അരൂപിയായ ഭഗവാന്‍ ധ്യാനത്തിനും ഭക്തിക്കുമൊന്നും വിഷയമാവുകയില്ലല്ലോ. സഗുണനും സരൂപനുമായി മാത്രമേ ഈശ്വരനെ ഉപാസിക്കുക സാദ്ധ്യമാകയുള്ളൂ. ഉപാസ്യനായ ഇഷ്ടദേവനെ വിഗ്രഹങ്ങളില്‍ ആരോപിച്ച് ആരാധിക്കുകയാണ് ഹിന്ദുക്കള്‍ സാധാരണയായി ചെയ്തുവരുന്നത്. നമ്മുടെ ഗൃഹങ്ങളില്‍ പരേതരായ മാതാപിതാക്കളെ സ്മരിക്കാന്‍ വേണ്ടി അവരുടെ ചിത്രങ്ങള്‍ വയ്‌ക്കാറുണ്ടല്ലോ. പ്രതീകോപാസനയുടേയും തത്ത്വം അതു തന്നെയാണ്.
ക്ഷേത്രങ്ങളിലെ ദേവപ്രതിഷ്ഠകളില്‍ കഴിവുള്ളത്ര ചൈതന്യം വരുത്താന്‍ വേണ്ടി സര്‍വ്വപ്രപഞ്ചത്തിലും നിറഞ്ഞുനില്ക്കുന്ന സ്വന്തം ആത്മചൈതന്യത്തെ തന്നെ പൂജകന്‍ വിഗ്രഹങ്ങളിലേക്ക് ആവാഹിക്കുകയാണ് ചെയ്യുന്നത്. പ്രതീകത്വേന തന്നെത്തന്നെ പ്രതിഫലിപ്പിക്കുന്ന കണ്ണാടി ബിംബം പ്രതിഷ്ഠിക്കുന്നതിന്റേയും പൊരുള്‍ ഇതുതന്നെ. അദൈ്വതഭാവനയും ഏകദൈവ വിശ്വാസവും ഇങ്ങനെ പരിരക്ഷിക്കപ്പെടുന്നു. വിഗ്രഹങ്ങളും ചിത്രങ്ങളും മാത്രമല്ല, അവര്‍ സന്നിധാനം ചെയ്യുന്നു എന്നു കരുതപ്പെടുന്ന ക്ഷേത്രങ്ങള്‍ പോലും പ്രതീകങ്ങളത്രേ. തന്നെയല്ല നിരാകാരതയും നിര്‍ഗ്ഗുണത്വവും സൂചിപ്പിക്കുന്നതിന് അരൂപമായ ‘ഓം’കാരവും സാളഗ്രാമ ശിവലിംഗാദികളും കത്തുന്ന ദിപവും എല്ലാം ഹിന്ദുക്കള്‍ പ്രതീകോ പാസനയ്‌ക്ക് ഉപയോഗിക്കുന്നു. വൈദികോപാസനാപദ്ധതിയായ ഹോമങ്ങളും ഇത്തരത്തില്‍പ്പെട്ടവയാണ്. (വിഗ്രഹാരാധനയെപ്പറ്റി ഭഗവാന്‍ ഭാഗവതം 11ാം സ്‌കന്ധത്തിലെ 27ാം അദ്ധ്യായത്തില്‍ ഉദ്ധവന് ഉപദേശിച്ചിരിക്കുന്നതു കാണുക.)
ഇന്നിപ്പോള്‍ ഹിന്ദുക്കളുടെ ഈശ്വരാരാധനാ സമ്പ്രദായത്തിന്റെ കേന്ദ്രീയ ധൂരിയാണ് വിഗ്രഹാരാധന.എല്ലാവിധത്തിലും നിര്‍ഗ്ഗുണനും നിരാകാരനുമായ പരമാത്മാവിനെ സഗുണനും സരൂപനുമായി സങ്കല്പ്പിച്ചും അവതാരമൂര്‍ത്തിയായും പ്രത്യക്ഷ ദൈവതമായും എല്ലാവിധത്തിലുമുള്ള ഭക്തിസാധനകള്‍ക്കും പര്യാപ്തമായ രീതിയില്‍ സയുക്തികവും മനോജ്ഞവുമായ ഹൈന്ദവ സങ്കല്പ്പനമാണ് വിഗ്രഹോപാസന, മൂര്‍ത്തിപൂജ, ക്ഷേത്രാരാധന എന്നെല്ലാം വ്യവഹരിക്കപ്പെടുന്നത്. മാത്രമല്ല, ആത്മചൈതന്യത്തിന്റെ ആവാഹനാപൂര്‍വ്വകമായ പ്രാണപ്രതിഷ്ഠകൊണ്ടും പഞ്ച ഭൂതാത്മകമായി സങ്കല്പിച്ചുള്ള മാനസപൂജയാലും അമൃതോപസ്തരണപൂര്‍വ്വകമായി സങ്കല്പ്പിച്ചുള്ള നിവേദ്യസമര്‍പ്പണം കൊണ്ടും ബ്രഹ്മാര്‍പ്പണംകൊണ്ടും പലപ്പോഴും നടത്തപ്പെടുന്ന പുരുഷസൂക്തം ജപിച്ചുള്ള കലശാഭിഷേകങ്ങളാലും ചൈതന്യധന്യമാക്കിയ വിഗ്രഹസപര്യ അദൈ്വത സിദ്ധാന്തത്തിനും ഏകദൈവ വിശ്വാസത്തിനും തീര്‍ത്തും അനുഗുണമായിരിക്കുന്നു.
വ്രതാദികളിലും തീര്‍ത്ഥങ്ങളിലും പ്രകൃത്യുപാസനയിലും വിശ്വാസം
ഈശ്വര പ്രസാദത്തിനും സത്സംഗത്തിനും സ്വന്തം ജീവിതത്തില്‍ കൂടുതല്‍ കൂടുതല്‍ മനുഷ്യത്വവും സാത്ത്വികതയും വരുത്തുന്നതിനും കാമക്രോധാദികളെ ഒഴിവാക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ട് ഹിന്ദുധര്‍മ്മത്തില്‍ അനേകം അനുഷ്ഠാനങ്ങള്‍ ആചരിക്കുന്ന പതിവുണ്ട്. തീര്‍ത്ഥസ്ഥാനങ്ങളില്‍ പോയി സ്‌നാനാദികള്‍ നടത്തുന്നതിന്റെ ഉദ്ദേശ്യവും ഇതൊക്കെത്തന്നെയാണ്. വിവിധ മൂര്‍ത്തികളുമായി ബന്ധപ്പെടുത്തിയും ഇവയ്‌ക്ക് പ്രാധാന്യം കല്പിക്കപ്പെടുന്നു. ഹരിദ്വാരം, കാശി, രാമേശ്വരം, നൈമിഷാരണ്യം, പ്രയാഗ, ഗയ, ബദരീനാഥം, കേദാരനാഥം, ഗംഗോത്രി, യമുനോത്രി, ഹിമാലയം, പമ്പാ, പ്രഭാസം, മധുര, ദ്വാരക, കൈലാസം, കന്യാകുമാരി തുടങ്ങിയവ ഹിന്ദുക്കള്‍ക്ക് പുണ്യതീര്‍ത്ഥങ്ങളാണ്. നിത്യ പ്രവാഹിനികളായ ഗംഗാ, യമുനാ, നര്‍മ്മദാ, കൃഷ്ണാ, ഗോദാവരി, കാവേരി തുടങ്ങിയ നദികള്‍ ഹിന്ദുക്കള്‍ക്കു പുണ്യനദികളും ആകുന്നു.
സര്‍വ്വംസഹയായ ഭൂമാതാവിന്റെ പ്രതിരൂപമെന്ന നിലയില്‍ ഗോമാതാവായി പശുവിനെയും ധര്‍മ്മത്തിന്റെ പ്രതിരൂപമെന്ന നിലയില്‍ കൃതയുഗത്തില്‍ ധര്‍മ്മസ്വരൂപനായ വിഷ്ണുഭഗവാന്‍ വൃഷരൂപം ധരിച്ചിരുന്നതായി പറയപ്പെട്ടിരിക്കകൊണ്ടും (ധര്‍മ്മോ ള ഹംവ്യഷരൂപധൃക് (ഭാഗവത. ) മഹേശ്വരന്റെ വാഹനമായ നന്ദികേശന്‍ എന്ന സങ്കല്പത്തിലും വൃഷഭങ്ങളെയും ഗണപതിയുടെ പ്രതിരൂപങ്ങളെന്ന നിലയില്‍ ഗജവീരന്മാരെയും ഹിന്ദുക്കള്‍ ആരാധ്യമായി കരുതുന്നു. കൂടാതെ അനാദിയായ ജീവിതത്തിന്റെ പ്രതീകമെന്ന നിലയില്‍ മാത്രമല്ല ജീവികള്‍ക്ക് തണലും കാറ്റും നല്കിയും പക്ഷികള്‍ക്ക് ആഹാരവും ഇരിപ്പിടവും കിടപ്പാടവും നല്കിയും ലോകോപകാരം നിര്‍വഹിച്ചുക്കൊണ്ടിരിക്കുന്ന അശ്വതാദി വൃക്ഷങ്ങളും ഔഷധഗുണങ്ങള്‍ കൊണ്ടും പുരാണകഥകളില്‍ ലക്ഷീദേവിയുടെ അവതാരമെന്നനിലയില്‍ വര്‍ണ്ണിക്കപ്പെട്ടിട്ടുള്ളതു കൊണ്ടും ആദരിക്കപ്പെടുന്ന തുളസി തുടങ്ങിയ ചെടികളും ഹിന്ദുക്കള്‍ക്ക് വന്ദനീയമാണ്. എല്ലാ സചേതനവസ്തുക്കളിലുകളും ആത്മാവ് അഥവാ ഈശ്വരന്‍ കുടികൊള്ളുന്നു എന്ന വൈദികമായ സര്‍വ്വാത്മവാദത്തിന്റെ കാഴ്ചപ്പാടില്‍ പ്രകൃതി പൂജകളെല്ലാം സാര്‍ത്ഥകമാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: