വാഷിങ്ടണ്‍: നിയമ പണ്ഡിതനും ഹിന്ദു സ്വയംസേവക സംഘം അമേരിക്ക സംഘചാലകുമായിരുന്ന പ്രൊഫ. വേദ് പ്രകാശ് നന്ദ(89) അന്തരിച്ചു. യുഎസിലെ ഡെന്വറിലായിരുന്നു അന്ത്യം.
1934-ല്‍ അവിഭക്ത ഭാരതത്തിലെ ഗുജ്റന്‍വാലയിലായിരുന്നു ജനനം. വിഭജന സമയത്ത് കുടുംബത്തോടൊപ്പം പഞ്ചാബിലേക്ക് കുടിയേറി. പഞ്ചാബ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ ഇക്കണോമിക്സ്, ദല്‍ഹി യൂണിവേഴ്സിറ്റിയില്‍ നിന്ന് നിയമബിരുദം, നോര്‍ത്ത് വെസ്റ്റേണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് എല്‍എല്‍എം, യുഎസിലെ യേല്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം എന്നിവ നേടി. വേള്‍ഡ് ജൂറിസ്റ്റ് അസോസിയേഷന്റെ ഓണററി പ്രസിഡന്റും അമേരിക്കന്‍ സൊസൈറ്റി ഓഫ് ഇന്റര്‍നാഷണല്‍ ലോയുടെ മുന്‍ ഓണററി വൈസ് പ്രസിഡന്റുമായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമന്‍ റൈറ്റ്സിന്റെ ഉപദേശക സമിതി അംഗമായിരുന്നു. ഇരുപത്തിനാലോളം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.
2018ല്‍ രാജ്യം അദ്ദേഹത്തെ പദ്മഭൂഷണ്‍ നല്കി ആദരിച്ചു. 2006ല്‍ ഡെന്‍വര്‍ സര്‍വകലാശാലയിലെ സ്റ്ററം കോളജ് ഓഫ് ലോ പൂര്‍വവിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം വേദ്നന്ദ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ ആന്‍ഡ് കംപാരറ്റീവ് ലോ സ്ഥാപിച്ചു. 2001 മുതല്‍ എച്ച്എസ്എസ് സംഘചാലകാണ്. അമേരിക്കയിലെ ഹിന്ദു സര്‍വകലാശാലയുടെ ബോര്‍ഡ് ചെയര്‍മാനായും കൊളറാഡോയിലെ ഹിന്ദു ക്ഷേത്രത്തിലെ ട്രസ്റ്റി ബോര്‍ഡിന്റെ ചെയര്‍മാനുമായിരുന്നു.
പ്രൊഫ. വേദ് പ്രകാശ് നന്ദയുടെ വിയോഗത്തില്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്, സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ എന്നിവര്‍ അനുശോചിച്ചു. ജീവിതത്തിലുടനീളം ധര്‍മ്മവും വിനയവും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു നന്ദ. അമേരിക്കയിലെ ഹിന്ദു സ്വയംസേവക സംഘത്തിന്റെ സംഘചാലക് എന്ന നിലയില്‍ അദ്ദേഹം നല്കിയ സംഭാവനകള്‍ എന്നും ആദരവോടെ ഓര്‍ക്കും, അനുശോചന സന്ദേശത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: