തിരുവനന്തപുരം: പുതുവര്‍ഷദിനത്തില്‍ രാവിലെ 9.10ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പെയ്സ് സെന്ററില്‍ നിന്ന് പിഎസ്എല്‍വി സി 58 റോക്കറ്റ് ബഹിരാകാശത്തേക്ക് കുതിച്ചുയര്‍ന്നപ്പോള്‍ തലസ്ഥാനത്തെ ഒരുകൂട്ടം വനിതകളുടെ ആത്മാഭിമാനവും കുതിച്ചുയരുകയായിരുന്നു. ആദ്യമായി ഭാരതത്തില്‍ വനിതകളുടെ കൂട്ടായ്മ നിര്‍മ്മിച്ച കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമായ വിമന്‍ എന്‍ജിനീയേഡ് സാറ്റലൈറ്റ് -വിസാറ്റ് ഭ്രമണപഥത്തിലെത്തി. തിരുവനന്തപുരം പൂജപ്പുരയിലെ എല്‍ബിഎസ് വനിതാ എന്‍ജിനീയറിങ് കോളജിലെ സ്പേസ് ക്ലബ്ബ് ആണ് വിസാറ്റ് വികസിപ്പിച്ചെടുത്തത്. വിസാറ്റില്‍ നിന്നുള്ള ആദ്യചിത്രവും എല്‍ബിഎസിലെ ഗ്രൗണ്ട് സ്റ്റേഷനിലെത്തി.
പൂര്‍ണമായും വിദ്യാര്‍ഥികള്‍ മാത്രം ചേര്‍ന്നു നിര്‍മിച്ച കേരളത്തിലെ ആദ്യത്തെ ഉപഗ്രഹമാണ് വി സാറ്റ്. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനത്തില്‍ അള്‍ട്രാ വയലറ്റ് വികിരണങ്ങളുടെ തോത് അളക്കാനുള്ള ഉപകരമണാണിത്. ആറുമാസം വിസാറ്റ് ബഹിരാകാശത്ത് തുടരും. വിഎസ്എസ്സിയിലായിരുന്നു നിര്‍മ്മാണം ഭൗമോപരിതലത്തില്‍ നിന്ന് 350 കിലോമീറ്റര്‍ ഉയരെ അള്‍ട്രാവയലറ്റ് രശ്മികളുടെ സാന്ദ്രത കണ്ടെത്തുകയാണ് ഉപഗ്രഹത്തിന്റെ ലക്ഷ്യം. ഓസോണ്‍ പാളികളില്‍ തട്ടി എത്ര അള്‍ട്രാവയലറ്റ് രശ്മികള്‍ ബഹിരാകാശത്തേക്ക് തിരിച്ച് പോകുന്നുണ്ടെന്നും കണ്ടെത്തും. കാലാവസ്ഥാവ്യതിയാനം സംബന്ധിച്ച ഗവേഷണങ്ങള്‍ക്ക് ഇത് സഹായിക്കും. ശേഖരിക്കുന്ന വിവരങ്ങള്‍ വിഎസ്എസ്സിയില് ലഭിക്കും. കൂടാതെ ഉപഗ്രഹത്തില്‍ നിന്നുള്ള വിവരങ്ങള്‍കോളജ് ക്യാമ്പസില്‍ തന്നെ സ്ഥാപിച്ചിട്ടുള്ള ഗ്രൗണ്ട് സ്റ്റേഷനിലും ലഭ്യമാകും.
2018 ലാണ് എല്‍ബിഎസ് കോളജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.ലിസി ഏബ്രഹാമിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ വി സാറ്റിനായുള്ള പ്രവര്‍ത്തനമാരംഭിച്ചത്. 2018-19ല്‍ പഠിച്ചിറങ്ങിയവരും ഇപ്പേള്‍ പഠിക്കുന്നവരുമായ ഇലക്ട്രോണിക്സ്, കംപ്യൂട്ടര്‍ സയന്‍സ് വിഭാഗങ്ങളിലെ നൂറ്റി അന്‍പതോളം വിദ്യാര്‍ത്ഥികളുടെ അഞ്ചു വര്‍ഷത്തെ കഠിനാദ്ധ്വാനത്തിന്റെ ഫലമാണ് വിജയത്തിലെത്തിയത്. ഐഎസ്ആര്‍ഒ ചെയര്മാന് ഡോ.എസ്. സോമനാഥും ലിസി എബ്രഹാമും വിദ്യാര്‍ത്ഥികളും ചരിത്ര മുഹൂര്‍ത്തത്തിന് സാക്ഷിയായി.
കൊവിഡ് കാലത്താണ് ഉപഗ്രഹം നിര്‍മിക്കുന്നതിനുള്ള താല്പര്യം അറിയിച്ച് ഐഎസ്ആര്‍ഒയ്ക്ക് കത്തയച്ചത്. അനുവാദം ലഭിച്ച് അഞ്ച് വര്‍ഷം കൊണ്ട് വിക്രം സാരാഭായ് സ്പേസ് സെന്ററിന്റെ (വിഎസ്എസ്സി) കൂടി സഹകരണത്തോടെയാണ് ഉപഗ്രഹം നിര്‍മിച്ചത്. ഉപഗ്രഹത്തിന് ഒന്നര കിലോഗ്രാം തുക്കമുണ്ട്. നമ്മുടെ സംസ്ഥാനത്ത് ഇത്തരത്തില്‍ നടക്കുന്ന ആദ്യത്തെ പഠനമാണിതെന്ന് ഡോ.ലിസി ഏബ്രഹാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: