പുതിയ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, പുരുഷന്മാര്ക്കായി 80 ബാരക്കും രാജ്യത്തിനു സമര്‍പ്പിച്ചിരിക്കുന്ന മറ്റു പദ്ധതികളില്‍ ഉള്‍പ്പെടുന്നു. കല്പേനിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിനും ആന്ത്രോത്ത്, ചെത്ലത്ത്, കടമത്ത്, അഗത്തി, മിനിക്കോയ് എന്നീ അഞ്ചു ദ്വീപുകളില്‍ അഞ്ചു മാതൃകാ അങ്കണവാടികളുടെ നിര്‍മാണത്തിനും പ്രധാനമന്ത്രി തറക്കല്ലിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: